23/08/2025
കൊച്ചി പരസ്യ സംവാദത്തിന് വെല്ലുവിളിച്ച കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ചുട്ടറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. മനോരമ ന്യൂസ് കോൺക്ലേവിലായിരുന്നു അമിത് ഷായുടെ വെല്ലുവിളിയും അതിന് വസ്‌തുതകളും കണക്കുകളും നിരത്തിയുള്ള മുഖ്യമന്ത്രിയുടെ മറുപടിയും. കേന്ദ്ര സർക്കാരാണ് ദുരന്തനിവാരണത്തിന് കേരളത്തിന് കൂടുതൽ പണം നൽകിയതെന്നായിരുന്നു അമിത് ഷായുടെ അവകാശവാദം. ഭരണഘടനയുടെ അനുഛേദം 280 പ്രകാരം ഒരോ അഞ്ചുവർഷം കൂടുന്തോറും ധനകാര്യ കമീഷനെ നിയമിക്കാൻ കേന്ദ്രം ബാധ്യസ്ഥമാണെന്നും ഇത് ഭരണഘന പ്രകാരമുള്ള സംസ്ഥാനങ്ങളുടെ അവകാശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര ധനകാര്യ കമീഷൻ്റെ പരിഗണനാ വിഷയങ്ങളിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റികൾക്കുള്ള കേന്ദ്രവിഹിതം നിശ്ചയിക്കാറുണ്ട്. ഇത് കേരളത്തിനു മാത്രം തരുന്ന പ്രത്യേക ഫണ്ടല്ല. ഇക്കാര്യം കേന്ദ്ര ആദ്യന്തരമന്ത്രി ഓർക്കണമായിരുന്നു ദുരന്ത പ്രതികരണനിധിയുടെ വലുപ്പം നിശ്ചയിക്കുന്നത് കേന്ദ്രസർക്കാരല്ല. ധനകാര്യ കമീഷനാണ്. ഭരണഘടനാദത്തമായ അവകാശത്തെ ബിജെപി സർക്കാരിന്റെ ഔദാര്യമാണെന്നു വ്യാഖ്യാനിക്കുന്നത് വസ്തുതാവിരുദ്ധമാണ്, സംസ്ഥാനത്തോടുള്ള അവഹേളനമാണത്.
വയനാട് ദുരന്തമുണ്ടായപ്പോൾ പ്രധാനമന്ത്രിയെത്തി ദുരന്തത്തിൻ്റെ വ്യാപ്തി നേരിട്ട് മനസിലാക്കിയെങ്കിലും ഒരു രുപപോലും കിട്ടിയില്ല. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമുണ്ടായപ്പോൾ കേരളത്തെ സഹായിക്കാൻ ലോകരാഷ്ട്രങ്ങൾ തയ്യാറായി ,പ്രധാനമന്ത്രിയെ വിളിച്ച് സഹായസന്നദ്ധത അറിയിച്ചു. അത് സ്വീകരിക്കില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. പ്രവാസി മലയാളികളിൽ നിന്നും സഹായം സ്വീകരിക്കാനുള്ള മന്ത്രിമാരുടെ വിദേശ പര്യടനത്തിനും അനുമതി നിഷേധിച്ചു. മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്ത് ദുരന്തമുണ്ടായപ്പോൾ രാജ്യത്തിന് പുറത്തുനിന്നും സഹായം സ്വീകരിച്ചിരുന്നു. സഹായത്തിൻ്റെ വലിപ്പത്തെ കുറിച്ച് പറയുമ്പോൾ ഇക്കാര്യങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി ഓർക്കണമായിരുന്നു.
വയനാട് മേപ്പാടി ദുരന്തത്തിൽ 2221 കോടിയുടെ നാശനഷ്ടം കണക്കാക്കിയെങ്കിലും ഒരുരൂപ പോലും കേന്ദ്രസഹായം ലഭിച്ചില്ല. ആ നാട്ടിൽ വന്ന് ഏറ്റവും കൂടുതൽ സഹായം നൽകിയെന്ന് പറയുമ്പോൾ അപാരമെന്നേ പറയാനുള്ളു. നമുക്ക് നാമേ തുണ എന്ന അവസ്ഥയിൽ ഒരുമയിലൂടെ അതിജീവനത്തിൻ്റെ മറ്റൊരു മാതൃക സൃഷ്ടിക്കാൻ കേരളത്തിന് കഴിഞ്ഞു. കേരളത്തിൻ്റെ മുന്നോട്ടുപോക്കിന് കേന്ദ്രനയങ്ങൾ വെല്ലുവിളി ഉയർത്തുന്നു. കേരളത്തെ തളർത്താനാണ് സാമ്പത്തിക ഉപരോധം കൊണ്ടുവന്നത്. അത് വിഷമമുണ്ടാക്കിയെങ്കിലും വികസന പ്രവർത്തനങ്ങൾ ഉപേക്ഷിച്ചില്ല ഒരുപദ്ധതിയും ഉപേക്ഷിച്ചില്ല, ഇനി ഉപേക്ഷിക്കുകയുമില്ല.
അടുത്ത നിയമസഭതെരഞ്ഞെടുപ്പിൽ അധികാരം പിടിക്കുമെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ 25 ശതമാനം വോട്ട് നേടുമെന്നുമാണ് അമിത്ഷായുടെ പ്രഖ്യാപനം. ബിജെപിക്ക് നൽക്കുന്ന വോട്ട് കേരളം നഷ്ടപ്പെടുത്തുമെന്ന തിരിച്ചറിവ് കേരളീയർക്കുള്ളതിനാലാണ് അവർക്ക് ഇവിടെ സ്വാധീനം ലഭിക്കാത്തത്. മുഖ്യമന്ത്രിമാരെയും. മന്ത്രിമാരെയും ജയിലിൽ അടച്ച് ഭരണ സ്ഥിരതയുണ്ടാക്കാനുള്ള നിയമത്തെയും പുതിയ ബിൽ കൊണ്ടുവന്നതിനെയും ന്യായീകരിക്കുന്നത് കണ്ടു. ദുരുപദിഷ്ടമായ നീക്കങ്ങൾ ഇനിയും നടത്താനുള്ള ബില്ലാണിത്. ഇത് ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.