23/07/2026
1978-ൽ ജാമിഅ നൂരിയ്യയിൽ പഠിക്കാൻ ചെന്നപ്പോൾ അന്നത്തെ പ്രിൻസിപ്പൽ കോട്ടുമല അബൂബക്കർ മുസ്‌ലിയാർ, കെ കെ അബൂബക്കർ ഹസ്‌റത്ത് തുടങ്ങിയവരോടൊപ്പം സജീവമായി അധ്യാപനരംഗത്ത് ഉണ്ടായിരുന്ന പണ്ഡിതനായിരുന്നു കെ. ആലിക്കുട്ടി മുസ്‌ലിയാർ. എല്ലാ സമയത്തും വളരെയധികം വിനയവും പക്വതയും കാത്തുസൂക്ഷിച്ച വലിയ മനുഷ്യനായിരുന്നു ആലിക്കുട്ടി ഉസ്താദ്. പരമ്പരാഗത കിതാബുകൾക്കൊപ്പം അറബിയും ഇംഗ്ലീഷും ഉൾപ്പെടെയുള്ള ഭാഷകൾ കൈകാര്യം ചെയ്യുന്നതിൽ ഉസ്താദ് കാണിച്ചിരുന്ന താൽപര്യം ഒരു വിദ്യാർഥിയെന്ന നിലയിൽ എന്റെ മനസ്സിൽ ഇടംപിടിച്ചിരുന്നു.
സമസ്തയിൽ പിളർപ്പുണ്ടായ സമയത്ത് ഒരു വാക്കുപോലും ആർക്കും അനിഷ്ടമാകുന്ന രൂപത്തിൽ പറയുകയോ എഴുതുകയോ ചെയ്യാതെ എല്ലാവർക്കും മാതൃകയാക്കാവുന്ന രൂപത്തിൽ അദ്ദേഹം ഇടപെട്ടു. പിന്നീടും അക്കാര്യത്തിൽ ഐക്യത്തിന്റെയും ഒന്നിപ്പിന്റെയും നല്ല സമീപനം സ്വീകരിച്ചു.
വഖ്ഫ് ബോർഡ് അംഗവും പിന്നീട് രണ്ടുതവണ ഹജ്ജ് കമ്മിറ്റി ചെയർമാനുമായി പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ച സന്ദർഭത്തിൽ ഉസ്താദിനെ കാണുകയും മുൻ ഹജ്ജ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ അനുഭവങ്ങളും അഭിപ്രായങ്ങളും ചോദിച്ചറിയുകയുമുണ്ടായിട്ടുണ്ട്. അക്കാലത്ത് പല അവസരങ്ങളിലും നേരിട്ട് കാണുകയും ബന്ധപ്പെടുകയും ചെയ്തപ്പോഴെല്ലാം ഗുരു-ശിഷ്യ ബന്ധം പരമാവധി പുതുക്കാൻ ശ്രദ്ധിച്ചു.
ജാമിഅ നൂരിയ്യയുടെ എല്ലാ പ്രവർത്തനങ്ങളിലും വളർച്ചയിലും ആ പണ്ഡിതകുടുംബത്തിന് നിർണായകമായ പങ്കുണ്ട്. മൂന്നു അനുജന്മാരും ഫൈസിമാരാണല്ലോ.. അനിയൻ ഇബ്‌റാഹീം ഫൈസി ജാമിഅ നൂരിയ്യ വിദ്യാർഥി സംഘടന നൂറുൽ ഉലമയിൽ എന്റെ സഹപ്രവർത്തകനുമായിരുന്നു. അഹ്‌ലുസ്സുന്നയുടെ ആദർശം നിലനിർത്താനും പ്രചരിപ്പിക്കാനും പരിശ്രമിക്കുന്ന കേരളത്തിലെ ഉലമാക്കളുടെ മുൻനിരയിൽ ആലിക്കുട്ടി മുസ്‌ലിയാർ ഉണ്ടായി. ആ അർഥത്തിൽ അദ്ദേഹത്തിന്റെ വേർപ്പാട് സൃഷ്ടിക്കുന്ന ശൂന്യത വലുതാണ്. അല്ലാഹു അദ്ദേഹത്തിന്റെ ദറജകൾ ഉയർത്തിക്കൊടുക്കട്ടെ, കുടുംബത്തിനും ശിഷ്യർക്കും ക്ഷമ നൽകട്ടെ.