30/05/2026
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി സീറ്റ് നൽകി പ്രചരണവും തുടങ്ങി പിന്നീട് പിന്മാറേണ്ടി വന്ന വേദന നിറഞ്ഞ ഓർമ്മയാണ് ധനപാലനെ കുറിച്ച് എന്നും മനസ്സിലേക്കോടിയെത്തുന്നത്. പക്ഷേ പാർട്ടിയാണ്, കോൺഗ്രസ് പ്രസ്ഥാനമാണ് എല്ലാത്തിലും വലുത് എന്നു പറഞ്ഞ് അച്ചടക്കത്തോടെ അദ്ദേഹം മാറി നിന്നു. അത് പകരം വയ്ക്കാനില്ലാത്ത ഒരു മാതൃകയായിരുന്നു.
പിന്നീട് പാർട്ടി 2009 ൽ അദ്ദേഹത്തെ ലോക്സഭയിലേക്ക് മത്സരിക്കാൻ നിയോഗിച്ചു. പ്രസ്ഥാനം പറയുന്നതെന്തും ശിരസാവഹിക്കാൻ നിയോഗിക്കപ്പെട്ട ഒരു പ്രവർത്തകനാണ് താനെന്ന വാക്കുകളോടെ മത്സരിച്ച അദ്ദേഹം മികച്ച വിജയം നേടി ലോക്‌സഭയിലെത്തി.
സൗമ്യമായ മുഖവും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും ആദർശവുമായിരുന്നു ഞങ്ങൾക്കിടയിൽ ധനപാലൻ. എതിർ രാഷ്ട്രീയ ചേരികൾക്ക് പോലും സ്വീകാര്യനായിരുന്ന, ഒട്ടേറെ പ്രവർത്തന മണ്ഡലങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കെപി ധനപാലന്റെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിന് മാത്രമല്ല, നാടിനും തീർത്താൽ തീരാത്ത നഷ്ടമാണ്.
ചാലക്കുടി എംപി, എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, കെപിസിസി വൈസ് പ്രസിഡന്റ് എന്നിങ്ങനെ പദവികൾ വഹിച്ച, നിസ്വാർത്ഥ സേവകൻ കൂടിയായിരുന്നു ധനപാലൻ പ്രസ്ഥാനത്തിന്. ആത്മബന്ധമുണ്ടായിരുന്നു, എക്കാലവും ഞാനും ധനപാലനും തമ്മിൽ. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ,സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് അദ്ദേഹം ആര്‍ജിച്ചെടുത്ത ജനകീയ അടിത്തറയാണ് കരുത്തനായ നേതാവായി വളരാന്‍ കെപി ധനപാലനെന്ന പൊതുപ്രവര്‍ത്തകന് കരുത്തേകിയത്.
2009 മുതൽ 2014 വരെയുള്ള കാലഘട്ടം ലോക്സഭയിലും ഞങ്ങൾ ഒന്നിച്ചുണ്ടായി. രാഷ്ട്രീയവും പൊതുകാര്യങ്ങളും കുടുംബവിശേഷങ്ങളുമൊക്കെ അന്ന് ഞങ്ങൾക്കിടയിൽ സജീവ ചർച്ചകളായിരുന്നു. ഏത് തിരക്കുകൾക്കിടയിലും മണ്ഡലത്തെയും ജനങ്ങളെയും മറക്കാത്ത കെപി ധനപാലൻ എന്ന രാഷ്ട്രീയ നേതാവ്, വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങളിലേക്ക് കടന്നുവരുന്ന ഓരോരുത്തർക്കും മാതൃക കൂടിയാണ്.
കുടുംബാഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നു. ആദരാഞ്ജലികൾ.