16/10/2025
ആദ്യം അവർ പറഞ്ഞത് ഷാഫിയെ പൊലീസ് തല്ലിയിട്ടില്ല എന്നാണ്, സൈബർ സഖാക്കൾ മുതൽ ജില്ലാ സംസ്ഥാന കമ്മിറ്റി നേതാക്കൾ വരെ അത് ഏറ്റുപാടി. ഷാഫിയെ പോലീസ് അടിക്കുന്ന വിഡിയോ പുറത്തുവന്നപ്പോൾ ആ പറഞ്ഞത് വിഴുങ്ങി.
തല്ലിയിട്ടുണ്ടാവാം പരിക്കൊന്നും പറ്റിയിട്ടില്ല എന്നായി വാദം. അതിനവർ പരിചയ സമ്പന്നരായ സർജന്മാരെക്കാൾ വലിയ സർജന്മാരായി. അത് ജനങ്ങൾ പുച്ചിച്ചു തള്ളി.
റൂറൽ എസ് പി കെ ഇ ബൈജുവിന് തന്നെ വീഴ്ച തുറന്ന് സമ്മതിക്കേണ്ടി വന്നപ്പോൾ പിന്നെ അവർ അടുത്ത തിരക്കഥയുമായി ഇറങ്ങി, യു ഡി എഫ് സ്ഫോടകവസ്തു പ്രയോഗിച്ചു പോലും.
കേസിന് ബലം കിട്ടാൻ സംഭവം നടന്ന് മൂന്നാം ദിവസം പേരാമ്പ്ര ടൗണിൽ പരിശോധന നാടകം, അതിനിടയിൽ കോരിച്ചൊരിയുന്ന മഴ പെയ്യുകയും ആയിരക്കണക്കിന് ആളുകൾ വന്നു പോവുകയും ചെയ്ത ടൗണാണ് എന്നോർക്കണം.
പൊലീസിന് അങ്ങനെ ഒരു ആരോപണം ഉണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് സംഭവം നടന്ന് പിറ്റേ ദിവസം രാവിലെ ടൗണിൽ പരിശോധന നടത്തിയില്ല?
സി പി എം തയ്യാറാക്കി നൽകിയ ലിസ്റ്റ് പ്രകാരം പാതിരാത്രി യു ഡി എഫ് പ്രവർത്തകരുടെ വീടുകൾ വളഞ്ഞു പലരെയും അറസ്റ്റ് ചെയ്തു, അതിൽ രണ്ട് പേർ ഈ വിഷയങ്ങൾ നടക്കുമ്പോൾ പേരാമ്പ്രയിലോ പരിസര പ്രദേശങ്ങളിലോ പോലും ഇല്ലാതിരുന്നവർ, അമളി മനസ്സിലാക്കിയ പൊലീസിന് അവരെ വെറുതെ വിടേണ്ടി വന്നു.
ഇന്നിതാ സി പി എം പ്രവർത്തകർക്ക് സംരക്ഷണമൊരുക്കി പോലീസ് നിന്ന സ്ഥലത്ത് നിന്നും സ്ഫോടക വസ്തുക്കൾ എറിയുന്ന ദൃശ്യങ്ങൾ യു ഡി എഫ് പുറത്ത് വിട്ടിരിക്കുന്നു. അതിനിടയിൽ ഒരു പോലീസുകാരൻ മറ്റൊരു പോലീസുകാരനോട് പറയുന്നു എതിർവശത്ത് എം പി ഉണ്ടെന്ന്. അത് വിഡിയോയിൽ കൃത്യമായി കേൾക്കാവുന്നതാണ്.
ആ കഥയും പൊളിഞ്ഞ സ്ഥിതിക്ക് അടുത്ത തിരക്കഥയുമായി നിങ്ങൾ ഉടനെ വരുമെന്നറിയാം.
ഞങ്ങൾ ഇവിടെ തന്നെയുണ്ട്, നിങ്ങളുടെ ഓരോ കള്ളക്കഥകളും പൊളിച്ചു ജനങ്ങൾക്ക് മുൻപിൽ നിങ്ങളുടെ തൊലിയുരിഞ്ഞു നിർത്താൻ.
അതുവരെ ഈ പോരാട്ടം തുടരും.
ടി ടി ഇസ്മായിൽ