08/06/2026
സമീപകാല ഇന്ത്യ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന വലിയ വിഷയങ്ങളാണ് നീറ്റ് ചോദ്യ പേപ്പർ ചോർച്ചയും സിബിഎസ്ഇ 12-ാം ക്ലാസ് ഫല പ്രഖ്യാപനത്തിലുണ്ടായ ഗുരുതര വീഴ്ചയും. ഇത് ആദ്യത്തേതായിരുന്നില്ല എന്നതിനാലാണ്, ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായത്. എഐഎസ്എഫ് ഉൾപ്പെടെ വിദ്യാർത്ഥി സംഘടനകളും വിദ്യാഭ്യാസ പ്രവർത്തകരും ഈ ആവശ്യം ഉന്നയിച്ച് പ്രക്ഷോഭം നടത്തിവരികയാണ്. അതിനിടയിലാണ് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) യെന്ന പേരിൽ പുതിയൊരു സമൂഹമാധ്യമ കൂട്ടായ്മ രൂപം കൊണ്ടത്. പ്രധാനമായും പരീക്ഷാ കുംഭകോണമാണ് അവര്‍ ഉന്നയിച്ചതെങ്കിലും യുവാക്കൾ അഭിമുഖീകരിക്കുന്ന മറ്റ് പ്രശ്നങ്ങളും ചർച്ചാ വിഷയമായി. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ നിന്ന് ആ കൂട്ടായ്മയും പരസ്യ പ്രക്ഷോഭത്തിന് തയ്യാറായി. ഉന്നയിക്കുന്ന വിഷയം സമകാലികവും സുപ്രധാനവുമാണ് എന്നതിനാൽ ഇതര വിദ്യാർത്ഥി, യുവജന, മഹിളാ സംഘടനകളും പാർട്ടികളും പ്രക്ഷോഭത്തിന് പിന്തുണ നൽകുകയും ഐക്യദാർഢ്യവുമായെത്തുകയും ചെയ്തു. തുടക്കം മുതൽതന്നെ സിജെപി കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ നോട്ടപ്പുള്ളിയായിരുന്നു. അതിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളിലെ സാന്നിധ്യം ഇല്ലാതാക്കുന്നതിന് ശ്രമങ്ങളും കേന്ദ്രസർക്കാർ നടത്തുകയുമുണ്ടായി. എങ്കിലും പുതിയ തലമുറയുടെ വർധിത പിന്തുണയോടെ മുന്നോട്ടുപോകുകയാണ് സംഘടന. പക്ഷേ ഏതുവിധേനയും സംഘടനയെയും അവരുടെ കൂടെച്ചേരാൻ സന്നദ്ധമായവരെയും പരാജയപ്പെടുത്താമെന്ന വ്യാമോഹത്തിൽ കായികമായി കൈകാര്യം ചെയ്യുന്ന സമീപനം കേന്ദ്ര ഭരണത്തിന് നേതൃത്വം നൽകുന്ന ബിജെപിയുടെ പിന്നണി സംഘടനകളിൽ നിന്നുണ്ടാകുന്നുണ്ട്.
അതിന്റെ തെളിവായിരുന്നു കഴിഞ്ഞ ദിവസം രാജ്യ തലസ്ഥാനത്ത് നടന്ന പ്രതിഷേധത്തിൽ ഐക്യദാർഢ്യവുമായെത്തിയ സിപിഐ, എൻഎഫ്ഐഡബ്ല്യു, എഐവൈഎഫ്, എഐഎസ്എഫ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ ഉണ്ടായ അതിക്രമം. പ്രക്ഷോഭം നടന്ന ജന്തർ മന്തറിൽ കൂടി നിന്ന് പ്രവർത്തകർക്കൊപ്പം മുദ്രാവാക്യം വിളിക്കുകയായിരുന്ന സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ആനി രാജ, എഐഎസ്എഫ് പ്രസിഡന്റ് വീരജ് ദേവാംഗ്, എഐവൈഎഫ് സെക്രട്ടറി ഹരീഷ് ബാല, ഡൽഹി സംസ്ഥാന സെക്രട്ടറി ഷിജോ വർഗീസ്, എൻഎഫ്ഐഡബ്ല്യു ജനറൽ സെക്രട്ടറി നിഷ സിദ്ധു തുടങ്ങിയവർക്കു നേരെയായിരുന്നു ആക്രമണമുണ്ടായത്. ഒരു സംഘം ക്രിമിനലുകൾ ആർഎസ്എസ് സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി പ്രവർത്തകർക്ക് ഇടയിലേക്ക് അതിക്രമിച്ച് കയറിയത് ചോദ്യംചെയ്തപ്പോൾ നേതാക്കളെ ആക്രമിക്കുകയായിരുന്നു. നിഷ സിദ്ധുവിനെയും മൂന്ന് പ്രവർത്തകരെയും തള്ളിയിടുകയും ചെയ്തു. ഇതിനിടയിലാണ് ആനി രാജയ്ക്കുനേരെ കയ്യേറ്റമുണ്ടായത്.
ജനകീയ പ്രശ്നങ്ങളുന്നയിച്ച് നടക്കുന്ന പല സമരങ്ങൾക്കും നേരെ അസഹിഷ്ണുക്കളായ ആർഎസ്എസ്-സംഘ്പരിവാർ സംഘടനകളുടെ ഭാഗത്തുനിന്ന് ഇതുപോലെ അതിക്രമങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ട്. 2017-18 കാലത്ത് യുജിസിയുടെ വിദ്യാർത്ഥി വിരുദ്ധ നടപടികൾക്കെതിരെ നടന്ന, ഡൽഹിയെ പിടിച്ചുലച്ച പ്രക്ഷോഭത്തിന് നേരെയും ആർഎസ്എസ് അതിക്രമങ്ങളുണ്ടായി. പിന്നീട് പൗരത്വ ഭേദഗതി നിയമത്തി (സിഎഎ)നെതിരായി രാജ്യ വ്യാപക പ്രക്ഷോഭമുണ്ടായപ്പോഴും സമാന രീതിയിലുള്ള കയ്യേറ്റങ്ങളും അതിക്രമങ്ങളും നടന്നു. ജാമിയ മിലിയയിലും ഷഹീൻ ബാഗിലുമൊക്കെ നടന്ന പ്രതിഷേധങ്ങളെ നേരിടുന്നതിന് ഡൽഹി പൊലീസ് മാത്രമല്ല ഈ സംഘടനകളും രംഗത്തുണ്ടായിരുന്നു. അത് കായികമായ അതിക്രമങ്ങളായതും നിരവധി പേർക്ക് പരിക്കേറ്റതും നാം കണ്ടതുമാണ്. ഒരുവിധത്തിലും തകർക്കാനാകില്ലെന്ന് വന്നപ്പോൾ ഡൽഹി കലാപം സൃഷ്ടിച്ചതും നമ്മുടെ മുന്നിലുണ്ട്. ഐതിഹാസിക കർഷക പ്രക്ഷോഭത്തെ തകർക്കുന്നതിനുള്ള ഡൽഹി പൊലീസിന്റെ ശ്രമങ്ങളിൽ കൂട്ടാളികളായും ഈ സമൂഹവിരുദ്ധ സംഘങ്ങളുണ്ടായിരുന്നു. കേന്ദ്രസർക്കാരിനും സംഘ്പരിവാര്‍ നയങ്ങൾക്കുമെതിരായി വിവിധ ഘട്ടങ്ങളിൽ ജന്തർ മന്തറിലും മറ്റിടങ്ങളിലും നടക്കുന്ന സമരങ്ങൾക്കെതിരെ പലപ്പോഴും ഇതുപോലുള്ള ഇടപെടലുകൾ ഉണ്ടാകുന്നത് പതിവായിരിക്കുകയാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ ദിവസം നടന്ന ആക്രമണവും ബോധപൂർവമാണെന്ന് അനുമാനിക്കാവുന്നതാണ്. ഭരണ പരാജയങ്ങൾക്കെതിരായ പൊതുജനരോഷം ശക്തിപ്പെടുന്നത് ആക്രമമാർഗങ്ങളിലൂടെ തടയുന്നതിന് ഭരണകൂട സംവിധാനങ്ങളെ ഉപയോഗിച്ചുകൊണ്ട് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര - സംസ്ഥാന സർക്കാരുകൾ കിണഞ്ഞുശ്രമിക്കുന്നുണ്ട്. അതുകൂടാതെയാണ് ആക്രമിച്ച് ഒതുക്കാമെന്ന വ്യാമോഹത്തോടെ ഇത്തരം കുറ്റവാളി സംഘങ്ങളെ അഴിച്ചുവിടുന്നത്. ഇത് സമരം ചെയ്യാനും പ്രതിഷേധിക്കാനും അഭിപ്രായ പ്രകടനത്തിനുമുള്ള ജനാധിപത്യപരമായ അവകാശങ്ങളെ ഹനിക്കുന്നതാണ്. അഭിപ്രായ സ്വാതന്ത്ര്യം, പ്രതിഷേധിക്കാനുള്ള അവകാശം എന്നീ സൂചികകളിൽ ഇന്ത്യ പിറകോട്ടാണെന്ന ആഗോള റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ അത് നിരാകരിക്കുന്നവരാണ് കേന്ദ്ര ഭരണാധികാരികളും ബിജെപി ഉൾപ്പെടെ സംഘടനകളും. അങ്ങനെയൊരു സാഹചര്യത്തിലാണ് ഇത്തരം നിഷ്‌ഠൂരമായ ആക്രമണങ്ങളെന്നതിനാൽ തങ്ങളുടെ ആത്മാർത്ഥത തെളിയിക്കുന്നതിനെങ്കിലും ഇത്തരം കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തയ്യാറാകണം.