01/04/2026
മഞ്ചേശ്വരം- എസ്ഡിപിഐ ചോദ്യം ചെയ്യപ്പെടുന്നു
കലികാല വൈഭവം
ഇപ്പോള്‍ നടക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ 40 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. അതിലൊന്ന് മഞ്ചേശ്വരത്താണ്. ഇതുമായി ബന്ധപ്പെട്ട് വലിയ വിവാദം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്ന ചില മാധ്യമപ്രവര്‍ത്തകര്‍ വിചിത്രവും ഫ്യൂട്ടൈലുമായ (അനുയോജ്യമായ മലയാള പദം കിട്ടുന്നില്ല) ചില ചോദ്യങ്ങള്‍ ഉര്‍ത്തുന്നു. പശ്ചാത്തലം മണ്ഡലത്തിലെ ബിജെപി സാധ്യത.
ചോദ്യം 1. നിങ്ങള്‍ എന്തുകൊണ്ട് മഞ്ചേശ്വരത്ത് മല്‍സരിക്കുന്നു. എന്തുകൊണ്ട് കഴിഞ്ഞ തവണ മല്‍സരിച്ചില്ല ?
ചോദ്യ കര്‍ത്താക്കളുടെ ഔദാര്യത്തെ കാണാതിരുന്നുകൂടാ. നിങ്ങള്‍ എന്തുകൊണ്ട് 17 വര്‍ഷം മുമ്പ് രാഷ്്ട്രീയ പാര്‍ട്ടി ഉണ്ടാക്കി, കേരളത്തില്‍ പാര്‍ട്ടി പിരിച്ചുവിട്ടു കൂടേ എന്നൊന്നും ചോദിക്കാത്തതിന് അവരോട് നന്ദി പറയണം.
ചോദ്യം 2. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പേര് 'എകെഎം' അശ്‌റഫ് ആയ സ്ഥിതിയ്ക്ക് എന്തുകൊണ്ട് 'കെഎം' അശ്‌റഫിനെ മല്‍സരിപ്പിക്കുന്നു. അപരനെ സൃഷ്ടിക്കാനല്ലേ.
ക്ഷമിക്കണം അത് അദ്ദേഹത്തിന്റെ ജന്മദോഷമാണ്. മാതാപിതാക്കള്‍ അദ്ദേഹത്തെ അശ്‌റഫ് എന്നു പേര് വിളിച്ചു. നിര്‍ഭാഗ്യത്തിന് ഇനിഷ്യല്‍ കെ എം എന്ന് ആയിപ്പോയി. അതുതന്നെ വോട്ടര്‍ ഐഡിയില്‍ വരികയും ചെയ്തു. നാടിന്റെ പേര് ചേര്‍ത്ത് അദ്ദേഹത്തെ വിളിക്കാറുമുണ്ട് എന്നത് വസ്തുതയാണ്.
ചോദ്യം 3. ഫസല്‍ വധക്കേസിലെ പ്രധാന പ്രതി കാരായി രാജന്റെ സ്ഥാനാര്‍ഥിത്വത്തില്‍ എന്തുകൊണ്ട് പാര്‍ട്ടി പ്രശ്‌നമുണ്ടാക്കുന്നില്ല ?
തിരഞ്ഞെടുപ്പ് വിലക്കപ്പെടാത്ത ഒരാളുടെ സ്ഥാനാര്‍ഥിത്വം എസ്ഡിപിഐ തടയണമെന്നാണല്ലോ ചോദ്യത്തിന്റെ മര്‍മം. ജനാധിപത്യ സംവിധാനത്തില്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ ശക്തമായ പ്രതിരോധം തീര്‍ക്കുക എന്നതാണല്ലോ കരണീയം.
തലശ്ശേരിയില്‍ പാര്‍ട്ടിയില്‍ ശക്തനും ജനസമ്മതനും സ്വീകാര്യനും പാര്‍ട്ടി സംസ്ഥാന പ്രവര്‍ത്തക സമിതിയംഗവും മുന്‍ ജില്ലാ പ്രസിഡന്റുമായ എ സി ജലാലുദ്ദീനെ തന്നെയാണ് പാര്‍ട്ടി മല്‍സര രംഗത്തിറക്കിയിരിക്കുന്നത്. അതാണല്ലോ ഏറ്റവും 'ഒച്ചയുള്ള' പ്രതിഷേധം. ബിജെപി ഭീഷണിയാണ് താല്‍പ്പര്യമെങ്കില്‍ ഇത്തരം ചോദ്യങ്ങള്‍ എസ്ഡിപിഐയോട് മാത്രം ചോദിച്ചാല്‍ മതിയോ? അവര്‍ മാത്രമാണോ ഉത്തരം ബോധിപ്പിക്കേണ്ടത്. എന്തുകൊണ്ട് നേമം മണ്ഡലത്തെ കുറിച്ചും മറ്റും ചോദ്യങ്ങള്‍ ഉയരുന്നില്ല.
ചോദ്യം 4. ഇതിന്റെ പിന്നില്‍ 'ഡീലുകള്‍' ഉണ്ട് എന്നു പറഞ്ഞാല്‍ നിഷേധിക്കാന്‍ കഴിയുമോ ?
ചോദ്യങ്ങളുടെ സ്വഭാവം കാണുമ്പോള്‍ ഏതോ മുന്നണിയുമായി ഈ മാധ്യമപ്രവര്‍ത്തകര്‍ വല്ല ഡീലും ഉണ്ടാക്കിയിട്ടുണ്ടോ എന്നു തോന്നിപ്പോകുന്നു. കാലം മുന്നോട്ട് പോകുമ്പോള്‍ എസ്ഡിപിഐ പോലുള്ള ഒരു പാര്‍ട്ടി ഇനിയും എന്തൊക്കെ ചോദ്യങ്ങളെ നേരിടേണ്ടി വരും.
ഒറ്റക്കാര്യം പറയട്ടെ,
അത് ധിക്കാരമായും അധിക പ്രസംഗമായും തോന്നിപ്പോകരുത്.
ബിജെപിയെ തടയാന്‍ രാജ്യത്തും സംസ്ഥാനത്തും സാധ്യമാകുന്ന (അണ്ണാറക്കണ്ണന്‍) പ്രചാരണപരവും രാഷ്ട്രീയവുമായ പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചിട്ടുള്ള പാര്‍ട്ടിയാണ് എസ്ഡിപിഐ. അവരെക്കൊണ്ട് മാത്രം അത് സാധ്യമല്ല എന്നറിയാം. അതുകൊണ്ടാണ് ഫാഷിസം എന്ന മഹാവിപത്തില്‍ നിന്ന് നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ രക്ഷിക്കാന്‍ എല്ലാവരും ഒന്നിച്ചൊന്നായി പരിശ്രമിക്കണമെന്ന് എല്ലാ ഘട്ടങ്ങളിലും എല്ലാവരോടുമായി വിനയപൂര്‍വം പാര്‍ട്ടി പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ തീട്ടൂരം ഇങ്ങനെയായിരുന്നു, 'അത് എസ്ഡിപിഐയുടെ പണിയാണ്.
' അവസാനം തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഒരു മാസം മുമ്പ് മാധ്യമപ്രവര്‍ത്തകരെ വിളിച്ച് പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് പറയുകയുണ്ടായി, ഈ തിരഞ്ഞെടുപ്പില്‍ പത്തില്‍പരം മണ്ഡലങ്ങളില്‍ ബിജെപിയ്ക്ക് മുന്‍തൂക്കമുണ്ട്. സാമ്പ്രദായിക പാര്‍ട്ടികളുടെ ഫാഷിസ്റ്റ് വിരോധം ആത്മാര്‍ഥമാണെങ്കില്‍ ബിജെപിയ്ക്ക് ഏറെ സാധ്യതയുള്ള ഇടങ്ങളില്‍ ഇടത്-വലത് മുന്നണികള്‍ പൊതുസ്ഥാനാര്‍ഥികളെ കണ്ടെത്തി മല്‍സരിപ്പിച്ച് പ്രായോഗികമായി ഫാഷിസത്തെ പ്രതിരോധിക്കണം. അതിന് എസ്ഡിപിഐയുടെ ഇടം വലം നോക്കാതെയുള്ള പിന്തുണ ഉണ്ടാകും. ഇല്ലെങ്കില്‍ സാധ്യമാകുന്ന ഇടങ്ങളിലൊക്കെ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അതിന്റെ പങ്കാളിത്തവും സാന്നിധ്യവും ഉറപ്പുവരുത്തേണ്ടി വരും. ഫാഷിസം ഞങ്ങളുടെ മാത്രം ഭീഷണി അല്ല.
എക്കാലത്തും അതിന്റെ പ്രതിരോധം ഞങ്ങളെ മാത്രം ഏല്‍പ്പിക്കരുതെന്നും ഒപ്പം പറയുകയുണ്ടായി.
അങ്ങിനെ ചെയ്തപ്പോഴാണ് മേല്‍പ്പറഞ്ഞ ചോദ്യങ്ങള്‍.
കലികാല വൈഭവം.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ പാര്‍ട്ടി എടുത്ത ധീരമായ നിലപാടും അനുബന്ധ കോലാഹലാനുഭവങ്ങളും വായിക്കുന്നവരുടെ ഓര്‍മയില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു...
മഞ്ചേശ്വരത്ത് കഴിഞ്ഞ കാല തിരഞ്ഞെടുപ്പുകളില്‍ ബിജെപി സാധ്യത കണ്ടുകൊണ്ടുതന്നെ പാര്‍ട്ടി ത്യാഗ പൂര്‍ണമായ സമീപനങ്ങള്‍ സ്വീകരിച്ചിരുന്നു. അതിന്റെ തിക്താനുഭവങ്ങള്‍ ദൈര്‍ഘ്യം ഭയന്ന് ഇവിടെ വിശദീകരിക്കുന്നില്ല.
കഴിഞ്ഞ തവണത്തെ പോലെയുള്ള ബിജെപി ഭീഷണി ഇത്തവണ മഞ്ചേശ്വരത്ത് ഉണ്ടാവില്ല എന്ന പ്രവര്‍ത്തകരുടെ പഠന റിപ്പോര്‍ട്ട് നേതൃത്വം പരിഗണിക്കുകയുണ്ടായി.
#മഞ്ചേശ്വരം
❤️