26/05/2026
ബംഗാളിൽ “അധർമ്മം”, കേരളത്തിൽ “അത് ധർമ്മം”.. ഇരട്ടത്താപ്പിനും വേണ്ടേ ഒരതിര് ?
ജനാധിപത്യത്തിന്റെ കാവലാളാകേണ്ട ചീഫ് ഇലക്ടറൽ ഓഫീസറെ, തിരഞ്ഞെടുപ്പിന് തൊട്ട് പിന്നാലെ കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ വിശ്വസ്തനായ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിക്കാനുള്ള നീക്കം ഭരണഘടനാ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ്. ബിജെപി സംസ്ഥാന കമ്മിറ്റിയുടെ സീൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക ലെറ്റർ പാടിൽ പുറത്ത് വന്നതും ഇതേ ഉദ്യോഗസ്ഥന് കീഴിലായിരുന്നു എന്നതും ഈ അവസരത്തിൽ പ്രത്യേകം എടുത്ത് പറയേണ്ടതാണ്. നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട ഉന്നത ഉദ്യോഗസ്ഥർക്ക് ഭരണകൂടം നൽകുന്ന ഈ 'പാരിതോഷികങ്ങൾ' വരുംകാലത്തെ തിരഞ്ഞെടുപ്പ് പ്രക്രിയകളുടെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്നു.
ഇവിടെയാണ് കോൺഗ്രസിന്റെ രാഷ്ട്രീയ നാടകം പുറത്തുവരുന്നത് !
ബംഗാളിലെ ചീഫ് ഇലക്ഷൻ കമ്മീഷണറെ ചീഫ് സെക്രട്ടറിയാക്കിയ നീക്കത്തെ ഭരണഘടനാ വിരുദ്ധമെന്ന് വിളിച്ചവർ, കേരളത്തിൽ മുഖ്യമന്ത്രിയുടെ സമാനമായ നിയമനങ്ങൾക്കെതിരെ എന്ത് കൊണ്ട് മിണ്ടുന്നില്ല ?
ബംഗാളിൽ അതിനെ "ജനാധിപത്യ വിരുദ്ധം" എന്ന് വിളിച്ച് ദേശീയ തലത്തിൽ മുറവിളി കൂട്ടുന്ന കോൺഗ്രസ് നേതൃത്വം, കേരളത്തിൽ സ്വന്തം മുഖ്യമന്ത്രി ഇതേ പാത പിന്തുടരുമ്പോൾ പുലർത്തുന്ന മൗനം ലജ്ജാകരമാണ്. ബംഗാളിലെ ബിജെപി മുഖ്യമന്ത്രിയുടെ നീക്കം തെറ്റാണെങ്കിൽ കേരളത്തിലേത് എങ്ങനെ ശരിയാകും?
ഭരണഘടനാ സ്ഥാപനങ്ങളുടെ അന്തസ്സ് പണയം വെച്ച് നടത്തുന്ന ഇത്തരം പിൻവാതിൽ നിയമനങ്ങളും, അതിന് കുടപിടിക്കുന്ന ചില മാധ്യമങ്ങളുടെ ഇരട്ടത്താപ്പും ജനങ്ങൾ തിരിച്ചറിയുന്നുണ്ട്.
നീതി ഒരു കണ്ണിന് ചുണ്ണാമ്പും മറു കണ്ണിന് വെണ്ണയുമാകരുത് !