11/11/2023
ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലാ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷ പരിപാടികളുടെ തുടക്കമായി വിളംബര ഘോഷയാത്ര സംഘടിപ്പിക്കുകയുണ്ടായി. ജവഹർ ബാലഭവനിൽ നിന്ന് ആരംഭിച്ച കളക്ടറേറ്റ് പരിസരത്ത് അവസാനിച്ച ഘോഷയാത്ര ആലപ്പുഴ മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി കെ കെ ജയമ്മ ഫ്ലാഗ് ഓഫ് ചെയ്തു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ : വി വി അനിൽകുമാർ നയിച്ച റാലിയിൽ ദേശീയ ആയുഷ്മീഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ : ശ്രീജിനൻ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ആലപ്പുഴ ജില്ലാ പ്രസിഡന്റ് Dr രഞ്ജിത്ത്, ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഡോ ശിനോയ് എന്നിവരും 300 ഓളം പേരും പങ്കെടുക്കുകയുണ്ടായി.
കളക്ടറേറ്റ് ഹാളിൽ പത്താം തീയതി ജീവനക്കാർക്കായി നടത്തുന്ന പരിശീലന പരിപാടി കളക്ടർ ഉദ്ഘാടനം ചെയ്യുന്നതാണ്. കർഷകർക്കായി ഔഷധസസ്യ കൃഷിയെക്കുറിച്ചും സർക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ചും അതിന്റെ വിപണന സാധ്യതകളെക്കുറിച്ചും ഉള്ള സെമിനാർ, ഫ്ലാഷ് മോബ്, ഔഷധസസ്യ ഉദ്യാനം, കുടുംബശ്രീ അംഗങ്ങൾക്കായി ചെറു ധാന്യങ്ങളെ കുറിച്ചുള്ള പരിശീലന പരിപാടി, ദൈനംദിന ജീവിതത്തിൽ ആയുർവേദം നിർദ്ദേശിക്കുന്നവ എങ്ങനെ ശീലമാക്കാം എന്ന വിഷയത്തിൽ സെമിനാർ ആയുർവേദ എക്സ്പോ, പഞ്ചായത്തുകൾ തോറും മെഡിക്കൽ ക്യാമ്പുകൾ അംഗനവാടികളിലെ കുട്ടികൾക്കായി ആരോഗ്യപരിശോധന ക്യാമ്പുകൾ, മെഗാ മെഡിക്കൽ ക്യാമ്പുകൾ എന്നിവയെല്ലാം ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ സംഘടിപ്പിക്കുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ Dr വി വി അനിൽകുമാർ അറിയിച്ചു