27/07/2026
മഴവെള്ളം കരുതിവെക്കാം, നാളേയ്ക്കായി...
കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയുടെ ഭാഗമായി "Catch The Rain" (മഴവെള്ളം സംഭരിക്കൂ) എന്ന സന്ദേശവുമായി ഷൊർണൂർ നഗരസഭയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.
ജലം വിലപ്പെട്ടതാണ് എന്ന തിരിച്ചറിവോടെ, മഴവെള്ളം പാഴാക്കാതെ മഴക്കുഴികളിലൂടെയും മഴവെള്ള സംഭരണികളിലൂടെയും മണ്ണിലേക്ക് ഇറക്കിവിടേണ്ടതിന്റെയും സംരക്ഷിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.
ഇതിന്റെ ഭാഗമായി കെവിആർ ഹൈസ്കൂളിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥികൾക്കായി ജലസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികളിൽ ജലസംരക്ഷണത്തിന്റെ പ്രാധാന്യം ചെറുപ്പത്തിലേ എത്തിക്കുന്നതിനാണ് സ്കൂളിൽ ഈ പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ പരിസരത്ത് ചേർന്ന ലളിതമായ ചടങ്ങിൽ വെച്ച് ജലസംരക്ഷണ സന്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ വിദ്യാർത്ഥികൾ ഏറ്റുവാങ്ങി.
തുടർന്ന് ഷൊർണൂർ നഗരസഭ കൗൺസിൽ ഹാളിൽ വെച്ച് നടന്ന പ്രത്യേക ചടങ്ങിൽ, "Catch The Rain" ക്യാമ്പെയ്‌നിന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം ചെയ്തു.
പരിപാടികളിൽ നഗരസഭ വൈസ് ചെയർമാൻ അനൂരാജ്, സെക്രട്ടറി രാജേഷ്, മറ്റ് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, കൗൺസിലർമാർ, സ്കൂൾ അധികൃതർ എന്നിവർ പങ്കെടുത്തു.
നമ്മുടെ ജലസ്രോതസ്സുകൾ വറ്റിവരളുന്ന ഈ കാലത്ത്, ഓരോ തുള്ളി മഴവെള്ളവും വിലപ്പെട്ടതാണ്. വരും തലമുറയ്ക്കായി നമുക്ക് ജലം സംരക്ഷിക്കാം.