07/09/2025
വീണ്ടും ഒരു ഓണക്കാലം. ആഘോഷങ്ങളുടെയും സ്നേഹനിർഭരമായ കൂടിച്ചേരലുകളുടെയും സന്തോഷമാണെവിടെയും. രണ്ടാം പിണറായി സർക്കാരിന്റെ അഞ്ചാമത്തെ ഓണക്കാലമാണിത്. അസാധാരണവും മുൻപില്ലാത്തതുമായ സാമ്പത്തിക വെല്ലുവിളികൾ ഈ നാലര വർഷക്കാലം സർക്കാരിനു നേരിടേണ്ടി വന്നു. ധനകാര്യ മന്ത്രി എന്ന നിലയിൽ കഠിനമായ പ്രയാസ കാലങ്ങളിലൂടെ കടന്നു പോകേണ്ടിയും വന്നു. നികുതി വിഹിതം കുറവു ചെയ്തും കടപരിധി വെട്ടിക്കുറച്ചും ബഹുമുഖമായി കേന്ദ്രസർക്കാർ നമ്മളെ ബുദ്ധിമുട്ടിച്ചു. തനതു വരുമാനം പരമാവധി വർദ്ധിപ്പിച്ചു കൊണ്ടാണ് ഈ നടപടികളെ സർക്കാർ ഒരു പരിധി വരെയെങ്കിലും നേരിട്ടത്. സംസ്ഥാനത്തിന്റെ തനത് വരുമാനം ഏതാണ്ട് ഒരു ലക്ഷം കോടിയിലേക്കും ബജറ്റ് വലിപ്പം രണ്ട് ലക്ഷം കോടിയിലേക്കും ഇന്ന് വളർന്നിരിക്കുന്നു. അത് അഭിമാനപൂർവ്വം നിങ്ങളോട് പറയേണ്ടതുണ്ട്.
ഇപ്പോൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന ജി എസ് ടി നിരക്കുകളിലെ കുറവുകളും സംസ്ഥാന വരുമാനത്തിൽ ഇടിവുണ്ടാക്കും. സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാന നഷ്ടം പരിഹരിക്കാൻ കേന്ദ്രസർക്കാർ പ്രത്യേക സഹായം നൽകണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ കേന്ദ്രസർക്കാരിനു മുന്നിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സമർപ്പിച്ചിരിക്കുകയാണ്.
എന്തുതന്നെയായാലും എല്ലാ പ്രതിബന്ധങ്ങളെയെല്ലാം ഒറ്റക്കെട്ടായി നേരിട്ടുകൊണ്ട് നാം മുന്നോട്ടു പോവുക തന്നെ ചെയ്യുമെന്ന് ഈ ഓണക്കാലത്ത് നിങ്ങളോട് പറയട്ടെ.
ഓണക്കാലത്തെ വരവേൽക്കാൻ 20000 കോടി രൂപയാണ് സർക്കാർ ജനങ്ങളിലേക്കെത്തിച്ചത്. എല്ലാ ജനവിഭാഗങ്ങൾക്കും മികച്ച നിലയിൽ ഓണം ആഘോഷിക്കാനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായി. ഒരു ഗഡു കുടിശ്ശിക ഉൾപ്പെടെ രണ്ടുമാസത്തെ ക്ഷേമ പെൻഷൻ അറുപതു ലക്ഷത്തിലധികം പേരിലേക്ക് ഓണത്തിന് രണ്ടാഴ്ച മുമ്പ് തന്നെ എത്തിക്കുകയുണ്ടായി. ഇതിനായി 1800 കോടി രൂപ സർക്കാർ അനുവദിച്ചു.
സംസ്ഥാനത്തെ അന്ത്യോദയ അന്ന യോജന കാർഡ് ഉടമകളായ ആറു ലക്ഷത്തിൽ പരം കുടുംബങ്ങൾക്ക് 15 സാധനങ്ങൾ അടങ്ങിയ ഓണക്കിറ്റ് നൽകുകയുണ്ടായി. ഇതിനായി 35 കോടിയോളം രൂപ സർക്കാർ അനുവദിച്ചു.
സംസ്ഥാനത്തെ ഒരു ലക്ഷത്തിലധികം വരുന്ന കരാര്‍–സ്കീം തൊഴിലാളികള്‍ക്ക് നല്‍കുന്ന ഉത്സവബത്ത 250 രൂപ വര്‍ദ്ധിപ്പിച്ചു. ആശാ വര്‍ക്കര്‍മാർ, അങ്കണവാടി, ബാലവാടി ഹെല്‍പര്‍മാര്‍, ആയമാര്‍ എന്നിവർക്ക് ഉത്സവബത്ത 1450 രൂപയായി വർധിപ്പിച്ചുനൽകി. പ്രീ-പ്രൈമറി അധ്യാപകര്‍, ആയമാര്‍ എന്നിവര്‍ക്ക് 1350 രൂപ വീതം നൽകി. ബഡ്സ് സ്കൂള്‍ അധ്യാപകരും ജീവനക്കാരും, പാലിയേറ്റീവ് കെയര്‍ നഴ്സുമാര്‍, മഹിളാസമാഖ്യ സൊസൈറ്റി മെസഞ്ചര്‍മാര്‍, കിശോരി ശക്തിയോജന സ്കൂള്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ക്കും 1450 രൂപവീതം ലഭിച്ചു. വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ തൊഴിലാളികള്‍ക്ക് ഉത്സവബത്ത 1550 രൂപയായി ഉയർത്തി. പ്രേരകുമാര്‍, അസിസ്റ്റന്റ് പ്രേരകുമാര്‍ എന്നിവര്‍ക്ക് 1250 രൂപ വീതം ലഭിച്ചു. സ്പെഷ്യല്‍ സ്കൂളുകളിലെ അധ്യാപക–അനധ്യാപക ജീവനക്കാര്‍ക്ക് 1250 രൂപവീതം നൽകി. എസ്‌സി–എസ്.ടി പ്രൊമോട്ടര്‍മാര്‍, ടൂറിസം വകുപ്പിലെ ലൈഫ് ഗാര്‍ഡുകള്‍, ആഭ്യന്തര വകുപ്പിന് കീഴിലെ ഹോം ഗാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് 1460 രൂപ വീതം വിതരണം ചെയ്‌തു.
തൊഴിലുറപ്പ് തൊഴിലാളികളുടെ ഓണസമ്മാനവും 200 രൂപവീതം വർധിപ്പിച്ചു. നഗര, ഗ്രാമീണ വ്യത്യാസമില്ലാതെ 1200 രൂപവീതം നൽകി. 5,25,991 തൊഴിലാളികൾക്ക് 60 കോടിയോളം രൂപ വിതരണം ചെയ്‌തു. പൂട്ടികിടക്കുന്ന 425 കശുവണ്ടി ഫാക്ടറികളിലെ 13,835 തൊഴിലാളികൾക്ക് ഓണക്കാല ആശ്വാസം 250 രൂപ വർധിപ്പിച്ച് 2250 രൂപ വീതം എക്‌സ്ഗ്രേഷ്യേ അനുവദിച്ചു. 250 രൂപയുടെ വീതം അരിയും വിതരണം ചെയ്‌തു. 3.46 കോടി രൂപയുടെ സഹായമാണ് കിട്ടിയത്.
പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ 2149 തൊഴിലാളികൾക്ക് സപ്ലൈകോ ഓണക്കിറ്റ് വാങ്ങുന്നതിനായി 1000 രൂപയുടെ വീതം ഗിഫ്‌റ്റ് കൂപ്പണുകൾ നൽകി. 12,500 ഖാദി തൊഴിലാളികളുടെ ഉത്സവ ബത്തയും 250 രൂപ വർധിപ്പിച്ചു നൽകി. 2000 രൂപവീതം വിതരണം ചെയ്യാൻ 2.50 കോടി രൂപയാണ് നീക്കിവച്ചത്. 3,79,284 പരമ്പരാഗത തൊഴിലാളികൾക്ക് ഓണക്കാല സഹായമായി 50 കോടി രൂപയും അനുവദിച്ചു. മിനിമം കൂലി ഉറപ്പാക്കൽ (ഇൻകം സപ്പോർട്ട് സ്‌കീം) പദ്ധതിയിൽ കയർ, മത്സ്യബന്ധനം, കൈത്തറി, ഖാദി, ഈറ്റ, കാട്ടുവള്ളി, തഴ, ബീഡി ആൻഡ് സിഗാർ മേഖലകളിലെ ഇൻകം സപ്പോർട്ട് സ്‌കീം ആനുകൂല്യങ്ങളാണ് വിതരണം ചെയ്‌തത്.
ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഉത്സവബത്തയായി 30 കോടി രൂപ വിതരണം ചെയ്‌തു. 37,000 ഏജന്റുമാര്‍ക്ക് വില്‍പ്പനക്കാര്‍ക്കും 7500 രുപവീതവും, 8700 പെന്‍ഷൻകാർക്ക് 2750 രൂപവീതവുമാണ് സഹായം ലഭിച്ചത്. കയര്‍ തൊഴിലാളികൾക്ക് ഓണാനുകൂല്യങ്ങൾ ഉറപ്പാക്കാൻ കയര്‍ മാറ്റ്സ് സംഘങ്ങള്‍, ഫോം മാറ്റിംഗ്സ് ഇന്ത്യാ ലിമിറ്റഡ്, കയര്‍ കോര്‍പ്പറേഷന്‍, കയര്‍ ഫെഡ് തുടങ്ങിയ സ്ഥാപനങ്ങൾക്കുള്ള വിപണി വികസന ഗ്രാന്റും ഓണക്കാലത്ത് ലഭ്യമാക്കി. ചെറുകിട കയര്‍ സംഘങ്ങളിലെ തൊഴിലാളികള്‍ക്ക് ബോണസ് ഉറപ്പാക്കാന്‍ കയര്‍ കോര്‍പ്പറേഷന്‍ പരമ്പരാഗത കയര്‍ ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ചതിന്റെ വില നല്‍കാന്‍ സഹായം നൽകി.
സ്കൂള്‍ ഉച്ചഭക്ഷണ പാചക തൊഴിലാളികള്‍ക്ക് വേതനം, കേന്ദ്ര പദ്ധതി സഹായം നിഷേധിക്കപ്പെട്ട സമഗ്ര ശിക്ഷ കേരളയിലെ ജീവനക്കാർക്ക് ശമ്പളം ഉറപ്പാക്കൽ, ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരുടെ പ്രതിഫലം, കൈത്തറി യൂണിഫോം പദ്ധതി വഴി കൈത്തറി തൊഴിലാളികൾക്കുള്ള സഹായം, അങ്കണവാടി സേവന പദ്ധതികൾക്കുള്ള സഹായം, നെൽ കർഷകർക്കുള്ള സംസ്ഥാന സബ്‌സിഡി എന്നിങ്ങനെ ഒട്ടെല്ലാം തൊഴിൽ മേഖലകളിലും സർക്കാരിന്റെ ഓണക്കാല ആനുകൂല്യങ്ങളുടെ വിതരണം പൂർത്തിയായിട്ടുണ്ട്.
സർക്കാർ ജീവനക്കാർക്ക് ഒരു ഗഡു (3%) അനുവദിച്ചു നൽകുകയുണ്ടായി. സർക്കാർ ഉദ്യോഗസ്ഥർക്ക് 4500 രൂപ ബോണസും ബോണസിന് അർഹതയില്ലാത്തവർക്ക് 3000 രൂപ ഉത്സവബത്തയും നൽകി. ഇരുപതിനായിരം രൂപ ഓണം അഡ്വാൻസ് എടുക്കാനും ജീവനക്കാർക്ക് അനുവാദം നൽകി. പെൻഷൻകാർക്ക് 1250 രൂപ ഉത്സവബത്തയായി നൽകി.
ഇതുകൂടാതെ നെല്ലിന്റെ ഉൽപാദന ബോണസിനത്തിൽ സംസ്ഥാനം നൽകുന്ന സബ്സിഡിക്കായി നൂറു കോടി രൂപ മുൻകൂറായും നൽകി. സംസ്ഥാനത്തെ എല്ലാ മനുഷ്യർക്കും ഓണം സന്തോഷമായി ആഘോഷിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞു എന്ന ചാരിതാർത്ഥ്യമുണ്ട്.
സ. കെ എൻ ബാലഗോപാൽ
ധനകാര്യ വകുപ്പ് മന്ത്രി