09/11/2018
ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെയേറെ സങ്കടം നിറഞ്ഞ ഒരാഴ്ചയാണ് കഴിഞ്ഞ് പോയത്. നമുക്ക് ഏവർക്കും സുപരിചിതനായ ബിജുവിന്റെ ദാരുണമായ അന്ത്യം നമ്മെ വല്ലാതെ അലട്ടിയിരിക്കുന്നു. കൈനാട്ടി- നാദാപുരം റോഡ് നിർമ്മാണത്തിനിടെ ഓർക്കാട്ടേരിയിൽ വെച്ചാണ് ഊരാളുങ്കൽ സൊസൈറ്റിയിലെ അംഗമായ ബിജു മണ്ണിടിഞ്ഞ് മരണപ്പെടുകയുണ്ടായത്.മുണ്ടിയോട് എൻ.കെ.സി.വായനശാലയുടെ എക്സിക്യുട്ടീവ് മെമ്പറായ ബിജു നല്ലൊരു സജീവ പ്രവർത്തകനായിരുന്നു. ഏതൊരു പരിപാടി വായനശാല നടത്താൻ തീരുമാനിച്ചാലും അതിന് വേണ്ടി തന്റെതായ സാനിധ്യം കൊണ്ട് എന്നും മുന്നിൽ തന്നെ ബിജു ഉണ്ടാകുമായിരുന്നു. വായനശാല പരിസരത്തുള്ളവർക്ക് നിശ്ചയം, മരണം തുടങ്ങിയ ചെറിയ പരിപാടികൾക്ക് വായനശാല യുടെ നിയന്ത്രണത്തിൽ കസേര ,മേശ, താർ പായ, സ്ട്രെച്ചർ തുടങ്ങിയ സാധനങ്ങൾ നല്കാനുള്ള പദ്ധതികൾ നടപ്പിലാക്കാൻ ശ്രമിക്കണം എന്നത് ബിജുവിന്റെ വലിയൊരു ആഗ്രഹമായിരുന്നു. ഈയൊരു ആഗ്രഹം സഫലമാക്കുന്നതിന് വേണ്ടി വായനശാല കമ്മിറ്റി മെമ്പർമാർ തന്നെ പൈസ എടുത്ത് വാങ്ങുവാൻ തീരുമാനിക്കുകയും അടുത്ത മാസം തന്നെ യാഥാർത്ഥ്യമാക്കുകയും ചെയ്യും. വായനശാല ഇപ്പോൾ രണ്ട് മുറികളു ള്ള ഒറ്റനിലയിലാണ് പ്രവർത്തിക്കുന്നത്. മുകളിലത്തെ നിലയിൽ ബിജുവിന്റെ പേരിൽ ഒരു ഹാൾ തുടങ്ങാനും കമ്മിറ്റി ആലോചിച്ചു വരികയാണ്.