08/08/2026
സ്കൂൾ ക്വിസിലൂടെ സവർക്കർ മഹത്വവൽക്കരണം; വിദ്യാഭ്യാസ വകുപ്പിന്റെ ഒത്താശ ആരുടെ അജണ്ടയ്ക്ക്?
വിദ്യാഭ്യാസ മേഖലയിൽ സംഘപരിവാർ അജണ്ടയ്ക്ക് ഇടം നൽകരുത്
യങ് ഡെമോക്രാറ്റ്സ്
കാസർഗോഡ്: ജില്ലയിലെ സ്കൂളുകളിൽ നടന്നതായി പുറത്തുവന്ന “Social Science Club Association – Freedom Quiz 2026” ക്വിസിന്റെ ചോദ്യപേപ്പറിൽ, “ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ കഠിന ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആര്?” എന്ന ചോദ്യത്തിന് വി. ഡി. സവർക്കർ എന്ന ഉത്തരം നൽകിയ സംഭവം ഗൗരവമായി അന്വേഷിക്കണമെന്ന് യങ് ഡെമോക്രാറ്റ്സ് ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യസമര ചരിത്രം വിദ്യാർത്ഥികൾക്ക് വസ്തുനിഷ്ഠമായി പരിചയപ്പെടുത്തേണ്ട വിദ്യാഭ്യാസ വേദികളെ ഏതെങ്കിലും രാഷ്ട്രീയ ആശയധാരയുടെ പ്രചാരണോപാധിയാക്കി മാറ്റുന്നത് അംഗീകരിക്കാനാവില്ല. ചരിത്രപരമായി വ്യത്യസ്ത വിലയിരുത്തലുകൾ നിലനിൽക്കുന്ന ഒരു വ്യക്തിയെ വ്യക്തമായ മാനദണ്ഡമോ ആധികാരിക ചരിത്രസ്രോതസ്സോ വ്യക്തമാക്കാതെ “ഏറ്റവും കൂടുതൽ കഠിന ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി” എന്ന നിലയിൽ കുട്ടികൾക്ക് അവതരിപ്പിക്കുന്നത് ചരിത്രപഠനത്തിന്റെ വസ്തുനിഷ്ഠതയെ തന്നെ ചോദ്യം ചെയ്യുന്നതാണ്.
ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ്, അഷ്ഫാഖുള്ള ഖാൻ തുടങ്ങി ജീവൻ ബലിയർപ്പിച്ചവരും ബ്രിട്ടീഷ് ഭരണകൂടത്തിന്റെ തടവും അടിച്ചമർത്തലും നേരിട്ട അനേകം സ്വാതന്ത്ര്യസമര പോരാളികളും ഇന്ത്യയുടെ ചരിത്രത്തിലുണ്ട്. അവരുടെ ത്യാഗങ്ങളെയും പോരാട്ടങ്ങളെയും ഉൾക്കൊള്ളുന്ന സമഗ്രമായ ചരിത്രബോധമാണ് വിദ്യാർത്ഥികൾക്ക് നൽകേണ്ടത്. അതിന് പകരം ഒരൊറ്റ വ്യക്തിയെ തർക്കരഹിതമായ ചരിത്രസത്യമായി ഉയർത്തിക്കാട്ടുന്ന സമീപനം അംഗീകരിക്കാനാവില്ല.
കേരളത്തിലെ വിദ്യാഭ്യാസ സംവിധാനത്തിനകത്ത് ഇത്തരമൊരു ചോദ്യം എങ്ങനെ ഇടംപിടിച്ചു എന്നതിന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമായ മറുപടി നൽകണം. സംഘപരിവാർ അനുകൂല ചരിത്രവായന വിദ്യാർത്ഥികളിലേക്ക് കടത്തിവിടാനുള്ള ശ്രമമാണോ ഇതിന് പിന്നിലെന്ന സംശയം ഉയരുന്ന സാഹചര്യത്തിൽ, ക്വിസ് തയ്യാറാക്കിയതും അംഗീകരിച്ചതും വിതരണം ചെയ്തതും ആരാണെന്നും ഏത് ആധികാരിക ചരിത്രസ്രോതസ്സിന്റെ അടിസ്ഥാനത്തിലാണ് വിവാദ ചോദ്യവും ഉത്തരവും ഉൾപ്പെടുത്തിയതെന്നും അടിയന്തരമായി അന്വേഷിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ രാഷ്ട്രീയ അജണ്ടകളുടെ പരീക്ഷണശാലകളാകരുത്. കുട്ടികൾക്ക് ചരിത്രം പഠിപ്പിക്കേണ്ടത് തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലായിരിക്കണം; രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച് ചരിത്രത്തെ പുനർവ്യാഖ്യാനിച്ചുകൊണ്ടാകരുത്. വിദ്യാഭ്യാസത്തിന്റെ കാവിവൽക്കരണത്തിനും ചരിത്രത്തിന്റെ ഏകപക്ഷീയമായ പുനർവായനയ്ക്കും കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയിൽ ഇടം നൽകാൻ പാടില്ല.
സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി വീഴ്ചയ്ക്ക് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും, ഭാവിയിൽ സ്കൂൾതല ക്വിസ് ഉൾപ്പെടെയുള്ള അക്കാദമിക പരിപാടികളിൽ ചരിത്രവസ്തുതകൾ കൃത്യമായി പരിശോധിക്കുന്ന സംവിധാനം ഉറപ്പാക്കണമെന്നും യങ് ഡെമോക്രാറ്റ്സ് ആവശ്യപ്പെട്ടു.
യങ് ഡെമോക്രാറ്റ്സ് കാസർഗോഡ് ജില്ലാ നേതൃത്വം വിഷയം ഗൗരവമായി ചർച്ച ചെയ്തു. ജില്ലാ കൺവീനർ കബീർ ബ്ലാർക്കോട്, ജില്ലാ ജോയിന്റ് കൺവീനർമാരായ ഷെരീഫ് പാവൂർ, ഷഫ്രാ ശംസു, ഷബ്നാസ് മഞ്ചേശ്വരം, ഷംനാസ് തൃക്കരിപ്പൂർ, റിസ്വാൻ ബി.കെ., ഷാക്കിർ ഉദുമ എന്നിവർ സംബന്ധിച്ചു.