05/04/2026
പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചത് കനത്ത വൈദ്യുതി ബാധ്യത. അധികാരമേറ്റ ശേഷം അഞ്ച് തവണയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത്.
നാല് ഘട്ടങ്ങളിലായി ഇതുവരെ യൂണിറ്റിന് ആകെ 134.63 പൈസയുടെ വര്‍ധനവാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. 2017ല്‍ 30 പൈസയും (4.77%), 2018ല്‍ 20 പൈസയും (4.77%), 2019ല്‍ 40 പൈസയും (7.32%), 2022ല്‍ 40.63 പൈസയും (6.59%), 2023ല്‍ 24 പൈസയും (3%) ആണ് വര്‍ധിപ്പിച്ചത്. 2024ല്‍ യൂണിറ്റിന് 16 പൈസയുടെ വര്‍ധനവാണ് നടപ്പിലാക്കിയത്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 12 പൈസ കൂടി വര്‍ധിപ്പിക്കാനാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ നീക്കം.
യൂണിറ്റ് നിരക്കിന് പുറമെ ഫിക്‌സഡ് ചാര്‍ജിലും സര്‍ക്കാര്‍ വലിയ വര്‍ധന വരുത്തി. 250 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 5 രൂപ മുതല്‍ 30 രൂപ വരെയും, അതിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് 40 രൂപ മുതല്‍ 50 രൂപ വരെയും അധികം നല്‍കേണ്ടി വരുന്നു. തമിഴ്നാടും കര്‍ണാടകവും അടക്കമുള്ള അയല്‍ സംസ്ഥാനങ്ങള്‍ ജനങ്ങള്‍ക്ക് സബ്സിഡി ആനുകൂല്യം നല്‍കി സഹായിക്കുമ്പോള്‍ കേരളത്തില്‍ ജനങ്ങളെ പിഴിഞ്ഞെടുക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
സംസ്ഥാനത്ത് പവര്‍കട്ടില്ലെന്ന് സര്‍ക്കാര്‍ മേനി പറയുമ്പോഴും അതിന്റെ യഥാര്‍ത്ഥ ക്രെഡിറ്റ് മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനാണ്. 2013-14 കാലഘട്ടത്തില്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ രാജ്യത്തുടനീളം നടപ്പിലാക്കിയ നാഷണല്‍ പവര്‍ ഗ്രിഡ് പൂര്‍ത്തിയായതോടെയാണ് വടക്കേ ഇന്ത്യയില്‍ നിന്നുള്ള വൈദ്യുതി കേരളത്തിലേക്ക് എത്തിക്കാന്‍ സാങ്കേതികമായി സാധ്യമായത്. ഇതിന്റെ ഫലമായാണ് 2014-15 കാലയളവ് മുതല്‍ കേരളത്തില്‍ പവര്‍കട്ട് ഇല്ലാതായത്. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പിണറായി സര്‍ക്കാര്‍ കേരളത്തില്‍ ഒരു പ്രധാന പവര്‍ പ്ലാന്റ് പോലും കമ്മീഷന്‍ ചെയ്തിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നിലവില്‍ കേരളത്തിന് ആവശ്യമായ വൈദ്യുതിയുടെ 80 ശതമാനവും പുറത്തുനിന്ന് വാങ്ങുകയാണ്.!!! പവര്‍കട്ടില്ലെന്ന് വീരവാദം മുഴക്കുമ്പോഴും വൈദ്യുതി നിയന്ത്രണമെന്ന പേരില്‍ അപ്രഖ്യാപിത പവര്‍കട്ട് സംസ്ഥാനത്ത് നടപ്പിലാക്കുന്നുമുണ്ട്.