12/07/2026
യുഡിഎഫ് സർക്കാർ അധികാരത്തിലേറുമ്പോൾ മുൻപിലുണ്ടായിരുന്നത് സമാനതകളില്ലാത്ത, ആശങ്കാജനകമായ, ഭയപ്പെടുത്തുന്ന കാഴ്ചയായിരുന്നു. നാളെ രാജ്യത്തെ വരെ നയിക്കേണ്ട അടുത്ത തലമുറ ചുറ്റും ഈയാംപാറ്റകളെ പോലെ ലഹരിയിൽ വീണുനശിക്കുന്നു, അവരുടെ സർഗശേഷികൾ അകാലത്തിൽ ഇല്ലാതാകുന്നു, വീടുകൾ കൊലക്കളങ്ങളായി മാറുന്നു, സ്‌കൂൾ ബാഗ് തുറന്നുപരിശോധിക്കേണ്ട ഗതികേടിൽ മാതാപിതാക്കളെത്തി നിൽക്കുന്നു. അങ്ങനെ എന്തൊക്കെ കാഴ്ചകൾ. ഈ കാഴ്ചകൾക്ക് ഒരറുതി വരുത്തണമെന്ന നിശ്ചയദാർഢ്യത്തോട് കൂടിയാണ് സംസ്ഥാന എക്സൈസ് വകുപ്പ് 'മയങ്ങില്ല കേരളം' എന്ന വിശാല ജനകീയ ലഹരിവിരുദ്ധ കർമ്മ പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ കീഴിൽ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾക്കായി നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തണ്ടർ' അങ്ങേയറ്റം കാര്യക്ഷമമായാണ് മുന്നോട്ടുപോകുന്നത്. സമീപകാലത്ത് കേരളം കണ്ടതിൽ വെച്ചേറ്റവും വലിയ ലഹരിവേട്ടയാണ് ഓപ്പറേഷൻ തണ്ടർ വഴി എക്സൈസ് നടത്തിവരുന്നത്. കണക്കുകൾ അത് സാക്ഷ്യപ്പെടുത്തുന്നു.
'ഓപ്പറേഷൻ തണ്ടർ' വഴി യുഡിഎഫ് സർക്കാർ അധികാരത്തിലേറിയ ശേഷം സംസ്ഥാനവ്യാപകമായി എക്സൈസ് നടത്തിയ 24131 റെയ്‌ഡുകളിൽ നിന്നായി മൊത്തം 20669 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 1983 മയക്കുമരുന്നു കേസുകളും 3444 അബ്കാരി കേസുകളും 15242 കോട്‌പ കേസുകളുമുൾപ്പെടും. ഇതുവരെ 4616 പേരെ അറസ്റ്റ് ചെയ്തുകഴിഞ്ഞു. 268 കിലോ കഞ്ചാവ്, 324 കഞ്ചാവ് ചെടികൾ, 292 ഗ്രാം ഹെറോയിൻ, 846 ഗ്രാം M**A, 924 ഗ്രാം മെത്താംഫിറ്റമിൻ, 185 ഗ്രാം ഹാഷിഷ് ഓയിൽ, 503 ലിറ്റർ ചാരായം, 9135 ലിറ്റര്‍ ഇന്ത്യൻ നിര്‍മ്മിത വിദേശ മദ്യം, 756 ലിറ്റർ സ്പിരിറ്റ്, 24925 ലിറ്റർ വാഷ് തുടങ്ങിയവ പിടിച്ചെടുക്കുകയും കോട്പ കേസുകളിൽ നിന്ന് 30.45 ലക്ഷം രൂപ പിഴയീടാക്കുകയും ചെയ്തുകഴിഞ്ഞു.
ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിലാണ് എക്സൈസ് വകുപ്പ്. ചിരിക്കുന്ന മുഖങ്ങളും തകരാത്ത സ്വപ്നങ്ങളും പ്രകാശമുള്ള നാളെകളുമാണ് നമുക്കാവശ്യം. നമുക്ക് ജീവിതത്തെ ലഹരിയാക്കാം.
https://www.facebook.com/share/p/1D9Mx8rybw/