21/10/2020
Malappuram-Mysore-Bangalore Bharatmala EC32 National Highway ❤️
മലപ്പുറം - മൈസൂർ ദേശീയപാത: സത്യവും മിഥ്യയും, വിശദമായി
● പദ്ധതി എന്ത്?
നിർദിഷ്ട മലപ്പുറം-മൈസൂർ ഹൈവേ ഭാരത സർക്കാർ വിഭാവനം ചെയ്ത ഭാരത്മാല പരിയോജനയിൽ ഉൾപ്പെടുന്ന മലപ്പുറം - ബംഗളുരു എക്കണോമിക് കോറിഡോർ (EC - 32) ന്റെ ഭാഗമായി നിർമിക്കാൻ ഉദ്ദേശിക്കുന്ന ഒന്നാണ്.
● ഔദ്യോഗിക അലൈൻമെന്റ് ഇങ്ങനെ.
2017ൽ പ്രഖ്യാപിച്ച പാതയുടെ ആദ്യ അലൈൻമെന്റ് മൈസൂരു-മാന്ധ്യ-ഗുഡല്ലൂർ -നിലംബൂർ -മലപ്പുറം എന്ന രീതിയിലായിരുന്നു. എന്നാൽ ബന്ദിപ്പൂർ വനമേഖലയും, പാരിസ്ഥിതിക പ്രശ്നങ്ങളും പഠന വിധേയമാക്കി ഹൈവേ മന്ത്രാലയം അലൈൻമെന്റ് പുനഃക്രമീകരിക്കുകയായിരുന്നു. പുതിയ അലൈൻമെന്റ് പ്രകാരം പാത മൈസൂരിൽ നിന്ന് കുട്ടാ - മാനന്തവാടി - കല്പറ്റ - അടിവാരം - എടവണ്ണപ്പാറ - വള്ളുവമ്പ്രം വഴി മലപ്പുറത്തെത്തുന്ന രീതിയിലാക്കി. അത് പ്രകാരം നേരത്തെ ചിത്രത്തിൽ ഇല്ലാതിരുന്ന വായനാടിനും കോഴിക്കോടിനും മലപ്പുറം-മൈസൂർ പാതയുടെ ഭാഗമാകാൻ സാധിക്കുന്നു.
● ഭാരത് മാലയും മലയോര ഹൈവേയും
മലപ്പുറം - മൈസൂർ ഭാരത്മാല ഹൈവേ കേരളത്തിന്റെ മലയോര ഹൈവേയുമായി യാതൊരു തരത്തിൽ ഉള്ള ബന്ധവുമില്ല എന്ന് മാത്രമല്ല അതിനൊരു ബദലായി പദ്ധതി ഇട്ട പാതയുമല്ല. മറിച്ച് മലപ്പുറം - ബംഗളുരു മേഖലകളിലെ ചരക്ക് യാത്ര ഗതാഗതം സുഗമക്കക്കാൻ അടുത്ത ദശകം കൂടി മുന്നിൽ കണ്ടു നിർമിക്കുന്ന പാതയാണ് മലപ്പുറം - മൈസൂർ. ഇപ്രകാരം രാജ്യത്ത് 44 എക്കണോമിക് കോറിഡോറുകൾ നിർമിക്കുന്നുണ്ട്. ഭാരതമലയിൽ ഉൾപ്പെടുത്തി കേരളത്തിൽ ഇത് കൂടാതെ വേറെയും പാതകൾ നിർമിക്കുന്നു. ഇവയൊന്നും ഏതെങ്കിലും സംസ്ഥാന പാതകൾക്ക് പകരം നിർമിക്കുന്നവയല്ല.
● ഭാരത്മാല സവിശേഷതകൾ ഒറ്റനോട്ടത്തിൽ
ഭാരത്മാല പദ്ധതികളുടെ പ്രഥമ ഉദ്ദേശം തന്നെ സുഗമമായ ചരക്ക് ഗതാഗതം ഉറപ്പ് വരുത്തി രാജ്യത്തിലെ വ്യാപാര - സമ്പത് വ്യവസ്ഥക്ക് കരുത്തേകുക എന്നതാണ്. ദേശീയപാത വികസന പദ്ധതിയായിരുന്നു NHDP യിൽ നിന്ന് വിപ്ലവകരമായ മാറ്റങ്ങളോടെയാണ് ഭാരത്മാല പരിയോജന പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. LIDAR അടക്കം ആധുനിക രീതികൾ ഉപയോഗിച്ചാണ് DPR, സർവ്വേ, ലാൻഡ് പ്ലാൻ എന്നിവ തയ്യാറാക്കുന്നത്. അലൈൻമെന്റ്, ഭൂമിയേറ്റെടുക്കൽ തൊട്ട് നിർമ്മാണം, മെയിന്റനന്സ് തുടങ്ങി എല്ലാ വശങ്ങളിലും കൃത്യമായ മാർഗനിർദേശങ്ങളോടെയുള്ള ഒന്നാണ് ഭാരത്മാല. ഉദാഹരണത്തിന് എക്കണോമിക് കോറിഡോറുകൾ നിർമിക്കുന്നത് സർവീസ് റോഡുകളോട് കൂടി മിനിമം 4 അല്ലെങ്കിൽ 6 വരി പാതകളായാണ്. പ്രതേകിച്ച് കേരളത്തിലെ കാര്യമെടുത്താൽ നിലവിലെ ദേശീയപാതകളുടെ വീതി കുറവ്, ഡിസൈൻ സ്റ്റാൻഡേർഡ്, വളവുകൾ എന്നിവയിൽ കാതലായ മാറ്റം കൊണ്ട് വരാനാണു ഭാരത്മാല പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
● മലപ്പുറം-കല്പറ്റ-മൈസൂർ ചിത്രത്തിൽ നിലംബൂർ?
മൈസൂർ നഗരത്തിൽ നിന്ന് നിന്ന് കുട്ട വഴി മലപ്പുറം നഗരത്തിലേക്ക് ഒരു പാത എത്തിച്ചേരാനായി ഭൂമിശാസ്ത്രപരമായി നിലമ്പൂർ ഭാഗത്തേക്ക് പോകേണ്ടതായ കാര്യമില്ല എന്നത് വ്യക്തമാണല്ലോ. ഇവിടെ പ്രശ്നം വയനാട് - മലപ്പുറം ജില്ലകളുടെ അതിർത്തി പ്രദേശത്തെ ബന്ധിപ്പിക്കണം എന്ന ഒരു ആവശ്യത്തെ ചിലർ മനപ്പൂർവമോ അല്ലാതെയോ മലപ്പുറം - മൈസൂർ പാതയുമായി കൂട്ടികുഴക്കുന്നു എന്നതാണ്. മലപ്പുറം ജില്ലയിലെ നിലംബൂർ / പോത്തുകൽ നിന്ന് ചൂരൽമല വഴി വയനാട്ടിലെ മേപ്പടിയിലേക്ക് ഒരു ആസ്ഫാൾട്ട് റോഡ് ഉണ്ടാക്കുന്നത് സംബന്ധിച്ച് വർഷങ്ങളായി വാർത്തകൾ വരുന്നതാണ്. പില്കാലത്ത് മലയോര ഹൈവേയുടെ ഭാഗമായി അത് നടപ്പിലാക്കാൻ പദ്ധതി ഇടുകയുമുണ്ടായി. എന്നാൽ പ്രസ്തുത റോഡ് പോകേണ്ടത് ഉദ്ദേശം 8.5 ഹെക്റ്റർ അതീവ പരിസ്ഥി ലോല പ്രദേശത്തിലൂടെയാണ് എന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. മാത്രമല്ല കേരളത്തിലെ സംരക്ഷിത അഞ്ച് ആനത്താരികളിൽ രണ്ടെണ്ണം നിലമ്പൂർ മേഖലയിലാണ്, അതിലൊന്ന് മുണ്ടേരി അടങ്ങുന്ന നിലംബൂർ - അപ്പൻകാപ്പ് ആണ്. നീലഗിരി ബയോസ്‌ഫിയർ റിസർവിന്റെ ഭാഗമായ പ്രസ്തുത സംരക്ഷിത വനമേഖല ഇന്ത്യയിലെ ഏറ്റവും പ്രാധാന്യമേറിയ എട്ട് ഹോട്ട്‌സ്‌പോട്ടുകളിൽ ഒന്നായി UNEP കണക്കാക്കിയിട്ടുണ്ട്. വർഷങ്ങളായിട്ടും പാരിസ്ഥിതിക വിഷയം കാരണം ഈ റോഡ് നിർമാണവുമായി അല്പം പോലും മുന്നോട്ട് പോകാൻ സാധിച്ചിട്ടില്ല. അതെ സമയം സംസ്ഥാന സർക്കാർ തന്നെ താമരശ്ശേരി ചുരത്തിനു ബദലായി നിലവിൽ ആനക്കാംപൊയിൽ നിന്നും കള്ളാടി വഴി മേപ്പടിയിലേക്ക് തുരങ്ക പാത നിർമിക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകുന്നുമുണ്ട്. ചെറിയ വീതിയിലുള്ള റോഡ് ആയിട്ടു പോലും യാഥാർഥ്യമാക്കാൻ സാധിക്കാത്ത വനത്തിലൂടെയാണ് ഇപ്പോൾ ഭാരത്മാല ഹൈവേ നടപ്പാക്കാൻ ചിലർ ആവശ്യപ്പെടുന്നത്.
● മലപ്പുറം-കല്പറ്റ-മൈസൂർ, അടിവാരം വഴി.
ഔദ്യോഗിക അലൈൻമെന്റ് പ്രകാരം പുതിയ പാത അടിവാരം വഴി മുത്തേരി - എടവണ്ണപ്പാറ - കുഴിമണ്ണ എന്നിവിടങ്ങളിലൂടെ വള്ളുവമ്പ്രം എത്തി നിലവിലെ റോഡിലൂടെ സഞ്ചരിച്ച് മലപ്പുറം കിഴക്കേത്തലയിൽ എതിർചേരുന്നു. ഇത് 2017ൽ ഗുഡല്ലൂർ - മലപ്പുറം വഴി വിഭാവനം ചെയ്ത അലൈന്മെന്റിനേക്കാൾ വളരെ കുറച്ച് ഭൂമി മാത്രമേ മലപ്പുറം ജില്ലയിൽ ഏറ്റെടുക്കേണ്ടതായി വരുന്നുള്ളു. അതായത് അലൈൻമെന്റ് മേപ്പാടി - നിലംബൂർ വഴി വനത്തിലൂടെ സാധ്യമായി എന്ന് തന്നെ കരുതിയാലും അവിടെ നിന്ന് മലപ്പുറം നഗരം വരെ എത്തിപ്പെടാൻ വിവിധ ടൗണുകളിലൂടെയോ അല്ലാതെയോ കൂടുതൽ ഭൂമി ഏറ്റെടുക്കൽ കുടിയൊഴിപ്പിക്കൽ വേണ്ടി വരും. എന്നാൽ അടിവാരം വഴിയുള്ള ചീക്കോട് മുതൽ വള്ളുവമ്പ്രം വരെയുള്ള അലൈന്മെന്റ് വഴി ജില്ലയിൽ കൂടുതൽ ഭൂമി ആവശ്യമായി വരില്ല എന്നതിൽ സംശയമില്ല. കേരളത്തിൽ, പ്രതേകിച്ച് മലപ്പുറം പോലെ ഒരു ജില്ലയിൽ ഭൂമിയേറ്റെടുക്കൽ പ്രക്രിയ കുറച്ച് കൊണ്ട് ഒരു പാത നിർമിക്കാൻ സാധിക്കും എന്നിരിക്കെ എന്തിനു വളഞ്ഞ വഴി അന്വേഷിക്കുന്നു എന്നതാണ് ചോദ്യം.
അലൈന്മെന്റിൽ വരുന്ന താമരശ്ശേരി ചുരവുമായി ബന്ധപ്പെട്ട് സന്ദേഹവും അസ്ഥാനത്താണ്, വീതി കൂട്ടാൻ ആവശ്യമായിരുന്നു രണ്ടര ഹെക്ടർ ഭൂമി പകരം അഞ്ചേക്കർ വനം വകുപ്പിന് നൽകുക വഴി അടുത്ത കാലത്തായി ലഭ്യമായിട്ടുള്ളതാണ്. മുകളിൽ ഉള്ള ഹെയർ പിൻ വളവുകൾ നികത്താനുള്ള പ്രോജക്ടാണ് ബാക്കിയുള്ളത്. കൂടതെ ഭാരത്മാലയുടെ ഭാഗമായതിനാൽ ചുരം ഇനി ഒന്ന് കൂടി ബലപ്പെടുത്തും. ഇനി ഇതല്ല മറ്റു മാർഗം വേണം എങ്കിൽ പ്രസ്തുത അലൈൻമെന്റ് മുന്നോട് വെച്ച ഹൈവേ വകുപ്പിന് തന്നെ അത് പരിഹരിക്കാനും സാധിക്കുന്നതാണ്. സാങ്കേതികമായ കാര്യങ്ങൾ ഉത്തരവാദിത്തപ്പെട്ട സാങ്കേതിക പരിജ്ഞാനമുള്ളവർ തന്നെ ചെയ്യട്ടെ. അതിനാവശ്യമായ സാമ്പത്തിക, ഘടനാപരമായ സംവിധാനം ഭാര്തമാലയിൽ ഉറപ്പു വരുത്തിയിട്ടുണ്ട്. ഈ പാത കൊണ്ട് പ്രഥമമായി മലപ്പുറം - മൈസൂർ/ ബാംഗ്ലൂർ കണക്ടിവിറ്റിയാണ് ഉദ്ദേശിക്കുന്നത്. ഇത് മലപ്പുറത്തിനു വേണ്ടിയുള്ളതാണ്, അല്ലാതെ തെക്കൻ കേരളത്തിന്റെ ആവശ്യത്തിന് വേണ്ടി ഉണ്ടാകുന്നതല്ല. മലപ്പുറം-മൈസൂരിന്റെ കൂടെ തന്നെ പ്രഖ്യാപിച്ച കൊച്ചി- തേനി, കൊല്ലം - ചെങ്കോട്ട എന്നിവ അതാത് പ്രദേശങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന പദ്ധതികളാണ് എന്ന പോലെ. മറിച്ചുള്ള പ്രചാരണങ്ങൾ മലപ്പുറം - മൈസൂർ പാതയുടെ ഉദ്ദേശലക്ഷ്യങ്ങൾ മനസിലാവാത്തത് കൊണ്ടോ അല്ലെങ്കിൽ മനഃപൂർവം തെറ്റിദ്ധാരണ പരത്താൻ വേണ്ടിയുള്ളതോ ആകുന്നു.
● ഉപസംഹാരം
മലപ്പുറം - മൈസൂർ പോലെ വലിയ ചരക്കു, യാത്ര ഗതാഗതം മുന്നിൽ കണ്ടു നിർമിക്കുന്ന ഹൈവേ വനത്തിലൂടെ പോകേണ്ട ഒന്നല്ല എന്നത് ആർക്കും ചിന്തിക്കാവുന്നതേയുളളു. നിലവിലെ അലൈൻമെന്റ് പ്രകാരം തന്നെയാണ് അത് മുന്നോട്ട് പോകേണ്ടത്. അതെ സമയം മലപ്പുറം ജില്ലയുടെ നിലംബൂർ ഉൾപ്രദേശങ്ങളിൽ ഉള്ള സാധാരണക്കാക്കരുടെ യാത്ര പ്രശ്നം ന്യായമാണ്, പക്ഷെ അതിനു പരിഹാരം എക്സ്പ്രസ്സ് വേയോ, എക്കണോമിക് കോറിഡോറോ പോലെ ഉള്ള വലിയ പദ്ധതികൾ അത് വഴി കൊണ്ട് വരിക എന്നതല്ല. അവിടെ മുടങ്ങി കിടക്കുന്ന റോഡ് ഭാരത്മാലയിലൂടെ എങ്കിലും നടക്കട്ടെ, കേന്ദ്രം ഇടപെട്ടാൽ സാധിച്ചേക്കും എന്നൊക്കെയുള്ള തെറ്റിദ്ധാരണകൾ കാരണമാകാം ഒരുപക്ഷെ ഇത്തരം ആവശ്യങ്ങൾ മുന്നോട്ട് വെക്കുന്നത്. പാരിസ്ഥിതിക വിഷയങ്ങൾ കണിശമാണ് എന്നത് കൊണ്ടാണ് ആദ്യം വിഭാവനം ചെയ്ത ഗുഡല്ലൂർ - നിലംബൂർ വഴിയുള്ള മലപ്പുറം - മൈസൂർ അലൈൻമെന്റ് കേന്ദ്ര ഹൈവേ വകുപ്പിന് മാറ്റി ചിന്തിക്കേണ്ടി വന്നത് തന്നെ. സമാന സാഹചര്യമാണ് മേപ്പാടി - നിലമ്പൂർ വഴി ആണെങ്കിലും അഭിമുകീകരിക്കുക. കേരളത്തിൽ തന്നെ കുതിരാൻ ടണൽ നിർമാണവുമായി ബന്ധപ്പെട്ട മണ്ണിടിഞ്ഞ ഭാഗത്തെ മണ്ണ് നീക്കം ചെയ്യാൻ പോലും അനുമതി നല്കാൻ അതിന്റെതായ സമയമെടുക്കുന്നു വനം വകുപ്പ് നാളെ മുണ്ടേരി - മേപ്പാടി റോഡിന് പച്ചക്കൊടി കാണിക്കുന്നു എങ്കിൽ തന്നെ അവിടെ നിലവിൽ പ്രൊപ്പോസൽ ഉള്ള മലയോര ഹൈവേ അല്ലെ നിർമ്മിക്കേണ്ടത്? ഇതിലേക്ക് മലപ്പുറം - മൈസൂർ കൊണ്ട് വരുന്നത് യുക്തിസഹമല്ല എന്ന് മാത്രമല്ല ദുരുദ്വേശപരവുമാണ്.
കാരണം മുമ്പ് പറഞ്ഞ പോലെ, മലപ്പുറം - മൈസൂർ ഭാരത്മാലയും നിലമ്പൂർ - മേപ്പാടി റോഡും തമ്മിൽ യാതൊരു ബന്ധവുമില്ല. അപ്രായോഗികമായ ഒന്നുമായി ബന്ധമുണ്ടാക്കി അതിലൂടെ വിവാദമാക്കി നിലവിലെ മലപ്പുറം - മൈസൂർ എന്ന നാടിൻറെ മാറ്റത്തിനു ഉതകുന്ന ഒരു ഹൈവേ പദ്ധതി അട്ടിമറിക്കാനുള്ള ഏത് നീക്കവും തടയേണ്ടതുണ്ട്. വികാരപരത മാറ്റി വെച്ച് വിവേകത്തോടെ വിഷയത്തെ സമീപിക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്.
പൊതുജന താല്പര്യാർത്ഥം,
- മലപ്പുറം ഡെവലപ്മെന്റ് ഫോറം.