12/05/2025
പ്ലസ് വൺ പ്രവേശനം അറിയേണ്ട കാര്യങ്ങൾ
വിദ്യാഭ്യാസകാലയളവിലെ നിർണായക ഘട്ടമാണ് ഹയർസെക്കൻഡറിതലം. അവിടെ കോഴ്സുകൾ തെരഞ്ഞെടുക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. സമീപ സ്കൂളുകളിൽ ഏതെല്ലാം വിഷയ കോമ്പിനേഷനുകളാണ് ഉള്ളതെന്നും അതിൽ തെരഞ്ഞെടുക്കേണ്ടത് ഏതാണെന്നും വ്യക്തമായി ആലോചിച്ച് വേണം അപേക്ഷ സമർപ്പിക്കാൻ. മെരിറ്റും വിദ്യാർഥികളുടെ ഓപ്ഷനുകളും പരിഗണിച്ച് സുതാര്യമായ രീതിയിലാണ് പ്രവേശന നടപടികൾ.
സയൻസ് വിഭാഗം:
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി, കംപ്യൂട്ടർ സയൻസ്, ഹോംസയൻസ്, ഇലക്ട്രോണിക്സ്, ജിയോജി, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി എന്നീ വിഷയങ്ങളിൽ നാലെണ്ണം വീതം ഉൾക്കൊള്ളുന്ന ഒമ്പത് കോമ്പിനേഷനിൽ പഠിക്കാൻ ഹയർസെക്കൻഡറി സയൻസ് വിഭാഗത്തിൽ അവസരമുണ്ട്.
ഹ്യുമാനിറ്റീസ് വിഭാഗം:
ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ജ്യോഗ്രഫി, സോഷ്യാളജി, ജിയോളജി, മ്യൂസിക്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, സോഷ്യൽ വർക്ക്, സൈക്കോളജി, ആന്ത്രപ്പോളജി, സ്റ്റാറ്റിസ്റ്റിക്സ്, മലയാളം, ഹിന്ദി, അറബിക്, ഉറുദു, കന്നഡ, തമിഴ്, സംസ്കൃതം സാഹിത്യ, സംസ്കൃതം ശാസ്ത്ര, ഇസ്ലാമിക് ഹിസ്റ്ററിയും സംസ്കാരവും, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ജേർണലിസം, ഇംഗ്ലീഷ് ലിറ്ററേച്ചർ എന്നീ 26 വിഷയത്തിൽ നാലെണ്ണം വീതം ഉൾക്കൊള്ളുന്ന 32 കോമ്പിനേഷനിൽ ഹ്യുമാനിറ്റീസ് വിഭാഗത്തിൽ പഠിക്കാൻ കഴിയും.
കൊമേഴ്സ് വിഭാഗം:
ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്സ്, അക്കൗണ്ടൻസി, കംപ്യൂട്ടർ ആപ്ലിക്കേഷൻ, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, പൊളിറ്റിക്കൽ സയൻസ് എന്നീ ഏഴ് വിഷയത്തിൽ നാലെണ്ണം വീതം വരുന്ന നാല് കോമ്പിനേഷനിൻ ഹയർ സെക്കൻഡറിയിലെ കൊമേഴ്സ് ഗ്രൂപ്പിൽ പഠിക്കാനായി ലഭ്യമാണ്.
പ്ലസ് വൺ അപേക്ഷകരുടെ ശ്രദ്ധക്ക് (ക്ലബ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട അറിയിപ്പ്)
സ്കൂൾ ക്ലബ്ബ് സർട്ടിഫിക്കറ്റുകൾ നിശ്ചിത മാതൃകയിൽ തന്നെ തയ്യാറാക്കുക.
വിവിധ ക്ലബ്ബുകളിൽ അംഗമായ കുട്ടികൾ നൽകേണ്ട സർട്ടിഫിക്കറ്റിന്റെ ഒരു ഫോർമാറ്റ് ഇത്തവണ പ്രോസ്പെക്ടസിന്റെ കൂടെ Appendix 4 ആയി നൽകിയിട്ടുണ്ട്.
ഈ ഫോർമാറ്റിൽ അല്ലാത്ത ക്ലബ്ബ് സർട്ടിഫിക്കറ്റുകൾ അഡ്മിഷൻ സമയത്ത് സ്വീകരിക്കുന്നതല്ല.
ഓൺലൈൻ അപേക്ഷാ സമയത്ത് ക്ലബ്ബ് അംഗമാണ് എന്ന് ടിക്ക് ചെയ്തു കഴിഞ്ഞാൽ നിർബന്ധമായും ആ സർട്ടിഫിക്കറ്റിന്റെ നമ്പറും തീയതിയും രേഖപ്പെടുത്തേണ്ടതുണ്ട്.
അല്ലാതെ ഒരിക്കലും ക്ലബ്ബ് സർട്ടിഫിക്കറ്റുകൾ ഉൾപ്പെടുത്താൻ കഴിയില്ല.
മറ്റു ഫോർമാറ്റുകളിൽ ക്ലബ്ബ് സർട്ടിഫിക്കറ്റുകൾ വാങ്ങിയിട്ടുള്ള വിദ്യാർത്ഥികൾ നിർദ്ദേശിക്കപ്പെട്ട ഫോർമാറ്റിൽ തന്നെ ഓരോ ക്ലബ്ബുകൾക്കും വേറെ വേറെ സർട്ടിഫിക്കറ്റുകൾ വാങ്ങേണ്ടതാണ്.
ഓരോ സർട്ടിഫിക്കറ്റുകൾക്കും പ്രത്യേക നമ്പറും തീയതിയും ഉണ്ടായിരിക്കണം.