06/09/2022
ഓണത്തിന്റെ മഹത്വം പ്രവൃർത്തിയിലൂടെ നടപ്പാക്കി
' മാത്യു മാഷിന്റെ സ്നേഹസ്പർശം '
മണ്ണാർക്കാട്:ഇല്ലാത്തവനെയും കൂടി ചേർത്ത് പിടിച്ച് ആഘോഷിക്കേണ്ടതാണ് ഓണം എന്നത് പ്രവൃർത്തിയിലൂടെ നടപ്പാക്കി കാണിക്കുകയാണ് പള്ളിക്കുറുപ്പിന്റെ സ്വന്തം മാത്യു മാസ്റ്റർ.ജാതി മത ഭേദമെന്യേ പ്രദേശത്തെ പാവപ്പെട്ടവർക്കായി കഴിഞ്ഞ 21 വർഷമായി സ്നേഹസ്പർശം എന്ന പേരിൽ തുടർന്നു വരുന്ന ഓണക്കോടി വിതരണവും ഓണ സദ്യയും കൂടുതൽ വിപുലമായ രീതിയിൽ ഇക്കുറിയും നടപ്പാക്കിയാണ് പള്ളിക്കുറുപ്പ് മുണ്ടപോക്കിൽ
കാതിരുമോളയിൽ വീട്ടിൽ മാത്യു മാഷ് മാതൃകയാകുന്നത്.
തന്റെ വീടിന് സമീപ പ്രദേശങ്ങളിലെ 250 കുടുംബങ്ങൾക്കാണ് ഇത്തവണ മാഷിന്റെ ഓണക്കോടി ലഭിച്ചത്. മാഷിന്റെ വീട്ടിൽ വച്ച് നടന്ന ഓണക്കോടി വിതരണ ചടങ്ങ് കാരാകുർശ്ശി പഞ്ചായത്ത് പ്രസിഡന്റ് പ്രേമലത ഉദ്ഘാടനം ചെയ്തു.
പ്രദേശവാസികൾക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും നൽകി. വാർഡ് മെമ്പർ ചന്ദ്രിക,ഫാദർ ബിജു പ്ലാത്തോട്ടം,ഫാദർ ബിനു പൊൻകാട്ടിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
പള്ളിക്കുറുപ്പ് സ്കൂളിലെ അധ്യാപകനായിരുന്ന മാത്യു മാസ്റ്റർ 2001 മുതലാണ് ഈ നന്മയാർന്ന പ്രവർത്തിക്ക് തുടക്കം കുറിച്ചത്.ആദ്യ വർഷം 50 കുടുംബങ്ങൾക്ക് നൽകി വന്നിരുന്നതാണ് 21 വർഷങ്ങൾക്കിപ്പുറം 250 ലേറെ കുടുംബങ്ങൾക്കായി എത്തിച്ചേർന്നിരിക്കുന്നത്.
ഇത് കൂടാതെ വിവിധ ബുദ്ധിമുട്ടുകളറിയിച്ച് സമീപിക്കുന്ന പാവപ്പെട്ടവരെ സാമ്പത്തികമായും മറ്റു ചികിത്സ സഹായമായും സഹായിച്ചും മാഷ് നാട്ടുകാർക്കൊപ്പമുണ്ട്.
പാവപ്പെട്ടവരെ ചേർത്ത് പിടിച്ച് കഴിയുംവിധം അവരെ സഹായിക്കണമെന്നുമുള്ള തന്റെ പിതാവിന്റെ വാക്കുകളാണ് സ്നേഹസ്പർശ പദ്ധതിയിലൂടെ താൻ നടപ്പാക്കുന്നതെന്നും ഭാവിയിൽ തന്റെ മക്കളും ഇത് തുടർന്നുകൊണ്ട് പോകണമെന്ന പ്രതീക്ഷയും ആഗ്രഹവുമാണ് തനിക്കുളളതെന്നും മാത്യു മാഷ് പറയുന്നു.
പള്ളിക്കുറുപ്പ് സ്കൂളിലെ അധ്യാപികയായിരുന്ന ഭാര്യ അന്നമ്മയും മക്കളായ ജോർജ് മാത്യുവും ഡോ:ജ്യോതിസ് മാത്യുവും ഒരേ മനസ്സോടെ സമൂഹത്തിന് തന്നെ മാതൃകയായ പദ്ധതിക്ക് തുണയായുണ്ട്.
നല്ലൊരു ജൈവകർഷകൻ കൂടിയായ മാത്യു മാഷ് ജൈവ കൃഷി തോട്ടവും മത്സ്യ കൃഷിയും വീട്ടിൽ ചെയ്തു വരുന്നു.
വെച്ചൂർ പശുക്കളുടെ ഫാമും മാഷിനുണ്ട്.