15/07/2026
*INTUC കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പ്രസ്താവന*
തൊഴിലാളികൾക്ക് വേണ്ടി ഏതറ്റം വരെയും പോകും ഡോ : ജോസ് ജോർജ് പ്ലാത്തോട്ടം
വഴിയോര കച്ചവട തൊഴിലാളികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് INTUC നടത്തിയ കോർപ്പറേഷൻ ഓഫീസ് സമരവും, അതുമായി ബന്ധപ്പെട്ട് ഉടലെടുത്തിട്ടുള്ള വിവാദങ്ങളും സംബന്ധിച്ച് ചില കാര്യങ്ങൾ ഇവിടെ കുറിക്കാതിരിക്കാൻ നിർവാഹമില്ല. ചില നേതാക്കന്മാർ നടത്തിയ അർത്ഥശൂന്യമായ പ്രസ്താവനകൾക്കുള്ള മറുപടി അല്ല ഇത്.INTUC എന്ന തൊഴിലാളി സംഘടനയുടെ ഭരണഘടനയും, അതിന്റെ നയങ്ങളെ സംബന്ധിച്ചുമു ള്ള ചില യാഥാർത്ഥ്യങ്ങളാണ് ഇവിടെ കുറിക്കുന്നത്. സ്വാതന്ത്ര്യ ലബ്ദിക്കു മുൻപ് നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയും, ജവഹർലാൽ നെഹ്റുവും ഉൾപ്പെടെയുള്ള നേതാക്കന്മാർ നിർമ്മിച്ച തൊഴിലാളി സംഘടനയാണ് INTUC. അതിന്റെ ഭരണഘടന ഉണ്ടാക്കിയതും അവർ തന്നെ. ഇന്ന് ഇന്ത്യയിൽ കാണുന്ന വികസനത്തിന്റെയും പുരോഗതിയുടെയും മുഖ്യപങ്കു വഹിച്ചവർ വ്യത്യസ്ത മേഖലകളിൽ പണിയെടുക്കുന്ന ഇന്ത്യയിലെ തൊഴിലാളികളാണ്. അവരുടെ ഉന്നമനത്തിനും, അവകാശങ്ങൾക്കും വേണ്ടി ജവഹർലാൽ നെഹ്റു മുതൽ മൻമോഹൻ സിംഗ് വരെയുള്ള ഇന്ത്യയുടെ പ്രധാനമന്ത്രിമാർ ഇന്ത്യൻ പാർലമെന്റിൽ പാസാക്കിയ തൊഴിൽ നിയമങ്ങളാണ് എക്കാലത്തും അവരുടെ ശക്തിയും കരുത്തും എന്നത് വസ്തുതയാണ്. അവരുടെ അവകാശങ്ങൾ ഹനിക്കപ്പെട്ടപ്പോഴെല്ലാം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും, ബഹു. നീതിപീഠങ്ങളും അവരുടെ രക്ഷയ്ക്ക് എത്തിയിട്ടുണ്ട് എന്നത് ചരിത്രം അറിയാവുന്നവർക്ക് മനസ്സിലാകും. ഇന്ത്യയ്ക്കകത്തും പുറത്തും(ILO) തൊഴിലാളികളെ പ്രതിനിധാനം ചെയ്യുന്ന സംഘടനയാണ്INTUC. ഏത് ഗവൺമെന്റുകൾ ഭരിച്ചാലും തൊഴിൽ നിയമങ്ങൾ ഹനിക്കപ്പെടുന്നിടത്ത് INTUC എന്ന സംഘടന തൊഴിലാളികളുടെ സംരക്ഷണത്തിന് എത്തിയിട്ടുണ്ട്. ഈ സംഘടന നിലനിൽക്കുന്നിടത്തോളം കാലം അത് ഇനിയും ഉണ്ടാകും. പണിയെടുക്കുന്നവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും ചേർത്തുനിർത്തുക എന്നതാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എക്കാലത്തും സ്വീകരിച്ചിട്ടുള്ള നിലപാട്. എല്ലാ INTUC ക്കാരും കോൺഗ്രസുകാരാണ് എന്നാൽ എല്ലാ കോൺഗ്രസ്സുകാരും INTUC കാർ അല്ല എന്നതും നാം മനസ്സിലാക്കണം.
ഇനി വഴിയോര കച്ചവട തൊഴിലാളികളെ സംബന്ധിച്ച് ചില കാര്യങ്ങൾ കൂടി കുറിക്കട്ടെ. ബോംബെയിലെ ആയിരക്കണക്കിന് വഴിയോര കച്ചവടക്കാരെ നിഷ്കരുണം കുടിയൊഴിപ്പിച്ചുകൊണ്ട് ബോംബെയിലെ തെരുവോരങ്ങൾ വികസിപ്പിക്കാൻ കോർപ്പറേഷൻ കൈകൊണ്ട തീരുമാനത്തിനെതിരെ 2013ൽ ഇന്ത്യയുടെ ബഹു. സുപ്രീംകോടതി തൊഴിലാളികൾക്ക് അനുകൂലമായി നൽകിയ വിധിയുടെ അടിസ്ഥാനത്തിലാണ് 2014 ൽ ഇന്ത്യൻ പാർലമെന്റിൽ സ്ട്രീറ്റ് വെ ൻഡേഴ്സ് ആക്ട് എന്ന പേരിൽ നിയമം നിർമ്മിച്ചുകൊണ്ട് അവരെ സംരക്ഷിക്കാൻ തീരുമാനമായിട്ടുള്ളത്. ഇതിന്റെ മാർഗ്ഗരേഖയും, സ്ട്രീറ്റ് വേണ്ടഴ്സ് കമ്മിറ്റിയുടെ ഘടനയും ഈ നിയമത്തിൽ നിഷ്കർഷിച്ചിട്ടുണ്ട്. മൂന്നുവർഷത്തിലൊരിക്കൽ പുനർ നിർമ്മിക്കേണ്ട ഈ കമ്മിറ്റി 60 ദിവസത്തിൽ ഒരിക്കൽ ചേരേണ്ടതാണെന്നും, കലക്ടർ, കോർപ്പറേഷൻ, പോലീസ്, ആരോഗ്യ വകുപ്പ്, തൊഴിലാളികളുടെ പ്രതിനിധികളായ 10 പേർ തുടങ്ങി നിരവധി ആളുകളുടെ പങ്കാളിത്തത്തോടെ ചർച്ച ചെയ്തു എടുക്കേണ്ട തീരുമാനങ്ങൾ ഒന്നും നടപ്പിലാക്കാതെ, സംഘടനാ പ്രതിനിധികളെ കേൾക്കാൻ തയ്യാറാകാതെ വഴിയോരക്കച്ചവടക്കാരെ ഉന്മൂലനം ചെയ്യാൻ കോർപ്പറേഷൻ സ്വീകരിച്ച ഏകപക്ഷീയമായ തീരുമാനത്തിനെതിരെയാണ് തൊഴിലാളികൾ കോർപ്പറേഷനു മുൻപിലേക്ക് സമരവുമായി എത്തിയത്. ഇത് ആദ്യത്തേതും അവസാനത്തേതും അല്ല നിയമം നിഷേധിക്കപ്പെടുന്നിടത്ത് INTUC യുടെ നേതൃത്വത്തിൽ ഇനിയും സമരങ്ങൾ ഉണ്ടാകും അതിനുവേണ്ടിയുള്ളതാണ് തൊഴിലാളി സംഘടന. സ്ട്രീറ്റ് വെ വേണ്ടഴ്സ് സ് ആക്ടിൽ നിഷ്കർഷിക്കുന്ന ഉപജീവനമാർഗത്തിന് വേണ്ടി വഴിയോരത്ത് കച്ചവടം ചെയ്യുന്നവരെ ഒഴിപ്പിക്കുകയും, നിയമവിരുദ്ധമായി ഫൈവ് സ്റ്റാർ ഹോട്ടലുകളെ വെല്ലുന്ന തരത്തിൽ കണ്ണൂർ കോർപ്പറേഷൻ പരിധിയിലുള്ള താഴെ ചൊവ്വ യിലെ റോഡ് കൈയേറി വ്യവസായിക അടിസ്ഥാനത്തിൽ നടത്തുന്ന തട്ടുകടകളെ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്ന കോർപ്പറേഷൻ നടപടി തിരുത്തേണ്ടതിനു പകരം പാവപ്പെട്ടവരുടെ ഉപജീവനമാർഗ്ഗത്തിനു വേണ്ടി സമരം ചെയ്യുന്ന INTUC പോലുള്ള സംഘടനകളെ രാവിലെയും, ഉച്ചയ്ക്കും, വൈകിട്ടും ചാനലിന് മുമ്പിൽ വന്നിരുന്നു വിമർശിക്കുമ്പോൾ ഈ തൊഴിലാളികളും പാർട്ടിക്കുവേണ്ടി വിയർപ്പൊഴുക്കിയവരും, നിങ്ങളെയൊക്കെ തിരഞ്ഞെടുത്തയച്ചവരും ആണെന്ന് കാര്യം വിസ്മരിക്കാതിരിക്കുന്നതാ ണ് നമുക്കെല്ലാവർക്കും നല്ലത്.