17/04/2021
✍️രാഹുൽ മാങ്കൂട്ടത്തിൽ
ഇന്നലെ വൈകുന്നേരം ഫേസ് ബുക്ക് മുഴുവൻ ഒറ്റ മുഖമെ ഉണ്ടായിരുന്നൊള്ളു, മുടി സ്വയം ഒഴിഞ്ഞ് കഷണ്ടിക്ക് വഴി മാറി കൊടുത്ത വട്ട മുഖവും, കട്ടിയുള്ള കണ്ണടയും വെച്ച ആ ചെറുപ്പക്കാരൻ്റെ മുഖം ..
കെ.എം ഷാജി ആ പേര് ആദ്യമായി മനസിൽ തറയുന്നത് പത്രങ്ങളിൽ കൂടിയാണ്. അയാൾ ഒരു നല്ല കലാകാരനാണ്, കലാകാരൻ എന്ന് പറഞ്ഞാൽ വ്യവസ്ഥയ്ക്കെതിരെ നിരന്തരം കലഹിക്കുന്നവരെല്ലാം കലാകാരന്മാരാണല്ലോ! അയാൾ ലീഗിനകത്തും പുറത്തും കലഹിച്ചും, ഹൃദയം കൊണ്ട് രാഷ്ട്രീയം സംസാരിച്ചും മനസ്സുകൾ കീഴടക്കിയവനാണ്.
വയനാട്ടിൽ നിന്നും ചുരമിറങ്ങി വന്ന് ലീഗിൻ്റെ രാഷ്ട്രീയത്തിൻ്റെ ഭാഗമായവൻ. പ്രസ്ഥാനമെന്ന നിലയിൽ ലീഗിന് സ്വാധീനമില്ലാത്ത മേഖലകളിൽ പോലും അയാൾക്ക് വലിയ സ്വീകാര്യതയാണ്. ഇന്നലെ തന്നെ അയാൾക്ക് കിട്ടിയ പിന്തുണ നോക്കു. ലീഗിന് വേണ്ടത്ര സ്വാധീനമില്ലാത്ത തെക്കൻ ജില്ലകളിൽ പോലും അയാൾ തരംഗമാണ്.
ജലീലിനെ പോലെ ലീഗ് ഏറെ പണിപ്പെട്ട് ഉയർത്തി കൊണ്ട് വന്ന യുവ നേതാക്കളുടെ കൊഴിഞ്ഞു പോക്കിൻ്റെ കാലത്താണ് ഷാജി യൂത്ത് ലീഗിൻ്റെ സാരഥ്യത്തിലേക്ക് വരുന്നത്. അയാൾ പിന്നെ ലീഗ് അണികളുടെ ചോരയെ കത്തിച്ചു നിർത്തുന്ന ഒരു ഉത്തേജക മരുന്നായി. അയാളുടെ നാവു തീ തുപ്പി, വാക്കുകൾ പല ദന്തഗോപുരങ്ങളെയും തകർത്തെറിഞ്ഞു ...
ഷാജി പ്രസംഗിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? അതൊരു കലയാണ്. പോപ്പുലർ സ്പീച്ച് എന്ന ക്ലാസ്സിൽ ഉൾപ്പെടുത്താവുന്ന ശൈലി. രണ്ട് കൈകൾ അന്തരീക്ഷത്തിലേക്ക് പല കുറി വീശിയെറിഞ്ഞ്, ഷർട്ടിൻ്റെ മുകളിലെ കുടുക്കഴിച്ച് കോളർ കൊണ്ട് പുറകോട്ട് വലിച്ചിട്ട്, ഇടയ്ക്കിടയ്ക്ക് കണ്ണട നേരെ വെച്ച്, തലയിൽ നിന്നുൾപ്പെടെ ഒലിച്ചിറങ്ങുന്ന വിയർപ്പ് ഒരു തുണി കൊണ്ട് ഒപ്പി, അയാൾ പറയും "പെൺ റായി വിജയാ പേടിപ്പ് ക്കല്ലെ, ഇയാൾ ആരാണ്"
ലീഗ് ഷാജിയെ മത്സരിപ്പിച്ചതൊന്നും കോണി കണ്ടാൽ വോട്ട് കുത്തുന്നടത്തല്ല. ലീഗിനു തന്നെയറിയാം, ഷാജിക്ക് ജയിക്കാൻ സേഫ് സീറ്റ് വേണ്ടായെന്ന്. ആദ്യ അങ്കത്തിനിറക്കി വിട്ടത് ലീഗിന് കാര്യമായി ഒന്നും ചെയ്യാനില്ലാത്ത, CPIM ൻ്റെയും RSP യുടെയും കോട്ടയിലാണ്, അതും സാക്ഷാൽ അസീസിനെ തളയ്ക്കാൻ. ഈസി വാക്കോവർ പ്രതീക്ഷിച്ച മണ്ഡലത്തിൽ ഷാജി പക്ഷേ അസീസിനെ നന്നായി വെള്ളം കുടിപ്പിച്ചു.
പിന്നെ പറഞ്ഞ് വിട്ടത് ലീഗ് വിരുദ്ധത പ്രത്യയശാസ്ത്രമായി കാണുന്ന കണ്ണൂരിലെ അഴീക്കോടാണ്. അവിടെ ആദ്യ അങ്കത്തിൽ വിജയിച്ചപ്പോൾ, രണ്ടാം അങ്കത്തിൽ റിപ്പോർട്ടർ ചാനലിൻ്റെ സംവിധാനങ്ങളും, രാഘവൻ്റെ ലെഗസിയും, നികേഷിൻ്റെ സെലിബ്രിറ്റി സ്റ്റാറ്റസും എല്ലാം ഉപയോഗിക്കുമ്പോഴും പിണറായിക്ക് നിർബന്ധമുണ്ടായിരുന്നു, താനുള്ള നിയമസഭയിൽ ഷാജി ഉണ്ടാകരുതെന്ന്. അവിടെ നികേഷ് അല്ല വിജയൻ തന്നെയാണ് മത്സരിച്ചത്. വിജയനെ പോലെ ഒരു ഏകാധിപതിക്ക്, തൻ്റെ മുഖത്തേക്ക് വിരൽ ചൂണ്ടി "താൻ ആരാടോ പെണ്റായി " എന്ന് ചോദിക്കുന്ന ഒരാളെ സങ്കല്പ്പിക്കാനുള്ള സഹിഷ്ണുത പോലുമില്ല... പിണറായി ഇന്നലെ പോലും, പത്രക്കാർ ചോദിക്കാതെ തന്നെ ഷാജിയുടെ fb പോസ്റ്റ് വായിച്ചിട്ടുണ്ടെങ്കിൽ, അയാൾക്കറിയാം ദുരിതാശ്വാസ നിധിയിൽ ഷാജി കൈ വെച്ചാൽ തനിക്കത് ക്ഷീണമാണെന്ന്.
സ്വന്തം മതത്തിനെതിരെ പറഞ്ഞും മറ്റ് മതങ്ങളെ ചേർത്തു പിടിച്ചും "മതേതര പട്ടം" നേടുന്ന കാലത്തും ഷാജി കലർപ്പില്ലാത്ത മതേതരവാദിയാണ്. അയാൾ ഒരേ നാവുകൊണ്ട് തന്നെ RSS നെയും SDPl യെയും എതിർക്കും. എനിക്ക് ഒരു തീവ്രവാദ സംഘടനയുടെയും വോട്ട് വേണ്ടായെന്ന് ഒരു തെരഞ്ഞെടുപ്പ് വേദിയിൽ നിന്ന് പറയാൻ ധൈര്യമുള്ള ഒരുത്തൻ....
ഷാജി ഒരു ഒറ്റയാനാണ്... വാരിക്കുഴികൾ പലത് ഒരുക്കിയാലും അതിൽ വീഴാതെ, തലയെടുപ്പോടെ എതിരാളിയുടെ നെഞ്ചിൽ ഭയം കോരിയിട്ട് പോകുന്ന ഒരു ഒറ്റയാൻ.... ലീഗെ, ചേർത്തു പിടിച്ചോള്ളു ഇയാൾ, ഇയാളാണ് നിങ്ങളുടെയും നമ്മുടെയും ഭാവി...
✒️Rahul mankootathil