04/08/2022
നീണ്ടൂർ കൃഷി ഭവനിൽ നിന്നും 4 വർഷത്തെ സേവനം പൂർത്തിയാക്കി ഞാൻ പാല ബ്ലോക്കിലെ മീനച്ചിൽ കൃഷി ഭവനിലേക്ക് സ്ഥലം മാറ്റം ലഭിച്ചു പോകുകയാണ്. കോട്ടയം ജില്ലയിൽ ആദ്യമായി ജോലി ചെയ്ത നീണ്ടൂർ പഞ്ചായത്ത് എന്നും എൻ്റെ ഓർമകളിൽ ഉണ്ടായിരിക്കും. തൃശൂരിലെ കോൾപ്പാടങ്ങളിലെ നെൽകൃഷി കണ്ട് പരിചയപ്പെട്ട എനിക്ക് അപ്പർ കുട്ടനാടൻ മേഖലയായ നീണ്ടൂരിലെ നെൽകൃഷി തികച്ചും പുതിയ അനുഭവം ആയിരുന്നു. വള്ളത്തിൽ പോയി ചിറയിലൂടെ നടന്ന് നെൽകൃഷി കാണാൻ പോകുന്നത് രസകരമായ അനുഭവമായിരുന്നു. മുട്ടോളം ചെളിയിൽ താഴുന്ന പാടത്തിൻ്റെ നടുക്ക് മരങ്ങളുമായി നിൽക്കുന്ന പാറയുള്ള ചോഴിയപ്പാറ പാടവും തോടിൻ്റെയും പാടത്തിൻ്റെ ആഴങ്ങളിൽ കാണുന്ന കൽകരി പോലെ കത്തുന്ന മര കുറ്റികൾ നിറഞ്ഞ കരി നിലങ്ങളും ഉള്ള നീണ്ടൂരിൻ്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ വലിയ അൽഭുതത്തോടെയാണ് ഞാൻ നോക്കി കണ്ടത്. അങ്ങനെ എത്രയെത്ര അനുഭവങ്ങൾ.....
ഇത്തരത്തിൽ നീണ്ടൂരിൻ്റെ കാർഷിക പെരുമയിലൂടെ എന്നെ കൈപിടിച്ച് നടത്തിയ എൻ്റെ പ്രിയപെട്ട കർഷകർക്കും ഔദ്യോഗിക കർത്തവ്യ നിർവഹണത്തിൽ എന്നോട് സഹകരിച്ച ജനപ്രതിനിധികളെയും കാർഷിക വികസന സമിതി അംഗങ്ങളെയും പഞ്ചായത്ത്, ഘടക സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയും സർവോപരി കൃഷി ഭവനിലെ എൻ്റെ പ്രിയപെട്ട സഹപ്രവർത്തകരെയും നന്ദിയോടെ സ്മരിക്കുന്നു. നീണ്ടൂരിൻെറ കാർഷിക സാംസ്കാരിക പാരമ്പര്യം എന്നും അതിൻ്റെ തനിമയോടെ നിൽക്കട്ടെയെന്ന് പ്രാർത്ഥിച്ചു കൊണ്ട് കൃഷി ഭവനിൽ നിന്നും പടിയിറങ്ങുന്നു🙏🙏🙏
നിത്യ സി.പി
കൃഷി ഓഫീസർ