07/08/2026
സ്കൂളുകളിലെ കാവിവൽക്കരണം: മഞ്ചേശ്വരം, കുമ്പള എ.ഇ.ഒമാർ ആർ.എസ്.എസ് ദാസ്യവേല അവസാനിപ്പിക്കുക; കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം — എം.എസ്.എഫ്
മഞ്ചേശ്വരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മഞ്ചേശ്വരം ഉപജില്ലയിലെ എൽ.പി വിഭാഗം സ്കൂൾ വിദ്യാർത്ഥികൾക്കായി സോഷ്യൽ സയൻസ് ക്ലബ്ബ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ വി.ഡി. സവർക്കറെ ഉൾപ്പെടുത്തി തയ്യാറാക്കിയ വിവാദ ചോദ്യാവലിക്കെതിരെ എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. മഞ്ചേശ്വരം ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ വിതരണം ചെയ്ത ഈ ചോദ്യാവലി ആർ.എസ്.എസ് ശാഖയിൽ നിന്ന് തയ്യാറാക്കി നൽകിയതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി' ആരാണെന്ന ചോദ്യത്തിന് ഉത്തരസൂചികയായി വി.ഡി. സവർക്കറുടെ പേര് നൽകിയത് വഴി യഥാർത്ഥ ചരിത്രത്തെ പൂർണ്ണമായും വളച്ചൊടിക്കാനാണ് അധികൃതർ ശ്രമിച്ചിട്ടുള്ളത്. കേന്ദ്ര സിലബസുകളിൽ ചരിത്രം തിരുത്തിയും ഹിന്ദുത്വ ആശയങ്ങൾ കുത്തിവെച്ചും വിദ്യാർത്ഥി മനസ്സുകളിൽ വിദ്വേഷം വമിപ്പിക്കുന്ന ആർ.എസ്.എസ്സിന്റെ അജണ്ടയാണ് മഞ്ചേശ്വരം, കുമ്പള എ.ഇ.ഒമാർ നടപ്പിലാക്കുന്നത്. സർക്കാർ ഉദ്യോഗത്തിലിരുന്ന് ആർ.എസ്.എസ് ദാസ്യവേല ചെയ്യുന്ന മഞ്ചേശ്വരം, കുമ്പള എ.ഇ.ഒമാർ രാജിവെച്ച് പുറത്തുപോകണം.
വിവാദ ചോദ്യാവലി തയ്യാറാക്കിയ അധ്യാപകർ, ഇതിന് അനുമതി നൽകിയ ഉദ്യോഗസ്ഥർ, മഞ്ചേശ്വരം ഉപജില്ലാ സോഷ്യൽ സയൻസ് ക്ലബ്ബ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർക്കെതിരെ അടിയന്തരമായി വകുപ്പുതല അന്വേഷണം നടത്തി കർശന അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്ന് എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ ബഹുജന പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
msf Manjeshwar Constituency committee