02/09/2026
നേപ്പാൾ പ്രളയത്തിൽ നോർക്ക റൂട്സ് ഹെല്പ് ഡെസ്കിൽ സഹായത്തിനായി രജിസ്റ്റർ ചെയ്ത 52 പേരിൽ 44 പേർ നാട്ടിൽ തിരിച്ചെത്തി. ഒരാൾ സുരക്ഷിതനായി നേപ്പാളിൽ തുടരുന്നു . മറ്റൊരാൾ വെള്ളിയാഴ്ച(04.09.2026) നാട്ടിലെത്തും. നോർക്ക ഹെല്‍പ്പ് ഡെസ്കില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ ഇനി ആറു പേരുമായാണ് ഇതുവരെ ആശയവിനിമയം സാധ്യമാകാത്തത്. ഓസ്ട്രേലിയന്‍ പൗരന്മാരായ നാലു പേര്‍, ബ്രിട്ടീഷ് പൗരത്വമുളള ഒരാള്‍, ബന്ധുക്കള്‍ ഹെല്‍പ്പ് ഡെസ്കില്‍ രജിസ്റ്റര്‍ ചെയ്ത അമേരിക്കന്‍ പൗരത്വമുളള കൃഷ്ണകുമാര്‍ രാഘവന്‍ (59) എന്നിവരാണിവര്‍. കേരളത്തില്‍ കുടുംബവേരുകളുളളവരാണ് ഇവരെല്ലാം. പ്രളയസമയത്ത് ചൈന–നേപ്പാൾ അതിർത്തി മേഖലകളിലായിരുന്നു ഇവര്‍ എന്നാണ് വിവരം. ഇവരെ കണ്ടെത്താനുളള ശ്രമങ്ങള്‍ തുടരുകയാണ്. അതേസമയം പ്രളയത്തിൽ മരിച്ച വിദേശികളുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾ നേപ്പാൾ അധികൃതർ ലഭ്യമാക്കിയതായി കാഠ്‌മണ്ഡുവിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇതു പ്രകാരം നേപ്പാൾ പോലീസിന്റെ വെബ്‌സൈറ്റായ nepalpolice.gov.np -ൽ നൽകിയിരിക്കുന്ന ചിത്രങ്ങളിലൂടെയും വിവരണങ്ങളിലൂടെയും മരിച്ചയാളെ തിരിച്ചറിയാൻ ബന്ധുക്കൾക്കും കുടുംബാംഗങ്ങൾക്കും സാധിക്കുകയാണെങ്കിൽ മൃതദേഹങ്ങൾ കൈമാറുന്നതിനും നാട്ടിലെത്തിക്കുന്നതിനുമുള്ള നടപടികൾക്കായി കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി പ്രാദേശിക അധികാരികളുമായുള്ള ഏകോപനം നിർവഹിക്കും. തിരിച്ചറിയാത്ത ധാരാളം മൃതദേഹങ്ങൾ താൽക്കാലികമായി സംസ്‌കരിച്ചിട്ടുണ്ട്. അത്തരം മൃതദേഹങ്ങൾ തിരിച്ചറിയുന്നതിന് അടുത്ത ബന്ധുക്കളുമായുള്ള ഡിഎൻഎ മാച്ചിംഗ് ആവശ്യമാണ്. നേപ്പാൾ സർക്കാർ ഡിഎൻഎ മാച്ചിംഗിന് സൗകര്യമൊരുക്കും. ഡിഎൻഎ പ്രൊഫൈലുകൾക്കായി അധികൃതർ മൃതദേഹങ്ങളിൽ നിന്ന് ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുന്നുണ്ട്. മാച്ചിംഗ് നടത്തുന്നതിനായി, മരിച്ചയാളുടെ അടുത്ത ബന്ധുക്കൾക്ക് ഡിഎൻഎ പ്രൊഫൈലുകൾ [email protected] എന്ന ഇമെയിലിലേക്ക് അയക്കാം. കാണാതായ വിദേശികളുടെ അച്ഛൻ, അമ്മ, മകൻ അല്ലെങ്കിൽ മകൾ എന്നീ ഒന്നാം ഡിഗ്രി രക്തബന്ധമുള്ളവർ അവർ താമസിക്കുന്ന രാജ്യത്തെ ഒരു അംഗീകൃത ലബോറട്ടറിയിൽ ഡിഎൻഎ പരിശോധനനടത്തി പരിശോധന ഫലത്തിന്റെ സോഫ്റ്റ് കോപ്പി നേപ്പാൾ പോലീസിന്റെ ഔദ്യോഗിക ഇമെയിൽ വിലാസമായ [email protected] എന്ന മെയിലിലേക്ക് അയക്കേണ്ടതാണ്. അല്ലെങ്കിൽ നേപ്പാൾ അധികൃതർ ആവശ്യപ്പെടുന്ന വിവരങ്ങൾക്കൊപ്പം രക്തസാമ്പിളുകൾ നൽകാം. അടുത്ത ബന്ധുക്കളുടെ ഡിഎൻഎ പ്രൊഫൈലുകളുടെ പകർപ്പ് [email protected] എന്ന ഇമെയിലിലേക്ക് അയച്ചാൽ ഇന്ത്യൻ എംബസിയുടെ സഹായവും ലഭിക്കും. ഡിഎൻഎ പ്രൊഫൈലിംഗുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നേപ്പാൾ പോലീസിന്റെ വെബ്‌സൈറ്റായ https://www.nepalpolice.gov.np/ -ലും അവരുടെ ഹെൽപ്പ്‌ലൈൻ നമ്പറായ +977 9841 6160 95 -ലും ലഭ്യമാണ്.കൂടുതൽ സഹായങ്ങൾക്ക് കാഠ്‌മണ്ഡുവിലെ ഇന്ത്യൻ എംബസിയുടെ ഹെൽപ്പ്‌ലൈൻ നമ്പറുകളായ :+977 985 131 6807+977 970 910 7500+977 981 032 6117 എന്നിവയിലും ബന്ധപ്പെടാം. വാട്സാപ്പ് സൗകര്യവുമുണ്ട്. +977 9841616055 എന്ന മൊബൈൽ നമ്പറിൽ പോലീസുമായി ബന്ധപ്പെടാമെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു . പ്രളയമുണ്ടായ വിവിധ പ്രദേശങ്ങളിൽ നിന്നായി 951-ലധികം മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തതായി നേപ്പാൾ വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു . ഏകദേശം 4200 ഓളം ആളുകളെ ഇനിയും കണ്ടെത്താനായിട്ടില്ലന്നും നേപ്പാൾ വിദേശകാര്യ മന്ത്രാലയം അറിയിച്ചു .