08/08/2026
ജീവിതത്തിലെ ഏറ്റവും സന്തോഷകരവും അഭിമാനകരവുമായ ദിനങ്ങളിലൊന്നായിരുന്നു ഇന്ന്.
കേരള ഹൈക്കോടതിയിൽ സംഘടിപ്പിച്ച പ്രൗഢമായ ചടങ്ങിൽ കേരള ബാർ കൗൺസിലിൽ അഭിഭാഷകനായി എൻറോൾ ചെയ്തു.
നിയമപഠനത്തിലേക്ക് ഞാൻ എത്തിപ്പെടുകയായിരുന്നു എന്നു പറയുന്നതാവും ശരി. ജില്ലാ പഞ്ചായത്ത് മെമ്പറും വയനാട് ജില്ലാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായി സേവനം ചെയ്ത കാലത്തെ അനുഭവങ്ങളാണ് എന്നെ നിയമ പഠനത്തിലേക്ക് എത്തിച്ചത്.
ഒരു പൊതുപ്രവർത്തകന് നിയമപരിജ്ഞാനമുണ്ടെങ്കിൽ അയാൾ ചെയ്യുന്ന പ്രവർത്തനങ്ങളിൽ കൂടുതൽ കരുത്തും മികവും സൂക്ഷ്മതയും കൊണ്ടുവരാൻ സാധിക്കും എന്ന ബോധ്യത്തിലാണ് കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ മർകസ് ലോ കോളേജിൽ ത്രിവത്സര എൽ.എൽ.ബി പഠനത്തിന് ചേർന്നത്.
പൊതുപ്രവർത്തനത്തിന്റെയും ജനസേവനത്തിന്റെയും തിരക്കുകൾക്കിടയിലും പഠനവും പരീക്ഷകളും മറ്റ് നിയമപരമായ നടപടിക്രമങ്ങളും വിജയകരമായി പൂർത്തിയാക്കി ഈ നേട്ടത്തിലെത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷം രേഖപ്പെടുത്തുന്നു.
ഈ യാത്രയിൽ എന്നെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത കുടുംബാംഗങ്ങൾക്കും അധ്യാപകർക്കും സുഹൃത്തുകൾക്കും സഹപ്രവർത്തകർക്കും നന്ദി.
നിയമപഠനത്തിലൂടെ ആർജിച്ച അറിവും പൊതുപ്രവർത്തനത്തിലൂടെ ലഭിച്ച അനുഭവവും സമന്വയിപ്പിച്ച് സാധാരണ ജനങ്ങൾക്ക് കൂടുതൽ കാര്യക്ഷമവും ഉത്തരവാദിത്വപൂർവവുമായ സേവനം നൽകാൻ പരിശ്രമിക്കണം
എന്നതാണ് ആഗ്രഹം.
നമ്മുടെ നിത്യ ജീവിതം കൂടുതൽ കൂടുതൽ നിയമവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു കാലത്ത്, അത്തരം പരിശ്രമങ്ങൾക്ക് ഏറെ പ്രധാന്യവും പ്രസക്തിയും ഉണ്ട്.
എല്ലാവരുടെയും പ്രാർത്ഥനയും
സ്നേഹവും പിന്തുണയും തുടർന്നും ഉണ്ടാകണമെന്ന അഭ്യർഥനയോടെ…
നന്ദി.
Junaid Kaippani