28/01/2026
നാടും വീടും താൽക്കാലികമായെങ്കിലും ഉപേക്ഷിച്ച് ഉറ്റവരെയും ഉടയവരെയും വേർപിരിഞ്ഞ് ആകാശവും കടലും താണ്ടി വീടിനും നാടിനും വേണ്ടി ജീവിതം കണ്ടെത്തിയ സാഹസത്തിന്റെ വിളിപ്പേര് കൂടിയാണ് പ്രവാസം. ലോകമെങ്ങും കേരളീയർ സൃഷ്ടിക്കുന്നത് വിശ്വമാനവികതയുടെ ഉണർവ്വം ഉയിർപ്പുമാണ്. ലോകം മുഴുവൻ കേരളത്തെ നട്ടുവളർത്തിയ പ്രവാസ ചരിത്രത്തിന്റെ ഹൃദ്യമായ ദൃശ്യ-ശ്രാവ്യ ആവിഷ്കാരമാണ് ഉദ്ഘാടന ദിനമായ ജനുവരി 29 ന് നിശാഗന്ധിയിൽ അരങ്ങേറുന്ന സ്നേഹാകാശം.
സർവ്വ ലോക രാഷ്ട്രങ്ങളിലേക്കും പടരുന്ന വിശ്വമാനവികതയായി കേരളത്തെ ഉണർത്തുന്ന ജാഗ്രതയും ദീർഘവീക്ഷണവുമാണ് ആദരണീയനായ മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന കേരള സർക്കാർ, ലോക കേരള സഭയിലൂടെ മുന്നോട്ട് വച്ച്, അഞ്ചാം അദ്ധ്യായത്തിന്റെ തിളക്കത്തിലേക്ക് എത്തിനിൽക്കുന്നത്. എം. മുകുന്ദന്റെ 'പ്രവാസം' എന്ന കഥയുടെ ഹ്രസ്വ ദൃശ്യാവിഷ്കാരം, ഇന്ത്യൻ ചലച്ചിത്രങ്ങളിൽ വിവിധ കാലങ്ങളിൽ ഉണ്ടായ ജനപ്രിയ പ്രവാസ ഗാനങ്ങളുടെ നൃത്താവതരണങ്ങൾ, പ്രവാസ ചരിത്ര നരേഷനുകൾ, സ്ക്രീൻ ഇമേജുകൾ, സൂഫി, ഫ്ളെമിംഗോ, ഐറിഷ് തുടങ്ങി വിവിധ രാജ്യങ്ങളുടെ നൃത്ത കൊറിയോഗ്രാഫിയും ഇന്ത്യൻ നൃത്തകലയും, സംഗീതവും ഉൾച്ചേർന്ന തൊണ്ണൂറ് മിനിറ്റ് ദൈർഘ്യമുളള ദൃശ്യ വിരുന്നാണ് സ്നേഹാകാശം',
ജനുവരി 30 ന് നിയമസഭ ആർ. ശങ്കര നാരായണൻ തമ്പി ഹാളിൽ 'Musical Kaleidoscope', കേരള കലാമണ്ഡലം ഒരുക്കുന്ന 'മുദ്രാഗാന നൃത്താവിഷ്കാരം' എന്നിങ്ങനെ സാംസ്കാരിക വിരുന്നുകളും അരങ്ങേറും. സ്നേഹകാശത്തിന് സാക്ഷ്യം വഹിക്കുവാൻ താങ്കളും കുടുംബവും സൗഹൃദങ്ങളും എത്തിച്ചേരണമെന്ന് സസ്നേഹം അഭ്യർത്ഥിക്കുന്നു.