07/09/2017
മുതിർന്ന പത്ര പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ പറ്റി സിപി(എം) സംസ്ഥാന സെക്രട്ടറി സഖാവ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം
-
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിനെ ബാംഗ്ലൂരിൽ വെടിവെച്ചുകൊന്ന സംഭവം തീർത്തും അപലപനീയവും പരിഷ്കൃത സമൂഹത്തിന് അപമാനകരവുമാണ്.
കൽബുർഗി, പൻസാരെ, ധബോൽക്കർ എന്നിവരെ കൊന്നുതള്ളിയ അതേ രീതിയാണ് ഈ കൊലപാതകത്തിന്റെ കാര്യത്തിലും കാണാനാവുക. കര്‍ണാടകത്തില്‍ വര്‍ഗീയതയ്ക്കും അഴിമതിക്കുമെതിരെ ശക്തമായി നിലകൊള്ളുന്ന പുരോഗമന പ്രവര്‍ത്തകരില്‍ മുന്‍പന്തിയിലുള്ള മാധ്യമപ്രവര്‍ത്തകയായിരുന്നു ഗൗരി. സംഘപരിവാറിന്റെ തീവ്രനിലപാടുകള്‍ക്കെതിരെ ഇവര്‍ നിരന്തരം നിലപാട് എടുത്തിരുന്നു. ഇതിനെതിരായ പ്രതികരണമാണ് കൊലപാതകമെന്നാണ് സൂചനകൾ.
എം എം കൽബുര്‍ഗിയെ വധിച്ചതിനു സമാനമായ രീതിയിലാണ് അക്രമികള്‍ ഇടതുചിന്തക കൂടിയായ ഗൗരി ലങ്കേഷിനെയും വധിച്ചത്. സംഘപരിവാറിന്റെ തീവ്ര ഹിന്ദുത്വനിലപാടുകളെയും അന്ധവിശ്വാസങ്ങളെയും എതിര്‍ത്തതിനെ തുടര്‍ന്നാണ് സംഘപരിവാറുകാര്‍ രണ്ടുവര്‍ഷംമുമ്പ് കൽബുര്‍ഗിയെ കൊന്നത്. ഗൌരിയുടെ കൊലപാതകത്തിനു പിന്നിലും സംഘപരിവാറുകാര്‍ തന്നെയാണെന്നാണ് നിഗമനം. കൽബുര്‍ഗിയെ വധിച്ചതിനെതിരായ പ്രതിഷേധത്തില്‍ ഗൌരിയും പങ്കെടുത്തിരുന്നു. ആര്‍ എസ് എസിനെതിരെ നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. പുരോഗമന നിലപാടുകളുടെ പേരില്‍ നിരവധി ഭീഷണികളും ഉണ്ടായിട്ടുണ്ട്.
ലങ്കേഷ് പത്രികയെന്ന ആഴ്ചപ്പതിപ്പിന്റെ എഡിറ്ററാണ് ഗൗരി ലങ്കേഷ്.
ഈ കൊലപാതകത്തിന് പിന്നിലുള്ള യഥാർത്ഥ ശക്തികളെയും ഇതിന് പിന്നിലുള്ള ഗൂഡാലോചനയും കണ്ടെത്തണം. ഈ കൊലപാതകത്തിനെതിരെ ശക്തമായ പ്രതിഷേധം നാടാകെ ഉയർന്നുവരണം