08/04/2026
തെരഞ്ഞെടുപ്പ്:- ജില്ലാ പോലീസ് വിപുലമായ
സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി
നിയമസഭതിരഞ്ഞെടുപ്പിന് ജില്ലയിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ജില്ലയിൽ 1898 പോളിംഗ് ബൂത്തുകളാണുള്ളത്.. ഡിവൈ എസ് പി, ഇൻസ്പെക്ടർ, ഉൾപ്പടെ മൂവായിരത്തിയഞ്ഞൂറോളം പോലീസ് ഉദ്യോഗസ്ഥരെയും 1730 സ്പെഷ്യൽ പോലീസ് ഓഫീസർമാർ, തമിഴ്നാട് പോലീസ് ഉൾപ്പെടെ 628 കേന്ദ്ര സേന ഉദ്യോഗസ്ഥർ എന്നിവരെയാണ് പോളിംഗ് ഡ്യൂട്ടികൾക്കായി നിയോഗിച്ചിട്ടുള്ളത്. ജില്ലയിൽ 25 ഭാഗങ്ങളിലായി 32 പ്രശ്നബാധിത പോളിംഗ് ബൂത്തുകളും , 202 സെൻസിറ്റീവ് ബൂത്തുകളും ഉണ്ട് . ഇവിടെ സായുധ പൊലീസ് ഉൾപ്പെടെ സുരക്ഷാ സേനയെ വിന്യസിക്കുകയും ചെയ്യും. നിയമസഭാ തെരെഞ്ഞടുപ്പ് സമാധാനപരമായും ജനാധിപത്യപരമായും നടക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയതായി ആലപ്പുഴ ജില്ലാ പോലീസ് മേധാവി അറിയിച്ചു. വിപുലമായ സുരക്ഷാസൗകര്യങ്ങളാണ് പോലീസ് ഏര്പ്പെടുത്തിയിട്ടുള്ളത്.
1 വോട്ടർമാർക്ക് നിർഭയമായും സ്വതന്ത്രമായും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നവാനുള്ള സാഹചര്യവും, സുരക്ഷയും പോളിംഗ് സ്റ്റേഷൻ പരിസരത്ത് ഉറപ്പാക്കുന്നതാണ്.
2. വോട്ടെടുപ്പ് ദിവസം പോളിംഗ് സ്റ്റേഷന് 100 മീറ്റർ ചുറ്റളവിൽ (സ്വകാര്യ സ്ഥലമായാലും പൊതുസ്ഥലമായാലും) ഒരു സ്ഥാനാർത്ഥിക്കുവേണ്ടിയും വോട്ട് ക്യാൻവാസ് ചെയ്യുവാനോ പാടുള്ളതല്ല.
3. 100 മീറ്റർ ചുറ്റളവിൽ ഔദ്യോഗികമായി പ്രദർശിപ്പിച്ചിട്ടുള്ള തെരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ള നോട്ടീസോ അടയാളങ്ങളോ അല്ലാതെ നോട്ടീസുകളോ പോസ്റ്ററുകളോ പ്രദർശി പ്പിക്കുന്നതിനോ രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് സ്ഥാപിക്കാനോ പാടുള്ളതല്ല..
4. വോട്ടെടുപ്പ് ദിവസം പോളിംഗ് സ്റ്റേഷന്റെ പരിസരത്തോ പ്രവേശന കവാടത്തിലോ ചുറ്റുമുള്ള സ്ഥലത്തോ (പൊതുസ്ഥലമായാലും സ്വകാര്യ സ്ഥലമായാലും) ഉച്ചഭാഷിണി ഉപയോഗിച്ചോ, ഉച്ചത്തിൽ കേൾപ്പിക്കുന്ന ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചോ, ഉച്ചത്തിൽ ശബ്ദം പുറപ്പെടുവിച്ചോ, പോളിംഗ് സ്റ്റേഷനിൽ സമ്മതിദാനാവകാശം രേഖപ്പെടുത്തുവാൻ വരുന്നവർക്ക് ശല്യമുണ്ടാക്കുന്ന തരത്തിലോ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലോ പ്രവർത്തിക്കുവാൻ പാടുള്ളതല്ല..
5. പോളിംഗ് സ്റ്റേഷനിൽ വോട്ടെടുപ്പു നടത്തുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്ത് അപമര്യാദയായി പെരുമാറുന്നതും പ്രിസൈഡിംഗ് ഓഫീസറുടെ നിയമപരമായ നിർദ്ദേശങ്ങൾ അനുസരിക്കാതിരിക്കുകയും ചെയ്യുന്ന ഏതൊരു വ്യക്തയേയും പ്രിസൈഡിംഗ് ഓഫീസറുടേയോ അദ്ദേഹത്തിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്റെയോ നിർദ്ദേശാനുസരണം പോളിംഗ് സ്റ്റേഷനിൽ നിന്നും പോലീസ് നീക്കം ചെയ്യുന്നതും, അങ്ങനെ നീക്കം ചെയ്യപ്പെടുന്ന വ്യക്തി പ്രിസൈഡിംഗ് ഓഫീസറുടേയോ അദ്ദേഹത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്റേയോ അനുവാദമില്ലാതെ വീണ്ടും പോളിംഗ് സ്റ്റേഷനിൽ പ്രവേശിക്കുവാൻ പാടുള്ളതല്ല.
6. പോളിംഗ് സ്റ്റേഷൻ പരിസരത്ത് ആയുധങ്ങളുമായി ആരേയും കടക്കുവാൻ അനുവദിക്കില്ല.
7. കള്ളവോട്ടു ചെയ്യാൻ ശ്രമിക്കുന്ന ഒരു വ്യക്തിയുടെ ഐഡന്റിറ്റി ചോദ്യം ചെയ്യപ്പെട്ടാൽ, ആ വ്യക്തി അയാളുടെ ഐഡന്റിറ്റി തെളിയിക്കുവാൻ പരാജയപ്പെടുന്ന പക്ഷം പ്രിസൈഡിംഗ് ഓഫീസറുടെ നിർദ്ദേശം അനുസരിച്ച് പോലീസ് ഓഫീസർ ആയാളെ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കുന്നതായിരിക്കും.. അറസ്റ്റ് ചെയ്യാൻ സാധിക്കാതെ വന്നാലും വ്യക്തിക്കെതിരെ ബന്ധപ്പെട്ട വകുപ്പനുസരിച്ച് കേസെടുക്കുന്നതാണ്.
8 . പോളിംഗ് ദിവസം പോളിംഗ് സ്റ്റേഷന്റെ പരിധിയിലും രാഷ്ട്രീയ കക്ഷികളുടെ പേരോ, ചിഹ്നമോ ആലേഖനം ചെയ്ത തൊപ്പി, മാസ്ക് എന്നിവ ഉപയോഗിക്കാൻ പാടുള്ളതല്ല.
9. സ്റ്റേഷൻ എസ്.എച്ച്.ഒ മാരുടെ നേതൃത്വത്തിൽ സ്റ്റേഷൻ പരിധിയിൽ ബോട്ട്പട്രോളിംഗ് ഉൾപ്പെടെയുള്ള പ്രത്യേക പട്രോളിംഗ് ഏർപ്പെടുത്തിട്ടുണ്ട്.
10. സെൻസിറ്റീവ് ഏര്യയകളിൽ പ്രത്യേക പോലീസ് പിക്കറ്റുകളും ഏർപ്പെടുത്തിട്ടുണ്ട്.
11. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുഗമമായ നടത്തിപ്പിന് ഭംഗം വരുത്തുന്ന രീതിയിൽ പ്രവർത്തിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ പോലീസ് സ്വീകരിക്കുന്നതാണ്.
തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്നും അറിയിക്കുന്നു