CPIM എഴുപുന്ന ലോക്കൽ കമ്മിറ്റി

  • Home
  • India
  • Aroor
  • CPIM എഴുപുന്ന ലോക്കൽ കമ്മിറ്റി

CPIM എഴുപുന്ന ലോക്കൽ കമ്മിറ്റി സിപിഐഎം എഴുപുന്ന ലോക്കൽ കമ്മിറ്റി ന്യൂ മീഡിയ

30/09/2025
15/09/2025

സെപ്തംബർ 15-ന്‌ സിപിഐ എം കേരളത്തിൽ സാമ്രാജ്യത്വവിരുദ്ധ ദിനമായി ആചരിക്കുകയാണ്. മലയാളികളേറെ തിങ്ങിപ്പാർക്കുന്ന ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിന്റെ പ്രതിഷേധംകൂടിയാണിത്. ഖത്തർപോലുള്ള അറബ് രാഷ്ട്രങ്ങളിൽ ഉണ്ടാകുന്ന യുദ്ധവും കടന്നാക്രമണവും മലയാളിയുടെ നെഞ്ച് പിളർത്തുന്നതാണ്. കേരളത്തിലെ എല്ലാ വിഭാഗമാളുകളും ആശ്രയിക്കുന്നതാണ്‌ അറബ് രാഷ്ട്രങ്ങൾ. അറേബ്യൻ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതിന് മലയാളികൾ നൽകിയ സംഭാവനയും ചെറുതല്ല. ഈ പരസ്പരബന്ധം നൂറ്റാണ്ടുകൾക്കപ്പുറം നിലനിന്ന ഒന്നുമാണ്. രാജ്യത്തിന്‌ ഏറെ വിദേശനാണ്യം മുതൽമുടക്കില്ലാതെ ലഭ്യമാകുന്നതിൽ അറബ് രാഷ്ട്രങ്ങളിലെ ഇന്ത്യക്കാരുടെ സാന്നിധ്യം പ്രധാനപ്പെട്ട ഘടകമാണ്. ഇത്തരമൊരു മേഖലയിലാണ് ബോംബാക്രമണവുമായി അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ ഇറങ്ങിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ നമ്മുടെ സഹോദരരാജ്യത്ത് നടന്ന ആക്രമണത്തിനെതിരെ പ്രതിഷേധിക്കുകയെന്നത് കേരളീയന്റെ ഉത്തരവാദിത്വമാണെന്ന തിരിച്ചറിവിലാണ് ഇത്തരമൊരു പരിപാടി പാർടി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്നത്.

​കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിനും യുദ്ധവിരുദ്ധ പ്രതിഷേധത്തിനും സെപ്തംബർ 15ന്‌ സുപ്രധാനമായ സ്ഥാനമുണ്ട്. രണ്ടാംലോക യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സാർവദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനവും ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനവും യുദ്ധവിരുദ്ധമുദ്രാവാക്യം മുന്നോട്ടുവച്ചു. ദേശീയപ്രസ്ഥാനത്തിലെ വലതുപക്ഷം ഇതുമായി വേണ്ടരീതിയിൽ സഹകരിക്കാൻ തയ്യാറായില്ല. എന്നാൽ, കേരളത്തിലെ സ്ഥിതി വ്യത്യസ്തമായിരുന്നു. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയുടെ നേതൃത്വത്തിലുള്ള കെപിസിസി 1940 സെപ്തംബർ 15-ന്‌ സാമ്രാജ്യത്വവിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനിച്ചു. വലതുപക്ഷ കോൺഗ്രസുകാർ അക്കാലത്ത് ഈ ദിനാചരണത്തിൽനിന്ന്‌ മാറിനിന്നെങ്കിലും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയും കമ്യൂണിസ്റ്റ് പാർടിയും ചേർന്ന് ഇത് വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുഴുകി.

നിരോധനാജ്ഞ ലംഘിച്ച്‌ പ്രകടനങ്ങൾ സംഘടിപ്പിച്ചു. ഈ പ്രകടനങ്ങളെ പൊലീസ് ലാത്തിയും വെടിയുണ്ടയുംകൊണ്ട്‌ നേരിട്ടു. തലശേരിയിൽ ഗ്രേറ്റ് ബീഡി കമ്പനിത്തൊഴിലാളിയായിരുന്ന ചാത്തുക്കുട്ടിയും അധ്യാപകനായ അബു മാസ്റ്ററും രക്തസാക്ഷികളായി. മൊറാഴയിലെ സംഘർഷത്തിനിടയിൽ പൊലീസ് ഇൻസ്പെക്ടർ കൊല്ലപ്പെട്ടു. മട്ടന്നൂരിൽ മൃഗീയമായ ലാത്തിച്ചാർജ് നടന്നു. ഈ പോരാട്ടത്തിലൂടെ കമ്യൂണിസ്റ്റ് പാർടി കേരളത്തിൽ പിറന്നതായുള്ള സന്ദേശവും ജനങ്ങളിലെത്തി.

​സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ ഇ‍ൗ പാരന്പര്യത്തെ ഇന്നും മുന്നോട്ടുകൊണ്ടുപോകുന്നത് കമ്യൂണിസ്റ്റുകാരാണ്. സാമ്രാജ്യത്വ അനുകൂല സാമ്പത്തികനയത്തെയും വിദേശനയത്തെയും രാഷ്ട്രീയസമീപനത്തെയുമെല്ലാം എതിർക്കുന്നത് ഇടതുപക്ഷമാണ്. അതിന്റെ തുടർച്ചയായാണ് സാമ്രാജ്യത്വവിരുദ്ധ ദിനം പാർടിയുടെ നേതൃത്വത്തിൽ നടത്തുന്നത്.

​വെനസ്വേലയിലെ മഡുറോ സർക്കാരിനെ തകർക്കാൻ അമേരിക്ക ഏതാനും വർഷങ്ങളായി കൊണ്ടുപിടിച്ച ശ്രമംതന്നെ നടത്തുകയാണ്‌. ലോകത്തെമ്പാടും അധികാരം സ്ഥാപിക്കുകയെന്ന അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ താൽപ്പര്യമാണ് പശ്ചിമേഷ്യയിലെ മനുഷ്യക്കുരുതിക്ക്‌ അടിസ്ഥാനം. അമേരിക്കൻ സമ്പദ്ഘടനയുടെ പ്രധാന ഭാഗമായ ആയുധവ്യാപാരത്തെ ശക്തിപ്പെടുത്താനും മൂന്നാംലോക രാജ്യങ്ങളുടെ കമ്പോളവും അസംസ്കൃതവസ്തുക്കളും പിടിച്ചെടുക്കുന്നതിനുമുള്ള ഇടപെടലാണ് ഇതിന്റെ പിന്നിലുള്ളത്. ഇതിനായി ഇസ്രയേലിനെ ഉപയോഗപ്പെടുത്തുകകൂടിയാണ് അമേരിക്ക ചെയ്യുന്നത്. അതുകൊണ്ടാണ് സയണിസ്റ്റ് താൽപ്പര്യത്തിന് പിന്തുണ കൊടുത്ത് പലസ്തീൻ ജനതയെ തകർക്കാൻ അമേരിക്ക ശ്രമിക്കുന്നത്.

​ഇസ്രയേലിൽ ഒരു ജൂതരാഷ്ട്രമെന്ന സാമ്രാജ്യത്വ അജൻഡ മുന്നോട്ടുവച്ചപ്പോൾ പലസ്തീൻ ജനതയ്ക്ക് പ്രത്യേക രാഷ്ട്രമെന്ന കാഴ്ചപ്പാട് ഐക്യരാഷ്ട്രസംഘടനയിൽ അവതരിപ്പിച്ചത് സോവിയറ്റ് യൂണിയനായിരുന്നു. സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ കാലംതൊട്ടുതന്നെ ഇന്ത്യക്കാർ പലസ്തീൻ രാഷ്ട്രത്തിനുവേണ്ടി നിലകൊണ്ടവരായിരുന്നു. സ്വാതന്ത്ര്യസമര ഘട്ടത്തിൽപ്പോലും പലസ്തീൻ ഐക്യദാർഢ്യദിനം ഇന്ത്യയിൽ ആചരിച്ചിരുന്നു.

​ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനം തുടർന്നുവന്ന ഈ കാഴ്ചപ്പാടിനെ പിന്തുടർന്നുകൊണ്ടാണ് ഇസ്രയേലുമായുള്ള നയതന്ത്രബന്ധംപോലും ഇന്ത്യ പിന്തുടരാതെ പോയത്. ചേരിചേരാനയത്തിന്റെ സവിശേഷതകൂടിയായിരുന്നു അത്. എന്നാൽ, നരസിംഹറാവുവിന്റെ കാലത്ത് ഇസ്രയേലുമായുള്ള നയതന്ത്രബന്ധം ഇന്ത്യ സ്ഥാപിച്ചു. കോൺഗ്രസ് കാണിച്ച ഈ വഴിയിലൂടെ ബിജെപിക്കാർ ബഹുദൂരം മുന്നോട്ടുപോയി. ഇസ്രയേലുമായുള്ള നയതന്ത്രബന്ധം മാത്രമല്ല, ആയുധവ്യാപാരം ഉൾപ്പെടെയുള്ള പ്രതിരോധമേഖലയിലെ പ്രവർത്തനവുമായി. ഇസ്രയേൽ പലസ്തീനിൽ നടത്തുന്ന ആക്രമണങ്ങൾക്ക് പച്ചക്കൊടി കാണിക്കാനും കേന്ദ്രസർക്കാർ തയ്യാറായി.

​സാമ്രാജ്യത്വനയത്തിനെതിരായി ശക്തമായ നിലപാട് സ്വീകരിച്ചത് സോവിയറ്റ് യൂണിയൻ ഉൾപ്പെടെയുള്ള സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളായിരുന്നു. മൂന്നാംലോക രാജ്യങ്ങളെ ആക്രമിച്ച് ആധിപത്യം സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളെ അവർ തടഞ്ഞു. സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ ശാക്തികബലാബലത്തിൽ മാറ്റംവന്നു. അമേരിക്കയുടെ ഏകലോകക്രമം പ്രതിരോധിക്കാനുള്ള ശക്തികൾ ലോകത്ത് ദുർബലമായി.

ഏകലോകക്രമത്തിന്റെ അജൻഡകളുമായി അമേരിക്ക മുന്നോട്ടുപോയി. തങ്ങളുടെ നയങ്ങളെ പ്രതിരോധിക്കുന്ന രാഷ്ട്രങ്ങളിലെ ഭരണാധികാരികളെ കടപുഴക്കുന്ന നയവും സ്വീകരിച്ചു. ഇതിന്റെ തുടർച്ചയായി ഇറാഖ്, ലിബിയ, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ മതനിരപേക്ഷ സർക്കാരുകളെ തകർത്തു. ഇറാനുനേരെ ആക്രമണപരമ്പര സംഘടിപ്പിച്ചു. കമ്പോളങ്ങൾ കൈയടക്കുകയെന്ന ബഹുരാഷ്ട്രഭീമന്മാരുടെ താൽപ്പര്യംകൂടിയായിരുന്നു ഇതിനുപിന്നിൽ.

​അമേരിക്കയുടെ മേധാവിത്വശ്രമങ്ങൾ നടക്കുന്ന ഘട്ടത്തിൽ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങൾ സോവിയറ്റ് അനുഭവങ്ങളുടെ പശ്ചാത്തലംകൂടി ഉൾക്കൊണ്ട് സോഷ്യലിസ്റ്റ് വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതരായി. അത്തരം പ്രവർത്തനങ്ങളിലൂടെ ലോക സാമ്പത്തികരംഗത്ത് അവഗണിക്കാൻ പറ്റാത്ത ശക്തിയായി. സാർവദേശീയരംഗത്ത് അമേരിക്കയുടെ ഏകലോകക്രമത്തിനെതിരായി ചൈന രംഗത്തുവന്നു. സാമ്പത്തികമായും രാഷ്ട്രീയമായും തങ്ങൾക്ക് വെല്ലുവിളിയാകും ചൈന എന്നതിനാൽ അതിനെ തകർക്കാനുള്ള വിശാല കൂട്ടുകെട്ടുകൾ അമേരിക്ക സൃഷ്ടിച്ചു. ഇത്തരം നീക്കത്തിൽ അമേരിക്കയ്ക്കൊപ്പം ഇന്ത്യയും അണിചേർന്നു. വിഴിഞ്ഞം പദ്ധതിയിൽപ്പോലും ചൈനീസ് കമ്പനിയുടെ പങ്കാളിത്തമുണ്ടെന്നു പറഞ്ഞ് നമുക്ക് സ്വീകാര്യമായ കരാറിനെപ്പോലും കേന്ദ്രസർക്കാർ അട്ടിമറിച്ചു. സംഘപരിവാർ നയങ്ങളെ ശക്തമായി എതിർക്കുകയും ബദൽനയങ്ങൾ മുന്നോട്ടുവയ്ക്കുകയും ചെയ്യുന്ന ഇടതുപക്ഷത്തെ ആക്രമിക്കാമെന്ന രാഷ്ട്രീയതാൽപ്പര്യവും ഇതിന് കൂടുതൽ കരുത്തുപകർന്നു.

​ഇന്ത്യ അമേരിക്കയുമായി ചേർന്ന് ഇത്തരത്തിൽ മുന്നോട്ടുപോകുന്ന അവസ്ഥയിലാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് വൻതോതിലുള്ള നികുതി പ്രഖ്യാപിച്ചത്. അത് ഇന്ത്യയുടെ സാമ്പത്തികമേഖലയിൽ കടുത്ത പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം കശുവണ്ടി, നാണ്യവിളകൾ തുടങ്ങിയ മേഖലയെയെല്ലാം ഇത് സാരമായി ബാധിക്കുന്ന നിലയുണ്ടായി. അമേരിക്കൻ ഭീഷണിയെ മറികടക്കുന്നതിന്, ചൈനയുമായി ബന്ധം സ്ഥാപിക്കുന്നതിന് ഗത്യന്തരമില്ലാതെ ഇന്ത്യാ ഗവൺമെന്റ് തയ്യാറായി. ഇതെല്ലാം കാണിക്കുന്നത്, രാജ്യം സ്വീകരിച്ചിരുന്ന സാമ്രാജ്യത്വവിരുദ്ധനയങ്ങളിൽനിന്ന് ഇന്ത്യ വ്യതിചലിച്ചത് രാഷ്ട്രതാൽപ്പര്യത്തിനുതന്നെ തിരിച്ചടിയായി എന്നതാണ്. ഇതുസംബന്ധിച്ച് ഇടതുപക്ഷം സ്വീകരിച്ച നിലപാട് ഏറെ ശരിയാണെന്നും വ്യക്തമായി.

​മൂന്നാംലോക രാജ്യങ്ങളെ ചൂഷണംചെയ്ത് തടിച്ചുകൊഴുക്കുന്ന സാമ്രാജ്യത്വരാഷ്ട്രമായ അമേരിക്കയെ സംബന്ധിച്ചിടത്തോളം, അത്തരം രാജ്യങ്ങൾ അവരുടെ സമ്പദ്ഘടന ശക്തിപ്പെടുത്താനുള്ള ഉപകരണങ്ങൾമാത്രമാണ്. അതുകൊണ്ടുതന്നെ മൂന്നാംലോക രാജ്യങ്ങളുടെ പ്രശ്നങ്ങളോ ജനങ്ങളുടെ ജീവിതമോ അവർക്ക് വിഷയമാകാറില്ല. സാമ്രാജ്യത്വ താൽപ്പര്യങ്ങൾക്ക്‌ ഒപ്പംനിന്ന ഇന്ത്യയടക്കമുള്ള മൂന്നാംലോക രാജ്യങ്ങൾക്ക് അവസാനം എന്ത് സംഭവിക്കുമെന്നതിന്റെ വ്യക്തമായ ചിത്രമാണ് അമേരിക്ക നമുക്ക് നൽകിയത്. സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുമായുള്ള സൗഹാർദങ്ങളിലൂടെയും ബന്ധങ്ങളിലൂടെയും മാത്രമേ മൂന്നാംലോക രാജ്യങ്ങൾക്ക് പിടിച്ചുനിൽക്കാനാകൂ എന്ന ഓർമപ്പെടുത്തൽകൂടിയാണ് അമേരിക്കയുടെ ചുങ്കം ഇടപെടൽ. ​അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ മോഹങ്ങൾക്ക് പശ്ചിമേഷ്യയിലൊരു ഗുണ്ടാപ്പടയെ ആവശ്യമുണ്ട്. ആ ദൗത്യമാണ് ഇസ്രയേൽ നിർവഹിക്കുന്നത്. പ്രകൃതിവിഭവങ്ങളാൽ സമൃദ്ധമായ പശ്ചിമേഷ്യയെ ആയുധബലം കാട്ടി കൂടെനിർത്തുകയെന്ന അമേരിക്കൻ താൽപ്പര്യമാണ് ഇസ്രയേൽ നിർവഹിക്കുന്നത്. അതിന്റെ ഭാഗമായിക്കൂടിയാണ് എണ്ണയും ഗ്യാസും സമൃദ്ധമായുള്ള ഖത്തറിനെയും ആക്രമിക്കുന്നത്. ഇസ്രയേലിൽ നെതന്യാഹു നേരിടുന്ന രാഷ്ട്രീയപ്രതിസന്ധികളെ മറികടക്കാനുള്ള ആഭ്യന്തരതാൽപ്പര്യവും ഇതിനുപിന്നിലുണ്ട്.

പശ്ചിമേഷ്യയിലുണ്ടാകുന്ന ഏതു പ്രതിസന്ധിയും കേരളത്തിന്റെ വീടുകളിലെ അടുപ്പുകളെയും ജീവിതത്തെയും ബാധിക്കും. കേരളത്തിന്റെ ജനജീവിതത്തെ മെച്ചപ്പെടുത്തി കൊണ്ടുപോകുന്നതിൽ ഖത്തർ ഉൾപ്പെടെയുള്ള അറബ് രാഷ്ട്രങ്ങൾക്ക് വലിയ പങ്കുണ്ട്. അതിനാൽ ഇത്തരം ആക്രമണങ്ങൾക്കെതിരെ വലിയ പ്രതിഷേധം ഉയരേണ്ടതുണ്ട്. ഇത് കേരളജനതയുടെ ഉത്തരവാദിത്വമാണ്. അതിന്റെ അടിസ്ഥാനത്തിൽക്കൂടിയാണ് 15ന്‌ സാമ്രാജ്യത്വവിരുദ്ധ ദിനമായി ആചരിക്കാനും അന്ന് വൈകിട്ട്‌ ഏരിയ കേന്ദ്രങ്ങളിൽ പ്രകടനവും പൊതുയോഗവും നടത്താനും സിപിഐ എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. കേരളത്തിന്റെ പ്രതിഷേധമായി ഉയരുന്ന ഈ പരിപാടി വിജയിപ്പിക്കാൻ നാടിനെ സ്നേഹിക്കുന്ന എല്ലാ ജനങ്ങളും അണിനിരക്കണമെന്ന് അഭ്യർഥിക്കുന്നു.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

14/09/2025

കത്തുന്ന വിവാദങ്ങൾ... നാളെ സഭാസമ്മേളനത്തിന് പാലക്കാട് MLA എത്തുമോ? പോർക്കളമാകുമോ സഭാതലം?
​​

പാര്‍ടി പ്രതിജ്ഞപാര്‍ടിയില്‍ ചേരുന്ന സകലരും പാര്‍ടി പ്രതിജ്ഞയില്‍ ഒപ്പുവെയ്ക്കണം. പാര്‍ടി പ്രതിജ്ഞ ഇപ്രകാരമാണ്. ഞാന്‍ പാ...
14/09/2025

പാര്‍ടി പ്രതിജ്ഞ

പാര്‍ടിയില്‍ ചേരുന്ന സകലരും പാര്‍ടി പ്രതിജ്ഞയില്‍ ഒപ്പുവെയ്ക്കണം. പാര്‍ടി പ്രതിജ്ഞ ഇപ്രകാരമാണ്. ഞാന്‍ പാര്‍ടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അംഗീകരിക്കുകയും അതിന്റെ ഭരണഘടനക്ക് വിധേയമായി പാര്‍ടി തീരുമാനങ്ങള്‍ കൂറോടെ നടപ്പാക്കിക്കൊള്ളാമെന്ന് സമ്മതിക്കുകയും ചെയ്യുന്നു. ഞാന്‍ കമ്മ്യൂണിസ്റ്റ് ആദര്‍ശത്തിനനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കുകയും തൊഴിലാളിവര്‍ഗത്തെയും അധ്വാനിക്കുന്ന ബഹുജനങ്ങളെയും രാജ്യത്തെയും നിസ്വാര്‍ഥമായി സേവിക്കുകയും എല്ലായ്‌പ്പോഴും പാര്‍ടിയുടെയും ജനങ്ങളുടെയും താല്‍പ്പര്യങ്ങളെ സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് ഉപരിയായി കണക്കാക്കുകയും ചെയ്യുന്നതാണ്.

ഈ കാർ നിനക്ക് സഞ്ചരിക്കാനുള്ളതല്ല..സിപിഎം സംസ്ഥാന സെക്രട്ടറി ആയിരിക്കെ കണ്ണൂരിൽ തന്റെ വീടിനടുത്തു ഒരു പൊതുയോഗത്തിൽ പ്രസം...
09/09/2025

ഈ കാർ നിനക്ക് സഞ്ചരിക്കാനുള്ളതല്ല..

സിപിഎം സംസ്ഥാന സെക്രട്ടറി ആയിരിക്കെ കണ്ണൂരിൽ തന്റെ വീടിനടുത്തു ഒരു പൊതുയോഗത്തിൽ പ്രസംഗിച്ച ശേഷം സ.ചടയൻ ഗോവിന്ദൻ വീട്ടിലേക്കു കാറിൽ പോകാൻ തുടങ്ങുമ്പോൾ മകൻ സുരേന്ദ്രൻ കൂടെ കാറിൽ കയറാനൊരുങ്ങി "നീ വീട്ടിലേക്കു നടന്നു വന്നാൽ മതി, കാറിൽ കയറേണ്ട " എന്നു പറഞ്ഞ് ചടയൻ മകനെ കാറിൽ നിന്നിറക്കി വിട്ടു.. വീട്ടിൽ ചെന്ന് ചടയൻ ചോറുണ്ടുകൊണ്ടിരുന്നപ്പോൾ ഭാര്യ ചടയനോട് "സുരേന്ദ്രൻ എന്തിയെ" എന്ന് ചോദിച്ചു. അവൻ നടന്നു വരുന്നുണ്ട് എന്നു മറുപടി പറഞ്ഞു. ഭാര്യ ചിരിച്ചു. ഭാര്യക്ക് കാര്യം മനസ്സിലായി. പാർട്ടി കൊടുത്ത കാർ പാർട്ടി സെക്രട്ടറി ആയ ചടയന് ഉപയോഗിക്കാൻ വേണ്ടി മാത്രമാണ്. അല്ലാതെ ചടയന്റെ മകനും കുടുംബത്തിനും ഉപയോഗിക്കാനുള്ളതല്ല എന്ന വിശ്വാസപ്രമാണമുള്ള ഉത്തമനായ കമ്മ്യൂണിസ്റ്റ്‌ ആയിരുന്നു ചടയൻ ഗോവിന്ദൻ..❤️

*പാർട്ടിക്ക് വേണ്ടി മാത്രം ജീവിച്ച സഖാവ്*

ഇന്ന് സഖാവ് ചടയന്റെ ജന്മദിനം
1929 മെയ് 12 ന് കണ്ണൂർ നാറാത്ത് ആണ് അദ്ദേഹം ജനിച്ചത്..
അഴീക്കോട് എം.എൽ.എ ആയിരുന്നു..
1998 സെപ്തംബർ 9 ന്
69-ാം വയസിൽ ക്യാൻസർ ബാധിതനായി അദ്ദേഹം അന്തരിച്ചു.

*സ്മരണാഞ്ജലികൾ*

സഖാക്കളെ മുന്നോട്ട്പി കൃഷ്ണപിള്ള ദിനംഎഴുപുന്ന LC
19/08/2025

സഖാക്കളെ മുന്നോട്ട്
പി കൃഷ്ണപിള്ള ദിനം
എഴുപുന്ന LC

കോഴിക്കോട്ട്‌ തൊഴിലാളി യോഗത്തിൽവച്ച്‌ ഒരു തൊഴിലാളിയെ ചൂണ്ടി സഖാവ്‌ പി കൃഷ്ണപിള്ള പറഞ്ഞു: ‘നിങ്ങൾ വരണം അധികാരത്തിൽ.’ തൊഴി...
19/08/2025

കോഴിക്കോട്ട്‌ തൊഴിലാളി യോഗത്തിൽവച്ച്‌ ഒരു തൊഴിലാളിയെ ചൂണ്ടി സഖാവ്‌ പി കൃഷ്ണപിള്ള പറഞ്ഞു: ‘നിങ്ങൾ വരണം അധികാരത്തിൽ.’ തൊഴിലാളികളുടെ ഭരണം വരണമെന്ന്‌ സാരാംശം. പിന്നീട്‌ തൊഴിലാളികളും കർഷകരുമടക്കമുള്ള കേരള ജനത നെഞ്ചേറ്റിയ ആഹ്വാനമായി ആ മുദ്രാവാക്യം മാറുന്നതാണ്‌ നാട് ദർശിച്ചത്‌. ആധുനിക കേരളം ഒരിക്കലും വിസ്മരിക്കാൻ പാടില്ലാത്ത പേരാണ് സഖാവ് പി കൃഷ്ണപിള്ളയുടേത്. 1930 മുതൽ 1948 വരെ കേരളത്തിലെ പൊതുപ്രസ്ഥാനത്തിന്, സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനത്തിന്, തൊഴിലാളിവർഗ മുന്നേറ്റത്തിന്, ഇടതുപക്ഷ രാഷ്ട്രീയത്തിന്, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടായ വളർച്ചയിൽ സഖാവിന്റെ പങ്കാളിത്തവും സംഭാവനയും വലുതാണ്. 42 വയസ്സുവരെമാത്രം ജീവിച്ച ഒരു വിപ്ലവകാരി ഒരു നാടിന്റെ ഭാഗധേയം മാറ്റിയെഴുതാൻ നേതൃത്വം നൽകിയ ആവേശകരമായ അനുഭവസാക്ഷ്യത്തിന്റെ പേരാണ് സഖാവ് പി കൃഷ്ണപിള്ള. 20 വർഷത്തോളമാണ് അദ്ദേഹത്തിന്റെ പൊതുപ്രവർത്തനം. പക്ഷേ, അസാധാരണമായ സംഘടനാ വൈഭവത്തിന്റെ ഉടമയായിരുന്നു. കമ്യൂണിസ്റ്റുകാർ പൊതുവിൽ പരസ്പരം സംബോധന ചെയ്യുന്ന പദമായ ‘സഖാവ്'എന്നത് ഒരു നേതാവിന്റെ പേരായി മാറിയത് പി കൃഷ്ണപിള്ളയുടെ കാര്യത്തിലാണ്. 1948 ആഗസ്ത്‌ 19ന്‌ ഒളിവുജീവിതത്തിനിടെ പാമ്പുകടിയേറ്റാണ് സഖാവ് മരിച്ചത്. ആ വേർപാടിന്‌ 77 വർഷം തികയുന്നു.

​ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായ സമരങ്ങളിൽ സജീവമായിരുന്ന കൃഷ്ണപിള്ള ഉപ്പുസത്യഗ്രഹത്തിനിടെ കോഴിക്കോട് കടപ്പുറത്ത് ത്രിവർണ പതാക വിട്ടുകൊടുക്കാതെ നടത്തിയ ചെറുത്തുനിൽപ്പ് ഉജ്വല അധ്യായമാണ്. മർദനമേറ്റ് ബോധംകെട്ട് വീണു. മർദനവും ജയിൽവാസവും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. 1934ൽ കോൺഗ്രസിൽ രൂപംകൊണ്ട കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയുടെ സെക്രട്ടറിയായി. വർഗസമരത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ സഖാവ് ആലപ്പുഴയിലെ കയർത്തൊഴിലാളികളെയും കോഴിക്കോട്ടെ കോട്ടൺമിൽ തൊഴിലാളികളെയും ഓട്ടുതൊഴിലാളികളെയും കണ്ണൂരിലെ ബീഡി– നെയ്ത്ത് തൊഴിലാളികളെയും ആറോൺ മിൽ തൊഴിലാളികളെയും മലബാറിലെ കൃഷിക്കാരെയും സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകി. പിണറായി– പാറപ്രം രഹസ്യസമ്മേളനത്തിൽ പങ്കെടുക്കുകയും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയുടെ കേരളഘടകം സെക്രട്ടറിയാകുകയും ചെയ്തു.

​വൈക്കത്ത് 1906 ലാണ് സഖാവിന്റെ ജനനം. ദാരിദ്ര്യംകാരണം പ്രാഥമിക വിദ്യാഭ്യാസംമാത്രം നേടാനേ കഴിഞ്ഞുള്ളൂ. 16–-ാം വയസ്സിൽ ആലപ്പുഴയിൽ കയർത്തൊഴിലാളിയായി. പിന്നീട് പലയിടത്തും ജോലി ചെയ്തു. 1927ൽ ബനാറസിലെത്തി. അവിടെ രണ്ടുവർഷം ഹിന്ദി പഠിച്ച് സാഹിത്യവിശാരദ് പരീക്ഷയെഴുതി. പിന്നീട് തൃപ്പൂണിത്തുറയിൽ ഹിന്ദി പ്രചാരകനായി ജോലിയിൽ പ്രവേശിച്ചു. ഉത്തരേന്ത്യൻ വാസത്തിനിടയിൽത്തന്നെ സ്വാതന്ത്ര്യസമര പ്രവർത്തനത്തിന്റെ ഭാഗമായാണ് ഹിന്ദി പ്രചാരകനായത്. തുടർന്ന്‌ ഹിന്ദി പ്രചാരണംവിട്ട് രാഷ്ട്രീയപ്രവർത്തനത്തിൽ പൂർണമായി മുഴുകി. കോൺഗ്രസ്, കോൺഗ്രസ് സോഷ്യലിസ്റ്റ്‌, കമ്യൂണിസ്റ്റ് എന്നിങ്ങനെ രണ്ടു പതിറ്റാണ്ടോളം കേരള രാഷ്ട്രീയത്തെ നയിച്ച വ്യക്തിത്വമായി. 1932 ജനുവരിയിൽ കോഴിക്കോട് സബ്ജയിലിൽവച്ചാണ് ഇ എം എസും കൃഷ്ണപിള്ളയും ആദ്യം കാണുന്നത്. അന്ന് ഇടതുപക്ഷ ദേശീയവാദിയായ ഇ എം എസിനെ കമ്യൂണിസ്റ്റായി വളർത്തിയത് സഖാവാണെന്ന് ഇ എം എസ്‌ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയിൽ തന്നെ ചേർത്തത് അന്ന് കല്യാശേരി അടക്കമുള്ള മലബാറിലെ പ്രദേശങ്ങളിൽ സ്ഥിരമായി എത്താറുണ്ടായിരുന്ന സഖാവാണെന്നും അത് മാങ്ങാട് ശ്രീഹർഷൻ വായനശാലയിൽ വച്ചായിരുന്നെന്നും ഇ കെ നായനാരും സ്മരിച്ചിട്ടുണ്ട്.

​തൊഴിലാളികൾ, കൃഷിക്കാർ തുടങ്ങി സമൂഹത്തിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും അധഃസ്ഥിതരെയും സംഘടിപ്പിക്കുന്നതിൽ സഖാവിന്റെ കഴിവ് ഒന്നുവേറെയായിരുന്നു. കൂലി, ജീവിതസാഹചര്യം തുടങ്ങിയവയിലെ പരിതാപകരമായ അവസ്ഥ മാറ്റാൻ, ചൂഷണത്തിനും മർദനത്തിനുമെതിരായി മുതലാളിമാരോടും ഭൂപ്രഭുക്കളോടും ഒരുവശത്ത് സമരം നടത്തി. മറുവശത്താകട്ടെ, സ്വാതന്ത്ര്യസമരത്തിൽ അവരെ അണിനിരത്തി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും രാജഭരണത്തിനുമെതിരായ സമരത്തെ വിപുലമാക്കി. അതുപോലെ എല്ലാ വിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ച് സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്താൻ കമ്യൂണിസ്റ്റുകാർ മുന്നിട്ടിറങ്ങേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയ നേതാവായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങളിൽ ഇടപെടാനും അതിന്റെ തുടർച്ചയിൽ വർഗപരമായ വീക്ഷണത്തോടെ സമൂഹത്തെ നയിക്കാനും സഖാവ് പ്രവർത്തിച്ചത്.

സംസ്ഥാനത്തെ നവോത്ഥാന ചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നായ ഗുരുവായൂർ സത്യഗ്രഹത്തിൽ സജീവമായി അദ്ദേഹം പങ്കെടുത്തു. അന്ന് അമ്പലമണി അടിച്ചതിനെത്തുടർന്ന് ഭീകരമർദനം ഏറ്റുവാങ്ങേണ്ടിവന്നു. ആ സത്യഗ്രഹസമരത്തിൽ എ കെ ജിയായിരുന്നു വളന്റിയർ ക്യാപ്റ്റൻ. ക്ഷേത്രങ്ങളിലും ക്ഷേത്രക്കുളങ്ങളിലും പ്രവേശനം നിഷേധിച്ചിരുന്ന പിന്നാക്ക–ദളിത് വിഭാഗങ്ങൾക്ക് അതിനുള്ള സ്വാതന്ത്ര്യം സ്ഥാപിക്കുന്നതിനുള്ള സമരപരിപാടികൾക്കും നേതൃത്വം നൽകി. 1930കളുടെ അവസാനകാലത്ത് ഉത്തരവാദ ഭരണത്തിനുവേണ്ടി ആലപ്പുഴയിലെ തൊഴിലാളികൾ നടത്തിയ പണിമുടക്ക്‌ സമരത്തെ നേരിടാൻ സർ സി പിയുടെ പൊലീസും പട്ടാളവും ഭീകരാവസ്ഥ സൃഷ്ടിച്ചു. അപ്പോൾ ഒരു നാരങ്ങ കച്ചവടക്കാരന്റെ വേഷത്തിൽ സഖാവ് അവിടെയെത്തി പണിമുടക്കിന് നേതൃത്വം നൽകി. ജനങ്ങൾ കോളറ, വസൂരി തുടങ്ങിയ മഹാദുരിതങ്ങളിൽ അകപ്പെട്ടപ്പോൾ കൈമെയ് മറന്ന് പ്രവർത്തിക്കുകയായിരുന്നു സഖാവിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റുകാർ. 1940 സെപ്തംബർ 15ന് ഒളിവിലിരുന്ന് മലബാറിലെ മർദന പ്രതിഷേധത്തിന് നേതൃത്വം നൽകി. പിന്നീട് അറസ്റ്റുചെയ്ത് ശുചീന്ദ്രം ജയിലിലടച്ചു. 1942 മാർച്ചിലാണ് വിട്ടത്. തുടർന്ന് കോഴിക്കോട് കേന്ദ്രീകരിച്ച് കമ്യൂണിസ്റ്റ് പാർടി വളർത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുഴുകി. ’46 മുതൽ വീണ്ടും ഒളിവ് ജീവിതം. 1946 ആഗസ്‌തിൽ പ്രവർത്തനകേന്ദ്രം ആലപ്പുഴയിലേക്ക് മാറ്റി.

കേരളചരിത്രത്തിലെ വിപ്ലവ ഇതിഹാസ അധ്യായമാണ് പുന്നപ്ര– വയലാർ സമരം. സമരം പൊട്ടിപ്പുറപ്പെടുംമുമ്പ് കൃഷ്‌ണപിള്ള ഇ എം എസിനൊപ്പം ആലപ്പുഴയിൽ സഞ്ചരിച്ച് സമരത്തിന്റെ ആവശ്യകതയെപ്പറ്റി തൊഴിലാളികളോടും പ്രവർത്തകരോടും സംസാരിച്ചു. തൊഴിലാളിവർഗം സമരത്തിനിറങ്ങിയേ മോചനമുള്ളൂ എന്ന് അവരോട് സന്ദേശം നൽകിയ നേതാവായിരുന്നു അദ്ദേഹം. പുന്നപ്ര– വയലാർ സമരശേഷം ബഹുജന നേതാക്കളെ കൂട്ടത്തോടെ സർ സി പിയുടെ പൊലീസ് അറസ്റ്റുചെയ്ത് തുറുങ്കിലടയ്ക്കുകയും ഭീകരാവസ്ഥ സൃഷ്ടിക്കുകയും പാർടിയെ നിരോധിക്കുകയും ചെയ്തു. ആ വിഷമഘട്ടത്തിൽ തിരുവിതാംകൂറിലെ ജനങ്ങൾക്ക് ശരിയായ നേതൃത്വം നൽകാനാണ് സഖാവ് ആലപ്പുഴയിലെത്തി ഒളിവിലിരുന്ന് പ്രവർത്തിച്ചത്. പാമ്പുകടിയേറ്റ് അവശനായിരിക്കുമ്പോൾ അദ്ദേഹം നോട്ടുബുക്കിൽ കുറിച്ചു. ‘‘എന്നെ പാമ്പുകടിച്ചു. എന്റെ കണ്ണും തലയും ഇരുളുന്നു. വിവരം എല്ലാവരെയും അറിയിക്കുക. സഖാക്കളെ മുന്നോട്ട്.'' മാർക്സിസം ഏറ്റവും വലിയ മനുഷ്യസ്നേഹമാണെന്നും സാമൂഹ്യ പരിവർത്തനത്തിനുള്ള ഉപാധിയാണെന്നും പഠിപ്പിച്ച പി കൃഷ്ണപിള്ള വളർത്തിയ കമ്യൂണിസ്റ്റ് പാർടി ബഹുജന വിപ്ലവ പാർടിയായി ഇനിയും കൂടുതൽ വളരും.

വൈക്കം സത്യഗ്രഹകാലത്ത്‌ പി കൃഷ്ണപിള്ള ആ സമരത്തിൽനിന്ന്‌ ആവേശമുൾക്കൊണ്ടു. 1948ലെ ദേശാഭിമാനി വിശേഷാൽപ്രതിയിൽ അദ്ദേഹം വൈക്കം സത്യഗ്രഹത്തെപ്പറ്റി ലേഖനമെഴുതിയിട്ടുണ്ട്‌. ‘മലയാളവർഷം 99–-ാമാണ്ടിൽ (1924) ഉണ്ടായ വെള്ളപ്പൊക്കത്തിൽ, വൈക്കം ക്ഷേത്രത്തിന്റെ നടകളിൽ മഴയിൽ നനഞ്ഞൊലിച്ചുകൊണ്ട്‌ വെള്ളത്തിൽ നിന്നിരുന്ന സത്യഗ്രഹികൾ എതിരാളികളുടെ ഹൃദയത്തിൽപ്പോലും അനുഭാവമുളവാക്കി’ എന്നാണ്‌ ലേഖനം തുടങ്ങുന്നത്‌.

ഇന്ത്യ ഏറ്റവും പ്രതിസന്ധിയേറിയ ഘട്ടത്തിലൂടെ കടന്നുപോകുന്ന വേളയിലാണ്‌ നാം പി കൃഷ്‌ണപിള്ളയുടെ സ്‌മരണ പുതുക്കുന്നത്‌. ഭരണഘടനതന്നെ അട്ടിമറിച്ച്‌ കാവിവൽക്കരണത്തിന്റെ പാതയിലേക്ക്‌ കൊണ്ടുപോകുകയാണ്‌ സംഘപരിവാർ. പ്രധാനമന്ത്രിയും ഗവർണറും അടക്കമുള്ള പൊതുപദവികളെല്ലാം ദുരുപയോഗിക്കപ്പെടുകയാണ്‌. രാഷ്‌ട്ര സമ്പത്തെല്ലാം ഇതുപോലെ കൊള്ളയടിക്കപ്പെട്ട മറ്റൊരുഘട്ടമില്ല. ജനതയെ വർഗീയമായി ഭിന്നിപ്പിച്ചും അപരവിദ്വേഷം പടർത്തിയും ഹിന്ദുത്വരാഷ്‌ട്രം പണിയാനുള്ള ശ്രമത്തിലാണ്‌ സംഘപരിവാർ. ഗവർണറും തെരഞ്ഞെടുപ്പ്‌ കമീഷനും ഉൾപ്പെടെയുള്ള ഭരണഘടനാപദവികളെയെല്ലാം മോദിഭരണം നോക്കുകുത്തിയാക്കി. ജനാധിപത്യം അപ്രസക്‌തമാക്കി രാജ്യത്തെ ഏകാധിപത്യത്തിലേക്ക്‌ കൊണ്ടുപോകാനുള്ള ആസൂത്രിതശ്രമത്തിനെതിരെ പോരാട്ടം ശക്‌തമാക്കേണ്ട ഘട്ടത്തിലാണ്‌ നാം സ. പി കൃഷ്‌ണപിള്ളയുടെ സ്‌മരണ പുതുക്കുന്നത്‌.

വർഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും പാർടിയുടെ സംഘടനാ അടിത്തറ വിപുലമാക്കാനുമുള്ള പ്രവർത്തനങ്ങൾക്കും കൃഷ്‌ണപിള്ളയുടെ സ്‌മരണ നമുക്ക്‌ കരുത്താകും. നവഉദാര നയത്തിനും വർഗീയ ഫാസിസത്തിനും സാമ്രാജ്യത്വത്തിനുമെതിരായ പോരാട്ടത്തിൽ തൊഴിലാളി‐ കർഷകാദി വിഭാഗങ്ങളെ എങ്ങനെ ഇന്ന് അണിനിരത്താമെന്ന് ചിന്തിക്കുമ്പോൾ പി കൃഷ്ണപിള്ളയെപ്പോലുള്ള നേതാക്കൾ നയിച്ച പാത സ്‌മരിക്കാം. സഖാവിന്റെ അവസാന നിർദേശം ‘സഖാക്കളെ മുന്നോട്ട്' എന്ന ആവേശകരമായ ആഹ്വാനം നടപ്പാക്കാൻ പ്രതിജ്ഞ പുതുക്കാം.​

സ. എ വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

സ. പി കൃഷ്ണപിള്ള ദിനം
18/08/2025

സ. പി കൃഷ്ണപിള്ള ദിനം

തൃശൂരിൽ വോട്ടർപട്ടികയിൽ ക്രമക്കേട് നടത്തിയ ബിജെപി നേതൃത്വം വാർത്ത തിരിച്ചുവിടാനായി സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസിന് നേരെ...
13/08/2025

തൃശൂരിൽ വോട്ടർപട്ടികയിൽ ക്രമക്കേട് നടത്തിയ ബിജെപി നേതൃത്വം വാർത്ത തിരിച്ചുവിടാനായി സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസിന് നേരെ നടത്തിയ കൈയേറ്റത്തിനെതിരെ തൃശൂർ നഗരത്തിൽ സിപിഐ എം പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

Address

Aroor
688548

Website

Alerts

Be the first to know and let us send you an email when CPIM എഴുപുന്ന ലോക്കൽ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM എഴുപുന്ന ലോക്കൽ കമ്മിറ്റി:

Share