16/02/2026
കരഞ്ഞില്ല.. തളർന്ന് വീണില്ല.. കൈകൾ കോർത്ത് പരസ്പരം ചേർത്ത് പിടിച്ച് അവർ വിധിയെ നേരിട്ടു ; അഭിമാനം തോന്നുന്നു ഈ അച്ചനെയും അമ്മയേയും ഓർത്ത് 🙏🙏🥺🥺
280 ദിവസത്തെ കാത്തിരിപ്പായിരുന്നു അവൾ... ഈ ഭൂമിയിലേക്ക് അവളൊന്നു വരാൻ, അവളുടെ കരച്ചിൽ കേൾക്കാൻ, ആ കുഞ്ഞു കൈകാലുകൾ ഒന്ന് തൊടാൻ ആ മാതാപിതാക്കൾ അത്രയും നാൾ കാത്തിരുന്നു. പക്ഷേ വിധി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. ജനിച്ച അന്ന് മുതൽ കൃത്യം 280-ാം ദിവസം അവൾ ഈ ലോകത്തോട് വിടപറഞ്ഞു.
ഇന്നലെ അവളെ അവസാനമായി യാത്രയാക്കുമ്പോൾ ആ മാതാപിതാക്കളെ കണ്ട് ഒരേസമയം സങ്കടവും അഭിമാനവും തോന്നി. സ്വന്തം കുഞ്ഞ് മരവിച്ചു കിടക്കുമ്പോൾ അലറിക്കരയുന്ന അല്ലെങ്കിൽ തളർന്ന് വീഴുന്ന മാതാപിതാക്കളെയാണ് നമ്മൾ കണ്ടു ശീലിച്ചിട്ടുള്ളത്. എന്നാൽ ഇവിടെ ആ അച്ഛനും അമ്മയും കരഞ്ഞില്ല. അവർ പരസ്പരം കൈകൾ കോർത്തുപിടിച്ചു. "തളരരുത്, ഞാനുണ്ട് കൂടെ" എന്ന് വാക്കുകൾ കൊണ്ടല്ലാതെ അവർ പരസ്പരം പറഞ്ഞു കൊണ്ടിരുന്നു. സ്വന്തം മനസ്സിനെ അവർ അത്രമേൽ നിയന്ത്രിച്ചു.
തങ്ങളുടെ മകളുടെ മനോഹരമായ ആ ചിരിക്കുന്ന ഫോട്ടോ നെഞ്ചോട് ചേർത്തുപിടിച്ചാണ് അവർ അവൾക്ക് വിട നൽകിയത്. എന്തിനായിരുന്നു ആ മനക്കരുത്ത്? തങ്ങളുടെ മകൾ ഒരാളല്ല, അഞ്ചു മക്കളായി ഈ ലോകത്ത് ജീവിക്കുമെന്ന തിരിച്ചറിവായിരുന്നു അത്. ഒരു ആക്സിഡന്റ്, ഒരു മരണം എന്നതിനപ്പുറം, അഞ്ച് കുഞ്ഞുങ്ങൾക്ക് ജീവൻ നൽകി മടങ്ങുന്ന തങ്ങളുടെ മാലാഖയെക്കുറിച്ചുള്ള അഭിമാനമായിരുന്നു ആ കണ്ണുകളിൽ. അവൾ ഈ ലോകത്തോട് യാത്ര പറഞ്ഞത് അഞ്ച് പേർക്ക് പുഞ്ചിരി നൽകിക്കൊണ്ടാണ്.
പ്രിയപ്പെട്ട മാതാപിതാക്കളെ, നിങ്ങൾ തോറ്റുപോയിട്ടില്ല. നിങ്ങൾ ഈ ലോകത്തിന് നൽകുന്നത് വലിയൊരു പാഠമാണ്. സങ്കടക്കടലിലും മറ്റൊരാളുടെ കണ്ണീരൊപ്പാൻ കാണിച്ച ആ വലിയ മനസ്സ്.. നിങ്ങളാണ് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ഇൻഫ്ലുവൻസർമാർ. ഈ ലോകം മുഴുവൻ ആ മോളെ നെഞ്ചിലേറ്റി കഴിഞ്ഞു. ആലിൻ ഷെറിൻ എബ്രഹാം എന്ന ആ മാലാഖക്കുഞ്ഞിന് ആദരാഞ്ജലികൾ. അവൾ പകർന്നു നൽകിയ ആ ജീവന്റെ വെളിച്ചം അഞ്ച് കുഞ്ഞുങ്ങളിലൂടെ എന്നും ഈ മണ്ണിൽ പ്രകാശിക്കട്ടെ.❤️❤️❤️