05/09/2026
#ഭരണകക്ഷി വനിതാ എംഎൽഎക്ക് നേരെ കയ്യേറ്റം നടന്നതായി പരാതി ഉയർന്നിരിക്കുന്നു. ചിറയിൻകീഴ് എംഎൽഎ ആശുപത്രിയിൽ ചികിത്സ തേടുകയും പൊലീസ് മൊഴിയെടുക്കുകയും ചെയ്തതായും റിപ്പോർട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട ആഭ്യന്തരവകുപ്പിന് കീഴിൽ, ഭരണപക്ഷത്തുള്ള ഒരു വനിതാ ജനപ്രതിനിധി തന്നെ സംഘർഷത്തിനിരയായതായി പരാതി ഉയരുന്നത് ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. ചിറയിൻകീഴ് MLA യും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും നടന്നതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. MLAയും ജില്ലാ പഞ്ചായത്ത് അംഗവും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാണ്.
ഇവിടെ ഒരു കാര്യം പ്രത്യേകം ഓർമ്മിപ്പിക്കേണ്ടതുണ്ട്.
വന്ദേമാതരത്തിന്റെ പൂർണരൂപം ആലപിച്ചതിനെതിരെ നടന്ന പ്രതിഷേധത്തിൽ SFI നേതാക്കളെയും പ്രവർത്തകരെയും പോലീസ് ശക്തമായി നേരിട്ടിരുന്നു. പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ പോലീസ് സ്വീകരിച്ച നടപടിയും അതിന്റെ രീതിയും ഏറെ ഗൗരവത്തോടെ കാണേണ്ടതാണ്.
പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ നേരിടാൻ കാണിച്ച അതേ വേഗത, ഇപ്പോൾ ഒരു കോൺഗ്രസ് വനിതാ എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി നടന്നതായി പരാതി ഉയർന്നപ്പോഴും കാണിക്കുമോ?പ്രതിഷേധക്കാരുടെ മേൽ നിയമം പ്രയോഗിക്കാൻ കാണിച്ച വേഗത, ഭരണപക്ഷത്തെ ജനപ്രതിനിധികൾ തമ്മിലുള്ള സംഘർഷത്തിലും നിയമം നിഷ്പക്ഷമായി പ്രയോഗിക്കുന്നതിൽ കാണിക്കുമോ?
ചിറയിൻകീഴ് എംഎൽഎ യെ മർദ്ദിച്ചെന്ന പരാതി വസ്തുതാപരമാണെങ്കിൽ, ഉത്തരവാദികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണം. അതേസമയം, എം എൽ എയാണ് ജില്ലാ പഞ്ചായത്ത് അംഗത്തെയോ മറ്റാരെയെങ്കിലുമോ ആക്രമിച്ചതെന്ന ആരോപണത്തിൽ വസ്തുതയുണ്ടെങ്കിൽ, എം എൽ എക്കെതിരെയും നിയമാനുസൃതമായ നടപടി സ്വീകരിക്കണം. കാരണം ആരോപണവിധേയരാകുന്നവരിൽ ഇരുപക്ഷത്തും ജനപ്രതിനിധികളുണ്ട് — ഒരു എം എൽ എയും ഒരു ജില്ലാ പഞ്ചായത്ത് അംഗവും. ജനപ്രതിനിധികൾ തമ്മിലുള്ള സംഘർഷത്തിൽ ആരെ സംരക്ഷിക്കണം എന്നതല്ല ചോദ്യം.
ആരാണ് തെറ്റ് ചെയ്തത് എന്നതാണ് ചോദ്യം. അതിന്റെ യഥാർത്ഥ വസ്തുത പുറത്തുകൊണ്ടുവരികയും, കുറ്റം ചെയ്തവർക്കെതിരെ രാഷ്ട്രീയ പക്ഷഭേദമില്ലാതെ നിയമനടപടി സ്വീകരിക്കുകയും ചെയ്യേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമാണ്.
സ. കെ. എസ്. സലീഖ