10/07/2026
അടാട്ട് ഗ്രാമപഞ്ചായത്തിൽ ഭരണ പ്രതിസന്ധി;
എൽഡിഎഫ് നേതൃത്വത്തിൽ സൂചനാ സമരം
അടാട്ട് ഗ്രാമപഞ്ചായത്തിൽ നിലനിൽക്കുന്ന ഭരണ പ്രതിസന്ധിയും വികസന പ്രവർത്തനങ്ങളിലെ കാലതാമസവും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാത്തതുമെതിരെ എൽഡിഎഫ് നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ സൂചനാ സമരം സംഘടിപ്പിച്ചു.
പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിലെ അനിശ്ചിതത്വം, ഭരണപരമായ തീരുമാനങ്ങളിലെ കാലതാമസം, ജീവനക്കാരുടെ കുറവ് എന്നിവ മൂലം പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്ന് സമരത്തിൽ ആരോപിച്ചു. വിവിധ പദ്ധതികൾ നടപ്പാക്കുന്നതിലും കരാറുകാർക്കും ഗുണഭോക്താക്കൾക്കുമുള്ള ബില്ലുകൾ അനുവദിക്കുന്നതിലും കാലതാമസം നേരിടുന്നതായും നേതാക്കൾ ചൂണ്ടിക്കാട്ടി.
കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പൈപ്പുകൾ നിരന്തരം പൊട്ടിപ്പോകുകയും ശുദ്ധജലം പാഴാകുകയും ചെയ്യുന്ന സാഹചര്യം പരിഹരിക്കാൻ ഭരണസമിതി അടിയന്തര നടപടി സ്വീകരിക്കണമെന്നും സമരത്തിൽ ആവശ്യപ്പെട്ടു.
യുഡിഎഫ് ഭരണസമിതി അധികാരത്തിലെത്തിയാൽ നൂറ് ദിവസത്തിനുള്ളിൽ പഞ്ചായത്തിലെ തകർന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കുമെന്നും മുതുവറ ജംഗ്ഷനിലെ ഡിവൈഡർ പൊളിച്ചുനീക്കുമെന്നും ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നൽകിയിരുന്നെങ്കിലും അവ നടപ്പാക്കുന്നതിൽ ഭരണസമിതി പരാജയപ്പെട്ടതായി എൽഡിഎഫ് നേതാക്കൾ ആരോപിച്ചു.
എൽഡിഎഫ് പഞ്ചായത്ത് പാർലമെന്ററി പാർട്ടി നേതാവും പ്രതിപക്ഷ നേതാവുമായ കെ.കെ ശങ്കരനാരായണൻ സമരം ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗവും അടാട്ട് ഗ്രാമപഞ്ചായത്ത് 18-ാം വാർഡ് അംഗവുമായ ജിത്തു അടാട്ട്, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും 5 വാർഡ് മെമ്പറുംമായ സിമി അജിത്ത്കുമാർ, 11-ാം വാർഡ് അംഗം ഡോജു ചെറുവത്തൂർ ഉൾപ്പെടെയുള്ള എൽഡിഎഫ് ജനപ്രതിനിധികൾ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
ഭരണ പ്രതിസന്ധി ഉടൻ പരിഹരിച്ച് വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുകയും ജനങ്ങൾക്ക് നൽകിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കുകയും വേണമെന്ന് സമരത്തിൽ ആവശ്യപ്പെട്ടു.