08/10/2021
കാശ്മീരിൽ ഒരു സ്കൂൾ പ്രിൻസിപ്പാളിനേയും അദ്ധ്യാപകനേയും, അവരുടെ ഐഡന്റി കാർഡിലെ മതം നോക്കി, വേർതിരിച്ച് മാറ്റിനിറുത്തി വെടി വച്ചു കൊലപ്പെടുത്തിയ ഭീകരവാദികളുടെ നടപടിയിൽ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കഴിഞ്ഞ 3 ദിവസത്തിനുള്ളിൽ ഇത്തരത്തിൽ ആകെ 4 സാധാരണക്കാരെയാണ് ഭീകരവാദികൾ കൊലപ്പെടുത്തിയത്. അതിൽ രണ്ടു പേർ കാശ്മീരി പണ്ഡിറ്റുകളാണ്. ഒരാൾ സിഖ് മതവിശ്വാസിയും മറ്റൊരാൾ ബീഹാറിൽ നിന്നുള്ള തെരുവോര കച്ചവടക്കാരനുമാണ്.
ആർട്ടിക്കിൾ 370 റദ്ദാക്കി, കാശ്മീരിനെ എല്ലാ അർത്ഥത്തിലും ഭാരതത്തിന്റെ ഭാഗമാക്കിയതിനു ശേഷം, ഭീകരവാദത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്നും കാശ്മീർ ശാന്തിയുടേയും വികസനത്തിന്റേയും ക്രിയാത്മകതയുടേയും വഴികളിലൂടെ സഞ്ചരിച്ചു തുടങ്ങുകയാണ്. പതിറ്റാണ്ടുകൾക്ക് മുൻപ് ആട്ടിയോടിക്കപ്പെട്ട കാശ്മീരി പണ്ഡിറ്റുകൾ പുനരധിവസിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഒരു കാലത്ത് ഭാരതത്തിന്റെ സൈന്യത്തെ കല്ലെറിയുവാൻ നടന്നിരുന്ന കാശ്മീരി യുവജനത, വിദ്യാഭ്യാസത്തിന്റേയും കച്ചവടത്തിന്റേയും സൈനിക സേവനത്തിന്റേയുമൊക്കെ വഴികൾ തെരഞ്ഞെടുത്ത് കൊണ്ട് രാഷ്ട്ര പുന:നിർമ്മാണത്തിൽ പങ്കാളികളാകുവാൻ മുന്നോട്ടു വരുന്നു. കാശ്മീരിൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുവാൻ കമ്പനികൾ മുന്നോട്ടു വരുന്നു. അക്ഷരാർത്ഥത്തിൽ കാശ്മീർ മാറുകയാണ്. കവി പാടിയതു പോലെ, ലോകത്തിലെ സ്വർഗ്ഗമായി കാശ്മീർ മാറുന്നു.
ഈ ഒരു സാഹചര്യത്തിലാണ് കാശ്മീരിനെ അശാന്തമാക്കി, വിദ്വേഷത്തിന്റെ വിത്തു മുളപ്പിക്കുവാൻ വീണ്ടും പഴയ വിധ്വംസക ശക്തികൾ ശ്രമിക്കുന്നത്. കാശ്മീരിനെ എക്കാലവും അസ്ഥിരമാക്കി നിലനിറുത്തേണ്ടത് അവരുടേയും അവരെ നിയന്ത്രിക്കുന്ന, അവർക്കായി വാദിക്കുന്ന അകത്തും പുറത്തും ഉള്ള വിഘടനവാദികളുടേയും ആവശ്യമാണ്. അതിന്റെ ഭാഗമാണ് കഴിഞ്ഞ ദിവസങ്ങളിൽ കാശ്മീരിൽ നടന്ന ഭീകരാക്രമണങ്ങൾ. അദ്ധ്യാപകരേയും സ്ത്രീകളേയുമൊക്കെ അവരുടെ മതം നോക്കി കൊലപ്പെടുത്തുകയാണ്. ഈ ഭീകരതയ്ക്കും ഭീഷണികൾക്കും മുന്നിൽ ഭാരതീയർ മുട്ടുമടക്കില്ല. ഒറ്റക്കെട്ടായി നിന്ന് നാം പോരാടും. കാശ്മീരിനെ ഭാരതത്തിലെ സ്വർഗ്ഗമാക്കി മാറ്റും..