05/06/2026
വിഷ്ണുനാഥും ,ഞാനും....25 വർഷവും ...
രാഷ്ട്രീയ രംഗത്ത് എൻ്റെ വഴികാട്ടിയും, മാർഗ്ഗദർശ്ശിയുമാണ് ശ്രീ പി.സി വിഷ്ണുനാഥ് . 2001 ൽ ഡിഗ്രി പഠനം പൂർത്തീകരിച്ച് നിൽക്കുമ്പോൾ മുമ്പിൽ ഉണ്ടായിരുന്ന പല ലക്ഷ്യങ്ങളിൽ മുഖ്യമായത് KSU സംഘടനാ തലത്തിൽ നന്നായി പ്രവർത്തിച്ചു മുന്നേറുക എന്നതായിരുന്നു. ആ സമയത്ത് ഞാൻ മൂലമറ്റം സെൻ്റ് ജോസഫ്സ് കോളേജിലെ യൂണിറ്റ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും മാറി നിൽക്കുന്നു. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ എന്ന നിലയിൽ MG യൂണിവേഴ്സിറ്റി Students council member ആയിട്ടുണ്ട്.
കേരളത്തിൻ്റെ വിദ്യാർത്ഥി യുവജന രാഷ്ട്രീയമുന്നേറ്റത്തിൽ ഐതിഹാസികമായ ഒരു ചരിത്രം രചിച്ച പ്രസ്ഥാനമാണ് KSU . 1996 മുതൽ 2001 വരെ 5 വർഷക്കാലം അന്നത്തെ നായനാർ സർക്കാരിൻ്റെ കാലത്ത് എണ്ണമറ്റ വിദ്യാർത്ഥി സമരങ്ങൾക്ക് KSU നേതൃത്വം നൽകി.. 1996 ൽ ശ്രീ. J ജോസഫും ,പിന്നീട് ശ്രീ.ജയ്സൺ ജോസഫും, പിന്നീട് അന്തരിച്ചു പോയ ശ്രീ.സതീശൻ പാച്ചേനിയും സംസ്ഥന KSU പ്രസിഡൻ്റ് മാർ എന്ന നിലയിൽ പ്രസ്ഥാനത്തിൻ്റെ തേരു തെളിക്കുമ്പോൾ തൊടുപുഴ ന്യൂമാൻ കോളേജിലും, പിന്നീട് മൂലമറ്റം സെൻ്റ് ജോസഫ്സിലുമൊക്കെ ഇന്ദ്രനീല പൊൻ പതാക ആകാശം മുട്ടെ പാറിക്കാൻ ആവതും ശ്രമിച്ച്, തൊണ്ട പൊട്ടുമാറ് ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ച് വളർന്നു എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായിരുന്നു .. സംഘടനാ പ്രവർത്തന കാലഘട്ടത്തിലെ കൊടിയ മർദ്ദനങ്ങളും , പീഢനങ്ങളും അന്ന് മുതൽക്കെ കൂടപിറപ്പാണ്.
2001 ൽ ഇന്നത്തേതിന് സമാനമായി ഐക്യ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ വലിയ തരംഗം ആഞ്ഞു വീശുകയും ബഹു.ശ്രീ. A.K. ആൻ്റണി കേരളത്തിൻ്റെ മുഖ്യമന്ത്രിയായി തെരഞ്ഞടുക്കപ്പെടുകയും ചെയ്ത അക്കാലത്ത് പാർട്ടി സംഘടനാ തലത്തിൽ സമ്പൂർണ്ണമായ അഴിച്ചു പണി ഉണ്ടായി. ശ്രീ കെ മുരളീധരൻ KPCC അധ്യക്ഷൻ ആകുന്നു. അതോടൊപ്പം പോഷക സംഘടനകളുടെ തലപ്പത്തും മാറ്റങ്ങൾ ഉണ്ടാകുന്നു . KSU വിൽ മുൻ കമ്മറ്റിയുടെ കാലപരിധിയിൽ പ്രവർത്തിച്ചവർ പൂർണ്ണമായി മാറുകയും പുതിയ തലമുറ നേതൃത്വത്തിൽ എത്തിചേരണമെന്ന് തീരുമാനിക്കപ്പെടുകയും ചെയ്തപ്പോൾ അടിമുടി മാറ്റമായി. സംഘടനയുടെ നേതൃത്വത്തിൽ ആരായിരിക്കും എന്ന അന്വേഷണമായിരുന്നു ഞങ്ങളെ പോലെയുളള സാധാരണ പ്രവർത്തകർക്ക് അക്കാലത്തുണ്ടായിരുന്നത് . ഒടുവിൽ മഹാരഥൻമാർ ഒഴിഞ്ഞ കസേരയിൽ ശ്രീ പി.സി വിഷ്ണുനാഥ് എത്തിചേരുകയാണ്. കൊല്ലത്ത് ശാസ്താംകോട്ട കോളജിൽ നിന്നും കേരള യുണിവേഴ്സിറ്റിയിലൂടെ വളർന്നു KSU വിൻ്റെ അമരക്കാരൻ ആയി ശ്രീ.വിഷ്ണുനാഥിൻ്റെ രംഗ പ്രവേശം സംഭവബഹുലമായിരുന്നു.അടിമുടി ഉമ്മൻ ചാണ്ടി സാറിൻ്റെ ശൈലി അന്നേ പിന്തുടർന്ന അദ്ദേഹം വളരെ വേഗത്തിൽ വിദ്യാർത്ഥി മനസിൽ ചേക്കേറി.. കേരളത്തിൻ്റെ വിദ്യാഭ്യാസ ചരിത്രത്തിലെ ഏറ്റവും വലിയ പരിവർത്തനം നടന്ന ആ കാലഘട്ടത്തിൽ സ്വാശ്രയ കോളേജുകൾ ഒരു യാഥാർത്ഥ്യമായി. ഒരു പിടി മെഡിക്കൽ കോളേജുകളും , എഞ്ചിനീയറിംഗ് കോളെജുകളും അന്ന് കടന്നുവന്നപ്പോൾ അതിനെതിരെ സമരവുമായി SFI കടന്നുവന്നു. എന്നാൽ അവരുടെ രാഷ്ട്രീയ പൊള്ളത്തരങ്ങളെയും, നിലവാരമില്ലായ്മയേയും നഖശിഖാന്തം എതിർത്ത് തോൽപ്പിച്ച ഏക നേതാവിൻ്റെ പേര് പി സി വിഷ്ണുനാഥ് എന്നായിരുന്നു .. പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ അക്രമ സമരത്തിലുടെ പൊതു മുതൽ നശിപ്പിച്ച് രാഷ്ട്രീയ നേട്ടത്തിന് ശ്രമിച്ചപ്പോൾ ഏതാണ്ട് വിദ്യാർത്ഥി പക്ഷത്ത് ഒറ്റക്കായിരുന്നു വിഷ്ണുനാഥ്.
2001 ൽ സംസ്ഥാന പ്രസിഡൻ്റായി അദ്ദേഹത്തെ പാർട്ടി നേതൃത്വം തെരഞ്ഞെടുത്തതിന് ശേഷം, ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത് രാഷ്ട്രീയത്തിൽ ഞങ്ങൾക്കെല്ലാം ഗുരുതുല്യനായ യശശരീരനായ പി.ടി തോമസ് വഴിയാണ്. അത് തിരുവനന്തപുരത്ത് MLA Hostel ൽ വച്ചാണ് . ഉടൻ തന്നെ ലോ അക്കാദമിയിൽ ഞാൻ LLBക്ക് ചേർന്നു. പിന്നീട് ഇങ്ങോട്ട് ഇപ്പോൾ നീണ്ട 25 വർഷം പിന്നിടുകയാണ്..
KSU പ്രസിഡൻ്റ് സ്ഥാനത്ത് കമ്മറ്റിയില്ലാതെ പിന്നീട് 3 വർഷം കൂടി ഏകാന്ത പഥികനായി അദ്ദേഹം കേരളം മുഴുവൻ ചുറ്റി സഞ്ചരിച്ചു . തിരുവനന്തപുരത്ത് LLB പഠനം ആരംഭിച്ച നാൾ മുതൽ തലസ്ഥാന രാഷ്ട്രീയത്തിൻ്റെ ഭാഗവുമായി. ഇടുക്കിയിൽ നിന്നും സംസ്ഥാന വ്യാപകമായി പ്രവർത്തിക്കാൻ എനിക്ക് വലിയ അവസരങ്ങൾ കിട്ടിയതും തുടർന്ന് ആയിരുന്നു. അതിനൊക്കെ കൈയ്യൊപ്പ് ചാർത്തി തന്ന നേതാവായിരുന്നു വിഷ്ണുനാഥ്. MLA ഹോസ്റ്റലിൽ ഉമ്മൻ ചാണ്ടി സാറിൻ്റെ മുറി കേന്ദ്രീകരിച്ച് വൈകുന്നേരങ്ങളിലെ കൂടിചേരലും, സംഘടന പ്രവർത്തനത്തിൻ്റെ തീക്ഷ്ണമായ അനുഭവങ്ങളിലൂടെയും ഒക്കെയായി , ഞങ്ങൾ ഒരുപാട് പേർ ആ സ്നേഹ കൂട്ടായ്മയിലെ പങ്കുകാരായി വളർന്നു ... അതിന് രേഖപ്പെടുത്താൻ നിരവധി അനുഭവങ്ങളുടെ അകമ്പടി ഉണ്ടായിരുന്നു... ക്യാമ്പുകളും, സമ്മേളനങ്ങളും, സമരങ്ങളും , ജയിൽ വാസവും, ലാത്തിചാർജും, കോളേജ്, യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പ്കളും, ഒക്കെയായി ഞങ്ങൾ വളർന്നു.
2004 ൽ ഒരു വലിയ ഇടവേളക്ക് ശേഷം KSU സംസ്ഥാന കമ്മറ്റി പുന: സംഘടിപ്പിച്ചപ്പോൾ അതിൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി അദേഹത്തിന് കീഴിൽ പ്രവർത്തിക്കാൻ വലിയ അവസരം അദ്ദേഹം തുറന്നു നൽകി. ആ കമ്മറ്റിയിൽ ഭാരവാഹികളായ ഒരു പിടി പേർ ഇന്ന് പാർലമെൻ്റിലും, നിയമ സഭയിലും ആയി തിളങ്ങി നിൽക്കുന്നതായി കാണാം... പിന്നീട് ഞാൻ ശ്രീ.ഹൈബി ഈഡൻ പ്രസിഡൻ്റ് ആകുമ്പോൾ ആ കമ്മറ്റിയുടെ വൈസ് പ്രസിഡൻ്റ് ആകുന്നു.. പിന്നീട് യൂത്ത് കോൺഗ്രസിലേക്ക് മാറുന്നു. ശ്രീ.എം ലിജുവിനൊപ്പം സംസ്ഥാന കമ്മിറ്റിയിൽ സെക്രട്ടറിയായി വരുന്നു പിന്നിട് പി. സി. വിഷ്ണുനാഥ് സംഘടനാ തെരഞ്ഞെടുപ്പിലൂടെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ , ആ കമ്മറ്റിയിൽ, ഇടുക്കി പാർലമെൻ്റ് പ്രസിഡൻ്റായി ഞാനും തെരഞ്ഞെടുക്കപ്പെടുന്നു ..പിന്നീട് അദ്ദേഹത്തിൻ്റെ പിൻഗാമിയായി സംസ്ഥാന പ്രസിഡൻ്റായി ഞാൻ 2013 ൽ തെരഞ്ഞെടുക്കപ്പെടുന്നു... 7 വർഷം ഞാൻ ആ പദവിയിൽ 2020 മാർച്ച് മാസം വരെ തുടർന്നു .. ഇക്കാലയളവിൽ എന്നും അദ്ദേഹം ആയിരുന്നു എനിക്ക് വഴികാട്ടി... 2014 ൽ ഞാൻ പാർലമെൻ്റിൽ 32 -ാം . വയസിൽ മത്സരിച്ച് പരാജയപ്പെടുമ്പോഴും 2019 ലും, 2024 ലെ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലും മത്സരിച്ച് വിജയിക്കുമ്പോഴും ജനപ്രതിനിധി എന്ന നിലയിൽ എനിക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നതു൦, ഒരു ഉപദേശകൻ്റെ സ്ഥാനത്തും അദ്ദേഹം ആണ്..
കേരളത്തിൻ്റെ പുതിയ കാലഘട്ടത്തിൻ്റെ എണ്ണം പറഞ്ഞ നേതാവായി 2001 നു ശേഷമുള്ള അദ്ദേഹത്തിൻ്റെ വളർച്ചയിൽ ഓരം ചേർന്നവർ നിരവധിയാണ്... ഞാൻ ആരുടെയും പേര് പരാമർശിക്കുന്നില്ല .. ഇന്ന് 2026ൽ പുതുയുഗകേരളത്തിൻ്റെ നായകൻ ആയി ശ്രീ VD സതീശൻ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, അദ്ദേഹത്തിന് കരുത്തു പകർന്ന് കൊണ്ട് ആ ക്യാബിനറ്റിലെ സുപ്രധാനമായ ടൂറിസം , സാംസ്കാരിക വകുപ്പ് മന്ത്രിയായി അദ്ദേഹം ചുമതലയേറ്റിരിക്കുന്നു... അദ്ദേഹത്തോടൊപ്പം മൂന്നാറിലെ ടൂറിസം ഡിപ്പാർട്ട്മെൻ്റ് തല ചർച്ചയിൽ പങ്കെടുത്തപ്പോൾ കിട്ടിയ ആവേശത്തിലാണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത്..
സംഘടനാ തലത്തിൽ പ്രസിഡൻ്റ് പദവിയിൽ ആയിരുന്നവരെ, അക്കാലഘട്ടത്തിലെ സഹപ്രവർത്തകർ പിന്നെ പ്രസിഡൻ്റേ എന്നു വിളിച്ചാണ് അഭിവാദ്യം ചെയ്യുക...എന്നെയും ധാരാളം സഹപ്രവർത്തകർ അങ്ങനെ തന്നെയാണ് വിളിക്കുക ...അതൊരു വലിയ ഭാഗ്യം തന്നെയാണ് .. ആ നിലയിൽ അഭിമാനത്തോടെ പറയട്ടെ എൻ്റെ പ്രസിഡൻ്റിനൊപ്പം 25 വർഷത്തെ നീണ്ട സൗഹൃദമാണ് എനിക്ക് കൈ മുതലായുള്ളത് ...
PC Vishnunadh