13/10/2022
പത്തനംതിട്ടയിലെ മലയാലപ്പുഴയിൽ കുട്ടിയെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയ സംഭവം അതീവ ഗൗരവകരമാണ്. കുട്ടികളെ ഇത്തരം അനാചാരങ്ങൾക്ക് ഉപയോഗിക്കുന്നവർക്ക് എതിരെ ശക്തമായ നടപടികൾ ഉണ്ടാകണം. വളർന്നു വരേണ്ട ഭാവി തലമുറയെ, ഹീനവും മനുഷ്യത്വ രഹിതവുമായ ഇത്തരം പ്രവർത്തികളിലൂടെ അന്ധവിശ്വാസത്തിൻ്റെ ഇരുട്ടിൽ അടക്കാൻ ആണ് ഒരു വിഭാഗം ആളുകൾ മുന്നിട്ടിറങ്ങുന്നത്. പ്രാഥമിക വിദ്യാഭ്യാസം നേടേണ്ട സമയത്തു കുട്ടികളെ മതപരമായ അനുഷ്ഠാനങ്ങൾക്ക് ഉപയോഗിക്കുന്നത് പ്രതിഷേധാർഹമാണ്. ഇത് ബാലാവകാശ ലംഘനമാണ്.
ശാസ്ത്ര ചിന്തയും നവോത്ഥാന ആശയങ്ങളും കൂടുതൽ ജാഗ്രതയോടെ പ്രചരിപ്പിക്കേണ്ടതിന്റെ ഉത്തരവാദിത്വത്തിലേക്കാണ് പ്രസ്തുത സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്. കുട്ടികളെ ഇത്തരം പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കേണ്ടത് അനിവാര്യമാണ്. സമൂഹം ഒറ്റക്കെട്ടായി ഇത്തരം പ്രവണതകള്‍ക്കെതിരെ രംഗത്തുവരണമെന്നും പൊതുബോധം ശക്തിപ്പെടണമെന്നും ഇതിനെതിരെ ബാലസംഘം ശക്തമായി പ്രതികരിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് അനുജയും സെക്രട്ടറി ആദിലും പ്രസ്താവനയിലൂടെ പറഞ്ഞു.