DYFI Eraviperoor Block

  • Home
  • DYFI Eraviperoor Block

DYFI Eraviperoor Block Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Eraviperoor Block, Political organisation, .

02/08/2025
DYFI ഇരവിപേരൂർ ബ്ലോക്ക്‌ കമ്മിറ്റിനവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം 🚩 5pm പുല്ലാട്യുവജനറാലിയും, പൊതുയോഗവും
25/11/2024

DYFI ഇരവിപേരൂർ ബ്ലോക്ക്‌ കമ്മിറ്റി
നവംബർ 25
കൂത്തുപറമ്പ് രക്തസാക്ഷി
ദിനാചരണം 🚩 5pm പുല്ലാട്
യുവജനറാലിയും, പൊതുയോഗവും

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിൽ വിദ്യാഭ്യാസ മികവിന് കേരളം മുന്നിലെത്തിയത് പൊതുവിദ്യാഭ...
13/10/2024

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിൽ വിദ്യാഭ്യാസ മികവിന് കേരളം മുന്നിലെത്തിയത് പൊതുവിദ്യാഭ്യാസ മേഖലയ്ക്കുള്ള അംഗീകാരമാണ്. ഗ്രാമ നഗര വ്യത്യാസമില്ലാതെ പെൺകുട്ടികളും ആൺകുട്ടികളും കേരളത്തിൽ സ്‌കൂൾ വിദ്യാഭ്യാസം നേടുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ശാരീരിക പരിമിതികൾ മൂലമാണ് അവശേഷിക്കുന്ന വിദ്യാർത്ഥികൾ സ്‌കൂളുകളിൽ എത്താത്തത്. ഇവർക്ക് വീടുകളിൽ ചെന്ന് വിദ്യാഭ്യാസം നൽകാനുള്ള സൗകര്യം പൊതുവിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ മികവിൽ കേരളത്തെ എത്തിച്ച അധ്യാപക സമൂഹത്തിനും പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്കും നന്ദി അറിയിക്കുന്നു. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ എല്ലാ മാതാപിതാക്കളും മക്കളെ സ്‌കൂളിൽ അയച്ചു പഠിപ്പിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. വിദ്യാഭ്യാസ മേഖലയുടെ മികവിന് താങ്ങായുള്ളത് വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും കൂടിയാണ്. അവരെ അഭിനന്ദിക്കുന്നു

സ. വി ശിവൻകുട്ടി
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി

CPI(M) ഇരവിപേരൂർ ഏരിയാ സമ്മേളനം ഇരവിപേരൂരിൽ വച്ച് നവംബർ 15,16,17,18 തീയതികളിൽ...... സ്വാഗത സംഘ രൂപീകരണ യോഗം ജില്ലാ സെക്ര...
11/10/2024

CPI(M) ഇരവിപേരൂർ ഏരിയാ സമ്മേളനം ഇരവിപേരൂരിൽ വച്ച് നവംബർ 15,16,17,18 തീയതികളിൽ...... സ്വാഗത സംഘ രൂപീകരണ യോഗം ജില്ലാ സെക്രട്ടറി സഖാവ് K P ഉദയഭാനു ഉദ്ഘാടനം ചെയ്യുന്നു.

2024 ഒക്ടോബർ 2 മുതൽ 8 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 1,55,38,000 രൂപയാണ് വിതരണം ചെയ്തത്. 774 പേരാണ് വിവ...
11/10/2024

2024 ഒക്ടോബർ 2 മുതൽ 8 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 1,55,38,000 രൂപയാണ് വിതരണം ചെയ്തത്. 774 പേരാണ് വിവിധ ജില്ലകളിൽ നിന്നുള്ള ഗുണഭോക്താക്കൾ.

ജില്ലതിരിച്ചുള്ള വിവരങ്ങൾ,

തിരുവനന്തപുരം 58 പേർക്ക് 13,45,000 രൂപ
കൊല്ലം 94 പേർക്ക് 13,46,000 രൂപ
പത്തനംതിട്ട 10 പേർക്ക് 1,57,000 രൂപ
ആലപ്പുഴ 99 പേർക്ക് 14,95,000 രൂപ
കോട്ടയം 36 പേർക്ക് 6,09,000 രൂപ
ഇടുക്കി 39 പേർക്ക് 5,76,000 രൂപ
എറണാകുളം 232 പേർക്ക് 36,33,000 രൂപ
തൃശ്ശൂർ 44 പേർക്ക് 19,77,000 രൂപ
പാലക്കാട് 19 പേർക്ക് 4,80,000 രൂപ
മലപ്പുറം 44 പേർക്ക് 9,24,000 രൂപ
കോഴിക്കോട് 57 പേർക്ക് 17,66,000 രൂപ
വയനാട് 3 പേർക്ക് 1,07,000 രൂപ
കണ്ണൂർ 15 പേർക്ക് 7,17,000 രൂപ
കാസർകോട് 24 പേർക്ക് 4,06,000 രൂപ
എന്നിങ്ങനെയാണ് വിതരണം ചെയ്തത്.

2026ഓടെ 25,000 സ്റ്റാർട്ടപ്പുകൾ തുടങ്ങാനും ഒരുലക്ഷം തൊഴിൽ സൃഷ്‌ടിക്കാനുമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. അടുത്ത 25 വ...
07/10/2024

2026ഓടെ 25,000 സ്റ്റാർട്ടപ്പുകൾ തുടങ്ങാനും ഒരുലക്ഷം തൊഴിൽ സൃഷ്‌ടിക്കാനുമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. അടുത്ത 25 വർഷത്തിൽ ലോകത്തുണ്ടാകുന്ന ജോലികളിൽ കൂടുതലും എസ്‌ടിഇഎം (സയൻസ്‌, ടെക്‌നോളജി, എൻജിനിയറിങ്‌, മാത്തമാറ്റിക്‌സ്‌) മേഖലകളിൽപ്പെട്ടതാകും. എട്ട്‌ വർഷത്തിൽ 5000 പുതിയ സ്റ്റാർട്ടപ്പുകളാണ്‌ ആരംഭിച്ചത്‌. 510 ഐടി കമ്പനികളും ഇക്കാലയളവിൽ പ്രവർത്തനം ആരംഭിച്ചു. 34,000 കോടിയുടെ ഐടി കയറ്റുമതി 90,000 കോടിയിലേക്ക്‌ ഉയർന്നു.

ഐടിക്ക്‌ പുറമേ വ്യവസായമേഖലയിലും കേരളം വളർച്ചയുടെ പാതയിലാണ്‌. ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസിൽ സംസ്ഥാനം ഒന്നാം സ്ഥാനം നേടിയത്‌ അതിന്റെ ഭാഗം. 17 ശതമാനമാണ്‌ ബിസിനസ്‌ വളർച്ച. മെഡിക്കൽ ഉപകരണങ്ങൾക്കായി ലൈഫ്‌ സയൻസ്‌ പാർക്കിന്റെ ഭാഗമായി സ്ഥാപിക്കുന്ന മെഡ്‌സ്‌ പാർക്ക്‌ 2025 മാർച്ചോടെ പൂർണസജ്ജമാകും.

ശാസ്ത്രസാങ്കേതിക മുന്നേറ്റങ്ങളെ നാടിനുവേണ്ടി ഉപയോഗപ്പെടുത്താനാകണം. തദ്ദേശീയ ഗവേഷണങ്ങളെ ഭാവിക്കായി ഉപയോഗിക്കണം. നവവൈജ്ഞാനിക സമൂഹത്തെ വളർത്തിയെടുക്കാൻ വ്യത്യസ്ത പ്രൊഫഷണൽ മേഖലകളിൽനിന്നുള്ളവരുടെ പിന്തുണയും സഹായവും ഉണ്ടാകണം.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്താവന___________________________ദേശാഭിമാനിക്കെതിരെ പാര്‍ടി അന്...
01/10/2024

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്താവന
___________________________
ദേശാഭിമാനിക്കെതിരെ പാര്‍ടി അന്വേഷണമെന്ന മനോരമ വാര്‍ത്ത ദുഷ്ടലാക്കോടെ കെട്ടിച്ചമച്ച പച്ച നുണയാണ്. പി വി അന്‍വര്‍ നടത്തിയ വാര്‍ത്താസമ്മേളനം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച കാര്യം പാര്‍ടി അന്വേഷിക്കുമെന്നാണ്‌ മലയാള മനോരമ തട്ടിവിട്ടിരിക്കുന്നത്‌. പൊതുവായ വാര്‍ത്തകള്‍ നല്‍കിക്കൊണ്ട്‌ പാര്‍ടിയുടെ നയം ജനങ്ങളിലെത്തിക്കുകയാണ്‌ ദേശാഭിമാനി ചെയ്യേണ്ടത്‌ എന്നതാണ്‌ പാര്‍ടി നയം. ആ നയത്തിനനുസരിച്ച്‌ തന്നെയാണ്‌ ദേശാഭിമാനി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത്‌.

ദേശാഭിമാനിയുടെ ഒരു വായനക്കാരന്‌ വാര്‍ത്ത അറിയാന്‍ മറ്റൊരു പത്രത്തെ ആശ്രയിക്കേണ്ടി വരരുത്‌. ഓരോ ദിവസവും വരുന്ന വാര്‍ത്തകളെ ജനങ്ങളിലെത്തിക്കുകയെന്നത്‌ ദേശാഭിമാനിയുടെ ഉത്തരവാദിത്വമാണ്‌. പാര്‍ടി പത്രമായിരിക്കെ തന്നെ ഒരു പൊതുപത്രമായി അത്‌ വളരണമെന്നാണ്‌ പാര്‍ടിയുടെ നിലപാട്‌. ആ നിലയ്‌ക്ക്‌ പത്രം വളരുകയും ചെയ്യുന്നുണ്ട്‌.

സിപിഐ എമ്മിന് എതിരായി നിലകൊള്ളുന്ന പ്രതിപക്ഷ പാര്‍ടി നേതാക്കളുടെ വാര്‍ത്താസമ്മേളനവും, പ്രസ്‌താവനകളും എല്ലാം ദേശാഭിമാനി പ്രസിദ്ധീകരിക്കാറുണ്ട്‌. ഇത്‌ മറച്ചുവെച്ച്‌ ഇങ്ങനെയൊരു തെറ്റായ വാര്‍ത്ത കൊടുത്തത്‌ മനപ്പൂര്‍വ്വമാണ്‌.

ദേശാഭിമാനി ക്യാമ്പയിന്‍ നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ഒരു വായനക്കാരനെയെങ്കിലും തെറ്റിദ്ധരിപ്പിക്കാനായാല്‍ അത്രയും നേട്ടമെന്ന ദുഷ്ട ബുദ്ധി മാത്രമാണ്‌ മനോരമയുടെ ഈ വാര്‍ത്തക്ക്‌ പിന്നിൽ.

സിപിഐ എമ്മിന്റെ സമുന്നത നേതാവായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ രണ്ടാം ചരമവാർഷിക ദിനമാണ് ഇന്ന്‌. പാർടിയുടെ പൊളിറ്റ് ബ്യൂറോ ...
01/10/2024

സിപിഐ എമ്മിന്റെ സമുന്നത നേതാവായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ രണ്ടാം ചരമവാർഷിക ദിനമാണ് ഇന്ന്‌. പാർടിയുടെ പൊളിറ്റ് ബ്യൂറോ അംഗം, കേന്ദ്ര കമ്മിറ്റിയംഗം, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച, ജനങ്ങളുമായി ഏറെ അടുപ്പം സൂക്ഷിച്ച കോടിയേരിയുടെ വേർപാട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടാക്കിയ നഷ്ടം പരിഹരിക്കാവുന്നതല്ല. മികച്ച ഭരണാധികാരിയെന്ന നിലയിലും നിയമസഭാംഗമെന്ന നിലയിലും കോടിയേരി വ്യക്തിമുദ്ര പതിപ്പിച്ചു. വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്ത് വന്ന അദ്ദേഹം പാർടിക്കും യുവജന പ്രസ്ഥാനത്തിനും വർഗ–ബഹുജന സംഘടനകൾക്കും ഊർജസ്വലമായ നേതൃത്വം നൽകി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കെട്ടുറപ്പോടെ മുന്നോട്ട് നയിക്കുന്നതിൽ അദ്ദേഹം അനുപമമായ മാതൃക കാട്ടി. ഏതു പ്രതിസന്ധി ഘട്ടവും മുറിച്ചുകടന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തിയ നേതാവായിരുന്നു കോടിയേരി. എന്നും ജനങ്ങൾക്കിടയിൽ നിറഞ്ഞുനിന്ന കോടിയേരി സ്നേഹനിർഭരമായ പെരുമാറ്റംകൊണ്ട് ഏവരുടെയും ഹൃദയം കവർന്നു. കേരളം മുഴുവൻ പ്രവർത്തനമണ്ഡലമാക്കിയ സഖാവ് മറ്റ് സംസ്ഥാനങ്ങളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ചും അവിടങ്ങളിലെ ജനങ്ങളുടെ ജീവിതവും വ്യക്തമായി മനസ്സിലാക്കി. കർഷകരുടെയും തൊഴിലാളികളുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങളിൽ അതീവ ശ്രദ്ധയോടെ ഇടപെട്ട് പരിഹാരം കാണുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു. വർഗ–ബഹുജന സംഘടനകളുടെ പ്രവർത്തനത്തിന്‌ കൃത്യമായ ദിശാബോധം പകരുന്നതിലും പ്രക്ഷോഭ സമരപാതകളിൽ അവരെ അണിനിരത്തുന്നതിലും ശ്രദ്ധിച്ചു.
നല്ലൊരു പാർലമെന്റേറിയൻകൂടിയായിരുന്ന കോടിയേരി നിയമസഭാംഗം, മന്ത്രി എന്നീ നിലകളിലും ശോഭിച്ചു. കൈകാര്യം ചെയ്ത വകുപ്പുകൾക്ക് നൂതനമായ ആശയങ്ങളിലൂടെ മിഴിവേകാനും കഴിഞ്ഞു. നിരവധിയായ ജയിൽ പരിഷ്കാരങ്ങൾ അദ്ദേഹം നടപ്പാക്കി. ജനമൈത്രി പൊലീസ്, സ്റ്റുഡന്റ് പൊലീസ് എന്നിവയെല്ലാം ആഭ്യന്തരമന്ത്രിയായിരിക്കെ രൂപംകൊണ്ടതാണ്. കേരളത്തിന്റെ ഭാവി വികസനം മുന്നിൽക്കണ്ട് എൽഡിഎഫ് ആവിഷ്കരിച്ച വികസന പദ്ധതികളിലെല്ലാം കോടിയേരിയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. വികസന വിഷയങ്ങളും നാടിന്റെ ആവശ്യങ്ങളും വ്യക്തമായി പഠിച്ച് നിയമസഭയിൽ ശക്തമായി അവതരിപ്പിക്കാൻ അദ്ദേഹത്തിനായി. നർമത്തിന്റെ അകമ്പടിയോടെ കുറിക്കുകൊള്ളുന്ന വാക്കുകളുമായി നിയമസഭയിൽ ശോഭിച്ചു. എതിർ പാർടികളിൽപ്പെട്ടവരുടെപോലും സ്നേഹവും ആദരവും ഏറ്റുവാങ്ങി. തന്റെ മുന്നിലെത്തുന്ന ഏതൊരാളെയും ചെറുചിരിയോടെ സ്വീകരിച്ച്‌ അവരുടെ വാക്കുകൾ സശ്രദ്ധം കേട്ട് പരിഹാരമാർഗം നിർദേശിക്കുമായിരുന്നു.

പാർടിയുടെ മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്റർ പദവിയും സഖാവ് വഹിച്ചിരുന്നു. കാലത്തിനനുസരിച്ച് ദേശാഭിമാനിയെ നവീകരിക്കുന്നതിലും പത്രത്തിന്റെ കെട്ടിലും മട്ടിലുമെല്ലാം പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്നതിലും അതീവ ശ്രദ്ധ പുലർത്തി. പ്രസ്ഥാനത്തിന്റെ നാവായി പ്രവർത്തിക്കുന്നതിനൊപ്പം ദേശാഭിമാനിയെ പൊതുപത്രമാക്കി വളർത്തുന്നതിലും മികച്ച സംഭാവനകൾ നൽകി. ഏറ്റവും ആധുനികമായ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിലും ശ്രദ്ധവച്ചു. കൂടുതൽ ജനങ്ങളിലേക്ക് ദേശാഭിമാനിയെ എത്തിക്കുന്നതിനുള്ള അക്ഷീണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെയാണ് അദ്ദേഹത്തെ രോഗം കീഴ്പ്പെടുത്തിയത്. അസുഖത്തിന്റെ ബുദ്ധിമുട്ടുകൾ അവഗണിച്ചും പ്രസ്ഥാനത്തിനായി അവസാനംവരെ പോരാടിയ സഖാവിനെയാണ് നമുക്ക് നഷ്ടമായത്.

ചെറുപ്പംമുതൽ കോടിയേരി ബാലകൃഷ്ണനുമായി എനിക്ക് അടുത്ത ബന്ധമുണ്ട്. കണ്ണൂർ ജില്ലയിൽ ഞങ്ങളിരുവരും സംഘടനാ പ്രവർത്തനത്തിൽ സജീവമായി വന്ന ഘട്ടംമുതൽ അടുത്തറിയാം. കേരള സോഷ്യലിസ്റ്റ് യുവജന ഫെഡറേഷൻ (കെഎസ്‌വൈഎഫ്) രൂപീകരണ വേളയിൽ ഈ ബന്ധം ദൃഢമായി. അന്ന് വിദ്യാർഥി രംഗത്തായിരുന്നു കോടിയേരിയുടെ പ്രവർത്തനം. ഞാൻ യുവജനരംഗത്തും. ഞങ്ങളുടെയൊക്കെ പ്രധാന കേന്ദ്രം സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായിരുന്നു. പല ദിവസങ്ങളിലും രാത്രി ഈ ഓഫീസിലായിരുന്നു താമസം. അന്ന് രൂപപ്പെട്ട സൗഹൃദം അവസാനംവരെ ഒരു പോറൽപോലുമേൽക്കാതെ നിലനിന്നു. സംഘാടകൻ എന്ന നിലയിൽ അന്നുമുതലേ മികച്ച കഴിവ് പ്രകടിപ്പിച്ച നേതാവായിരുന്നു കോടിയേരി. ഏത് സന്ദിഗ്ധ ഘട്ടത്തിലും പാർടിയെ മുന്നോട്ടു നയിക്കുന്ന നേതാവ്. തലശേരി മേഖലയിൽ ആർഎസ്എസിന്റെ കടന്നാക്രമണം തുടർച്ചയായി നടക്കുമ്പോൾ അതിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുന്നതിൽ സഖാവ്‌ മുന്നിലുണ്ടായിരുന്നു.

സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ, കാര്യങ്ങൾ വളച്ചുകെട്ടില്ലാതെ വ്യക്തമായി അവതരിപ്പിക്കുന്നതാണ് കോടിയേരിയുടെ പ്രസംഗശൈലി. രാഷ്ട്രീയ എതിരാളികളെ വിമർശിക്കുന്നതിൽ ഒരു പിശുക്കും കാട്ടിയില്ല. സംഘാടകൻ, പ്രസംഗകൻ എന്നീ നിലകളിൽ ശ്രദ്ധേയനായി കോടിയേരി വളരുന്നത് അടുത്തുനിന്ന് വീക്ഷിക്കാൻ എനിക്ക് കഴിഞ്ഞു.

പാർടിയിൽ ആശയപരമായ വ്യതിയാനങ്ങളുണ്ടായ ഘട്ടത്തിലെല്ലാം പാർടിയെ പരിക്കേൽക്കാതെ രക്ഷിച്ചതിലും കോടിയേരിക്ക് പ്രമുഖ പങ്കുണ്ട്. 1967–68 ഘട്ടത്തിൽ നക്‌സൽ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് കമ്യൂണിസ്റ്റ് പാർടിയിൽ ശക്തമായ ആശയസമരം നടന്നപ്പോൾ വളരെ വ്യക്തതയോടെ അത്തരം ആശയഗതികളെ നേരിടുന്നതിൽ വിദ്യാർഥി നേതാവെന്ന രീതിയിൽ വഹിച്ച പങ്ക് പ്രധാനപ്പെട്ടതാണ്. അക്കാലത്ത് വിദ്യാർഥി നേതാവെന്ന നിലയിൽ സംസ്ഥാനത്തെങ്ങും ഈ ആശയസമരത്തെ നയിച്ചു. പാർടിക്കകത്ത് വിഭാഗീയത ഉയർന്നുവന്ന ഘട്ടത്തിലും പാർടി നിലപാടുകളിൽ ഉറച്ചുനിന്ന് വിഭാഗീയ നിലപാടുകളെ ചെറുക്കുന്നതിന് നേതൃത്വം നൽകി. രാഷ്ട്രീയ, പ്രത്യയശാസ്ത്ര കാര്യങ്ങളിൽ കണിശതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് എന്നും ശ്രദ്ധിച്ചു. പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നതിൽ അസാധാരണമായ പാടവം അദ്ദേഹത്തിനുണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് കൽത്തുറുങ്കിൽ അടയ്ക്കപ്പെട്ട കോടിയേരി പുറത്തിറങ്ങിയശേഷം കൂടുതൽ ഊർജസ്വലതയോടെ പ്രവർത്തിക്കുന്നതാണ് കണ്ടത്.
രാഷ്ട്രീയ എതിരാളികളോടുപോലും എന്നും സൗഹൃദം നിലനിർത്താൻ കോടിയേരിക്ക്‌ കഴിഞ്ഞു. പാർടി സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ എല്ലാവരെയും കൂട്ടിയോജിപ്പിച്ച് പാർടിയെയാകെ ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കാനായി. നിഷ്കളങ്കവും സൗമ്യവുമായ പെരുമാറ്റത്തിലൂടെ ആരെയും ആകർഷിക്കാൻ കഴിയുന്ന വ്യക്തിത്വത്തിന്റെ ഉടമകൂടിയായിരുന്നു. വിശ്രമരഹിതമായ രാഷ്ട്രീയ ജീവിതമായിരുന്നു സഖാവിന്റേത്. അസുഖം ബാധിച്ച ഘട്ടത്തിലും അതിന് മാറ്റമുണ്ടായില്ല. ഏത് പരീക്ഷണ ഘട്ടത്തിലും സൗമ്യമായ പെരുമാറ്റത്തിലൂടെ ജനങ്ങളുടെ ആദരവ് പിടിച്ചു വാങ്ങാനും അദ്ദേഹത്തിനായി.

കേരളത്തിൽ എൽഡിഎഫ് സർക്കാർ ജനകീയ വികസനപ്രവർത്തനങ്ങളുമായി ഏറെ മുന്നോട്ട് കുതിക്കുന്ന വേളയിലാണ് അപ്രതീക്ഷിതമായി കോടിയേരിയുടെ വേർപാടുണ്ടായത്. സമൂഹത്തിലെ നാനാതുറയിലുംപെട്ടവരുടെ വിഷമതകളും പ്രശ്നങ്ങളുമെല്ലാം അഭിമുഖീകരിച്ച് സാധാരണക്കാർക്ക് അഭിമാനത്തോടെ ജീവിക്കാനുള്ള പാതയൊരുക്കുകയാണ് സംസ്ഥാന സർക്കാർ. വയനാട്‌ ദുരന്തം നേരിടാൻ ഒറ്റക്കെട്ടായി കേരളം നീങ്ങുകയാണ്‌. സാമ്പത്തിക പരിമിതികൾ എല്ലാം അവഗണിച്ചുകൊണ്ട്‌ മികച്ച പുനരധിവാസം സാധ്യമാക്കാനാണ്‌ സംസ്ഥാന സർക്കാർ കിണഞ്ഞുപരിശ്രമിക്കുന്നത്‌. എന്നാൽ, അത്തരം പ്രവർത്തനങ്ങൾക്കെല്ലാം തടസ്സം സൃഷ്‌ടിക്കാനാണ്‌ ഏതാനും മാധ്യമങ്ങളും പ്രതിപക്ഷവും ശ്രമിക്കുന്നത്‌. ദുരന്തത്തിന്‌ ഇരയായവരെ സഹായിക്കാനുള്ള സർക്കാർശ്രമം തടയാനാണ്‌ മാധ്യമങ്ങൾ തുടർച്ചയായി വ്യാജവാർത്തകൾ നൽകുന്നത്‌. കേരളം കണക്കുകൾ പെരുപ്പിച്ചു നൽകി എന്നാണ്‌ വാർത്ത നൽകിയത്‌. കേരളത്തിന്റെ താൽപ്പര്യത്തിനെതിരാണ്‌ മാധ്യമങ്ങളുടെ ഈ നിലപാട്‌. നൽകിയ വാർത്തകൾ തെറ്റാണെന്ന്‌ വ്യക്‌തമായിട്ടും തിരുത്താൻ തയ്യാറായില്ല. കേന്ദ്രസർക്കാരാകട്ടെ കേരളത്തെ പൂർണമായും തഴയുന്ന സമീപനമാണ്‌ തുടർച്ചയായി സ്വീകരിക്കുന്നത്‌. അർഹമായ ദുരിതാശ്വാസംപോലും നൽകാൻ തയ്യാറായിട്ടില്ല.

കഴിഞ്ഞ ദിവസം പി വി അൻവർ എംഎൽഎ പാർടിക്കും സർക്കാരിനുമെതിരായി അടിസ്ഥാനരഹിതമായ ചില ആരോപണങ്ങൾ ഉന്നയിച്ചു. ഇടതുപക്ഷ സ്വതന്ത്ര എംഎൽഎ എന്ന നിലയിൽ സാമാന്യമര്യാദ പാലിക്കാതെ പരസ്യമായി പ്രസ്‌താവന നടത്തുകയും പാർടിക്കും മുഖ്യമന്ത്രിക്കും ഇടതുപക്ഷത്തിനുമെതിരായി നീങ്ങുകയുമാണ്‌ പി വി അൻവർ ചെയ്യുന്നത്‌. സിപിഐ എമ്മിനെയും എൽഡിഎഫിനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ പിന്നിൽ സ്ഥാപിത താൽപ്പര്യമാണെന്ന്‌ വ്യക്‌തമാണ്‌. ഇതൊന്നുംകൊണ്ട്‌ പാർടിയെയും എൽഡിഎഫിനെയും തകർക്കാനാകില്ല.

പ്രക്ഷോഭ പാതകൾക്ക് എന്നും ഊർജം പകർന്ന കോടിയേരി സഖാവിന്റെ സ്മരണ നമുക്ക് ഏത് പ്രതിസന്ധിഘട്ടത്തിലും കരുത്തേകും. ആ അമരസ്മരണകൾക്കു മുന്നിൽ രക്തപുഷ്പങ്ങൾ.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

ജൂൺ ആദ്യ വാരമാണ് ലോകസഭാ തെരഞ്ഞെടുപ്പ് ഫലം വന്നത്. അടുത്ത ആഴ്ച്ച, അതായത് ഒക്ടോബർ ആദ്യ വാരമായാൽ  വെറും 4 മാസം മാത്രം പൂർത്...
30/09/2024

ജൂൺ ആദ്യ വാരമാണ് ലോകസഭാ തെരഞ്ഞെടുപ്പ് ഫലം വന്നത്. അടുത്ത ആഴ്ച്ച, അതായത് ഒക്ടോബർ ആദ്യ വാരമായാൽ വെറും 4 മാസം മാത്രം പൂർത്തിയാകും.

എന്താണ് ഈ നാല് മാസത്തിന്റെ പ്രത്യേകത?

ലോകസഭാ തെരഞ്ഞെടുപ്പ് ഫലം വരികയും കേരളത്തിൽ ഇടത് മുന്നണിയും മുന്നണിയെ നയിക്കുന്ന സി.പി.ഐ.എമ്മും വലിയ പരാജയമേറ്റ് വാങ്ങുകയും ചെയ്തപ്പോൾ രാഷ്ട്രീയ - ജാതി - മത - ലിംഗ ഭേദമന്യേ പലരും അഭിപ്രായപ്പെട്ടതോ കുറ്റപ്പെടുത്തിയതോ ആയ കാര്യമായിരുന്നു സി.പി.ഐ.എമ്മിന്റെ 'ന്യൂനപക്ഷ പ്രീണനം, അഥവാ മുസ്ലീം പ്രീണനമാണ്' ഈ വലിയ തോൽവിക്ക് കാരണമായതെന്ന്. ബിജെപി നേതാക്കളും കോൺഗ്രസ് നേതാക്കളും ഒരുപോലെ ഈ വിമർശനം ഉന്നയിച്ചു. ഷാജൻ സ്കറിയ മുതൽ അഡ്വ: ജയശങ്കർ വരെ ഇതിൽ പിടിച്ച് സ്വതസിദ്ധമായ വിഷം വിളമ്പി. അതിശയകരമെന്ന് പറയട്ടെ ഇതേ അഭിപ്രായം മുസ്ലീം ലീഗുകാർ പോലും പങ്കുവച്ചു. സത്യസന്ധമായി പറയുകയാണെങ്കിൽ ചില പാർടി അനുഭാവികൾ പോലും ആ അഭിപ്രായം പങ്കുവെക്കുകയുണ്ടായി.

അങ്ങനെ സി.പി.ഐ.(എം) മുസ്ലീം പ്രീണനം നടത്തുന്നുവെന്ന് വെറും ദിവസങ്ങൾക്ക് മുന്നേ പൊതുസത്യമായി ഈ പറഞ്ഞ ആൾക്കാരൊക്കെ തന്നെ അംഗീകരിച്ചു.

സംഘപരിവാർ കാലങ്ങളായി കമ്യൂണിസ്റ്റ് പാർടിക്ക് ലാബൽ ചെയ്ത ചാപ്പയാണ് ഈ ന്യൂനപക്ഷ പ്രീണനം എന്നത്. കമ്മി - ജിഹാദികൾ എന്ന് അവർ ഒരു വാക്ക് തന്നെ കോയിൻ ചെയ്തിട്ടുണ്ട്. സി.പി.ഐ.(എം) ഏത് കാലത്തും ന്യൂനപക്ഷങ്ങളോട്, അത് മത ന്യൂനപക്ഷമാവട്ടെ, സമുദായ ന്യൂനപക്ഷമാവട്ടെ, ലൈംഗീക ന്യൂനപക്ഷമാവട്ടെ, ആരും ആവട്ടെ, അവരോട് രാഷ്ട്രീയമായി ഐക്യപ്പെട്ടിട്ടുണ്ട്. ഇനിയും അത് തുടരും. കാരണം അത് ആ പാർടിയുടെ രാഷ്ട്രീയ ആശയത്തിന്റെ ഭാഗമാണ്.

സംഘപരിവാർ ഫാഷിസ്റ്റ് ഭരണം അതിന്റെ ഏറ്റവും ഋണാത്മകമായ നിലയിൽ രാജ്യത്തെ സാധാരണ ജനങ്ങളെ, വിശേഷിച്ചും മത ന്യൂനപക്ഷങ്ങളുടെ ജീവിതം ദുസ്സഹമാക്കുമ്പോൾ ആ സംഘപരിവാർ ആശയത്തോടും രാഷ്ട്രീയത്തോടും നേരിട്ട് യുദ്ധം പ്രഖ്യാപിച്ചു കൊണ്ട് എതിർത്ത് നിന്ന ഒരു സംസ്ഥാന സർക്കാരാണ് കേരളത്തിലെ പിണറായി വിജയൻ നേതൃത്വം നൽകിയ ഇടത് സർക്കാരുകൾ. കേരള സർക്കാരിനെ പിരിച്ചു വിട്ട് രാഷ്‌ട്രപതി ഭരണമേർപ്പെടുത്തണമെന്ന് പല സമയത്തായി സംഘികൾ ക്യാമ്പയിൻ ചെയ്തതിൽ പ്രധാനം സർക്കാരിന്റേയും സർക്കാരിനെ നയിക്കുന്ന പാർടിയുടേയും ഈ പൊളിറ്റിക്കൽ പൊസിഷൻ കൂടിയാണ്. അതിനാൽ തന്നെ മത ന്യൂനപക്ഷങ്ങൾക്ക് പ്രത്യേകിച്ച് മുസ്ലീം മത ന്യൂനപക്ഷങ്ങൾ ഏറ്റവും കൂടുതൽ രാഷ്ട്രീയ പരമായി ഇടതുപക്ഷത്തോടും കമ്യൂണിസ്റ്റ് പാർടിയോടും അടുത്ത കാലമാണ് ഈ കഴിഞ്ഞ വർഷങ്ങൾ.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുകയും സർക്കാർ മുൻകൈ എടുത്ത് തന്നെ രാജ്യത്തിന് തന്നെ മാതൃകയാകുന്ന തരത്തിൽ, ഒരേ സമയം നിയമ പോരാട്ടവും അതേ സമയം ജനകീയ പ്രതിരോധവും നടത്തി. സി.പി.ഐ.എമ്മും - ഡി.വൈ.എഫ്.ഐയും - എസ്‌.എഫ്.ഐയുമൊക്കെ പൗരത്വ നിയമത്തിനെതിരെ തെരുവുകൾ പ്രക്ഷുബ്ദമാക്കി. ഡി.വൈ.എഫ്.ഐ പ്രകടനത്തിന് അഭിവാദ്യർപ്പിക്കുന്ന യൂത്ത് ലീഗുകാരെ പോലും കണ്ടു. (ആ സമയത്ത് ലീഗ് നേതാവ് പൗരത്വ ഫോം പൂരിപ്പിക്കാൻ പഠിക്കാൻ അണികളോട് ആഹ്വാനം ചെയ്യുകയായിരുന്നു). തങ്ങളോട് വിയോജിപ്പ് സൂക്ഷിക്കുന്ന സമുദായ നേതാക്കളെ പോലും പങ്കെടുപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി മഹാസമ്മേളനം നടത്തി കേരളത്തിന്റെ പ്രതിഷേധവും പ്രതിരോധവും രാജ്യത്തിന് കാണിച്ചു കൊടുത്തു. അങ്ങനെയൊരു സമ്മേളനത്തിൽ വേദിയിൽ വച്ച് ചിലർ നിസ്കരിച്ചത് പോലും വലിയ നിലയിൽ സി.പി.ഐ.എമ്മിനെതിരായ അധിക്ഷേപത്തിനും വെറുപ്പ് പടർത്താനും കാരണമായി.

ഇതിന് ശേഷം മുത്തലാഖ് ക്രിമിനലൈസ് ചെയ്ത വിഷയത്തിൽ, യൂണിഫോം സിവിൽ കോഡ് വിഷയത്തിൽ, എൻ.ഐ.എ നിയമ ഭേദഗതിയിലൊക്കെ ഏറ്റവും കൂടുതൽ കേട്ട രാഷ്ട്രീയ പ്രതിരോധം സി.പി.ഐ.എമ്മിന്റേയും ഇടതുപക്ഷത്തിന്റേതുമായിരുന്നു.

ഏറ്റവും ഒടുവിൽ വലത് പക്ഷവും , നവ നാസ്തികരും എന്തിന് എന്നും യു.ഡി.എഫിനെ സഹായിക്കുന്ന ക്രിസ്ത്യൻ സംഘടനകൾ പോലും സി.പി.ഐ.എമ്മിനെ അധിക്ഷേപിച്ചത് ഫലസ്‌തീൻ ഐക്യദാർഢ്യത്തിന്റെ പേരിലാണ്. ഫലസ്തീനിൽ സാമ്രാജ്യത്വ പിന്തുണയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടകുരുതികൾക്കെതിരെ കേരളത്തിൽ സ്തൈര്യമാർന്ന ഒരു ശബ്ദം കേട്ടത് ഇടത് പക്ഷത്ത് നിന്ന് മാത്രമാണ്. കോൺഗ്രസ് പാർടിയോ അവരുടെ നേതാക്കളോ ഫലസ്‌തീൻ എന്നൊരക്ഷരം തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ പോലും എഴുതാൻ മടിച്ചപ്പോൾ കേരളത്തിലെ മുക്കിലും മൂലയിലുമുള്ള തെരുവിൽ സയണിസ്റ്റ് ഭീകരതക്കെതിരെ ഫലസ്തീൻ ഐക്യദാർഢ്യം പരിപാടികൾ നടന്നത് കമ്യൂണിസ്റ്റ് പാർടിയുടേയും അതിന്റെ ബഹുജന സംഘടനകളുടെയും നേതൃത്വത്തിലാണ്. ഇസ്രായേൽ എന്ന രാജ്യം ഉണ്ടായ കാലം മുതൽ ലോകത്താകമാനമുള്ള കമ്യൂണിസ്റ്റ് പാർടികൾ ഫലസ്‌തീൻ കോസിന്റെ കൂടെയാണ്, അതിനെ പോലും തലമുതിർന്ന കോൺഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പ് കാലത്തെ ന്യൂനപക്ഷ പ്രീണനമായി മുദ്ര കുത്തി.

ഇങ്ങനെ എല്ലാ നിലയിലും ഇന്ത്യയിലെ ന്യൂനപക്ഷ ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളിൽ അതിനോട് രാഷ്ട്രീയ ഐക്യപ്പെടൽ നടത്തുന്ന സി.പി.ഐ.എമ്മിനോട് കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങൾ ഏറെ അടുക്കുന്ന സമയം മുതൽ അതിനെ എങ്ങനെയും ഇല്ലാതാക്കുക എന്ന പണിയെടുത്തതും എടുത്തു കൊണ്ടിരിക്കുന്നതും ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള പൊളിറ്റിക്കൽ ഇസ്‌ലാമിസ്റ്റുകളാണ്. മുസ്ലീം ന്യൂനപക്ഷത്തിന്റെ സ്വാഭാവിക പൊളിറ്റിക്കൽ ചോയിസായ ഇടത് പക്ഷത്തിലേക്ക് അവർ ചായാതിരിക്കുക എന്ന ലക്ഷ്യം വച്ച് എല്ലാ കുത്തിത്തിരിപ്പ് പണികളും ജമാ അത്തെ ഇസ്ലാമിയുടെ ആലയിൽ വച്ച് നിർമ്മിക്കപ്പെടുന്നുണ്ട്. ഒരു പക്ഷെ കേരളത്തിലെ പാരമ്പര്യ മുസ്ലീങ്ങളെ ഇടതുപക്ഷത്തിൽ നിന്നകറ്റാനുള്ള സഹായങ്ങൾ ചെയ്ത് തരാമെന്ന നെഗോസിയേഷനായിരിക്കും അവർ യു.ഡിഎഫിന് വേണ്ടി പണിയെടുക്കുമ്പോൾ കൊടുത്ത വാഗ്ദാനം പോലും.
ജമാ അത്തെ ഇസ്ലാമിയും അവരുടെ 'മാധ്യമ'ങ്ങളും ആ പണി ഇന്നും ഇന്നലെയും തുടങ്ങിയതുമല്ല.

ഇനി ആദ്യം പറഞ്ഞ വിഷയത്തിലേക്ക് വരാം. അങ്ങനെ കഴിഞ്ഞ ഒന്ന് രണ്ട് മാസങ്ങൾക്ക് മുന്നേ വരെ മുസ്ലീം പ്രീണനം എന്ന് ആക്ഷേപം കേട്ട അതേ പാർടിയും പാർടി നേതാക്കളുമാണ് ഇപ്പോൾ സംഘി ബന്ധം എന്ന ആക്ഷേപം കേൾക്കുന്നത്. 'സംഘിയല്ലാത്ത ഒരു സി.പി.ഐ.എമ്മുകാരനെ പോലും കണ്ടിട്ടില്ലെന്നാണ്' മീഡിയാ വൺ വാർത്താ ലിങ്കുകൾക്ക് താഴെയുള്ള കോമന്റുകളിൽ അവരുടെ ടാർഗറ്റ് ഓഡിയൻസ് ആത്മാർത്ഥമായും എഴുതുന്നത്. ഒരേ സമയം ന്യൂനപക്ഷ പ്രീണനം നടത്തുന്ന കമ്മി ജിഹാദിയും അതേ സമയം ഹിന്ദുത്വ പ്രീണനം നടത്തുന്ന കമ്മി - സംഘിയുമായി സി.പി.ഐ.(എം) ഒരേയിടത്തിൽ ലാബൽ ചെയ്യപ്പെടുന്നു. രണ്ട് മൂന്ന് മാസങ്ങൾക്കിടയിലായാലും മറവി വല്ലാത്തൊരു അനുഗ്രഹമായി മാറുന്നു.

പി.വി അൻവറിനെ തള്ളി പറഞ്ഞ സി.പി.ഐ.(എം) മലപ്പുറം ജില്ലാ സെക്രട്ടറി സഖാവ് ഇ.എൻ മോഹൻദാസിനെതിരെ അൻവർ പ്രതികരിച്ചത് സി.പി.ഐ.(എം) മലപ്പുറം ജില്ലാ സെക്രട്ടറി 'പക്കാ ആർ.എസ്‌.എസ്‌ ആണെന്ന്' പറഞ്ഞ് കൊണ്ടാണ്. ഞാൻ അഞ്ചു നേരം നമസ്കരിക്കുന്നതാണ് അയാൾക്ക് പ്രശ്നമെന്നും അൻവർ പറഞ്ഞതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ നിസ്കരിക്കാൻ സമ്മതിക്കാത്ത, ഹജ്ജിന് പോകാൻ സമ്മതിക്കാത്ത കഥ കേരളം കേൾക്കുന്നത് ആദ്യമായല്ലല്ലോ. കുറെ വർഷങ്ങൾക്ക് മുന്നേ ഈ ആരോപണം പറഞ്ഞയാളിന്ന് 'എല്ലാവരെയും നിസ്കരിക്കാൻ സമ്മതിക്കുന്ന പാർടിയുടെ' ദേശീയ വൈസ് പ്രസിഡന്റാണ്, പേര് എ.പി അബ്ദുള്ള കുട്ടി.

അൻവർ ശൂന്യതയിൽ നിന്ന് മത വൈകാരികത വലിച്ചെടുത്ത് ഏറ്റവും സെക്കുലറായി ജീവിതം നയിക്കുന്ന മനുഷ്യർക്ക് നേരെ ഏറ്റവും മോശപ്പെട്ട ആരോപണം പതിച്ചു കൊടുക്കുന്ന ഏറ്റവും ഹീനമായ പ്രവർത്തിയാണ് ഈ ചെയ്തത്. മുസ്ലീം ജനസംഖ്യ കൂടുതലുള്ള ഒരു ജില്ലയുടെ ഹിന്ദു പേരുകാരനായ ജില്ലാ സെക്രട്ടറിക്കെതിരെ എന്ത് പറഞ്ഞാലാണ് ആൾക്കാരുടെ വൈകാരിക കത്തിക്കാൻ സാധിക്കുകയെന്ന് നന്നായി അറിയുന്ന ഒരു മൂന്നാം കിട തെമ്മാടി ചെയ്യുന്ന കാര്യമാണ് മതത്തെ കൂട്ടുപിടിച്ച് അജണ്ട സെറ്റ് ചെയ്യൽ. എട്ടു കൊല്ലം എം.എൽ.എയും അതിനിടക്ക് പാർലിമെന്റിലും മത്സരിക്കുമ്പോൾ പലവട്ടം ഒന്നിച്ച് പ്രവർത്തിച്ച പാർടി മലപ്പുറം ജില്ലാ സെക്രട്ടറിയായ മനുഷ്യനെ അറിയാത്ത ആളൊന്നുമല്ല അൻവർ. അനേകം കാലമായി മലപ്പുറത്തെ സാമൂഹ്യ ജീവിതത്തിൽ പലവിധത്തിൽ ഇടപെടുന്ന, സാത്വികമായ പെരുമാറ്റത്തിന് ഉടമയുമായ സഖാവ് മോഹൻദാസിനെ കുറിച്ച് ഇന്നലെ വരെ നല്ലത് പറഞ്ഞ, ഒന്നിച്ച് കെട്ടി പിടിച്ച് പ്രചാരണങ്ങൾ നയിച്ച അൻവറിന് വഴി അൽപ്പം മാറിയപ്പോൾ അതേയാൾ ആർ.എസ്‌.എസ് അത്രേ..

മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താ സമ്മേളനമാണ് ഒറ്റക്ക് ഡ്രൈവ് ചെയ്ത് പോയിരുന്ന അൻവറിനെ ചെറിയ ദിവസങ്ങൾക്കകം ഈ നിലയിൽ എത്തിച്ചത്. അതിലദ്ദേഹം പാർടിയെ ധിക്കരിച്ച് തുടർച്ചയായി വാർത്താ സമ്മേളനം നടത്തുന്ന അൻവറിനെ കുറിച്ച് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി 'അൻവറിന്റേത് കോൺഗ്രസ് പാരമ്പര്യമാണല്ലോ. കമ്യൂണിസ്റ്റ് പാർടിയുടെ അച്ചടക്കം അൻവറിന് അറിവുണ്ടാകില്ല' എന്ന് പറയുകയുണ്ടായി. അത് വേണ്ടിയിരുന്നില്ല എന്ന് അന്നും ആ ദിവസങ്ങളിലും തോന്നലുണ്ടായിരുന്നു. എന്നാൽ അളന്ന് മാത്രം മിണ്ടുന്ന പിണറായി വിജയന്റെ വാക്കുകൾ എത്രമാത്രം ശരിയാണ് എന്നതാണ് പിന്നീടുള്ള ദിവസങ്ങളിൽ അൻവർ തന്നെ തെളിയിച്ചത്.

നില തെറ്റിയപ്പോൾ മതത്തെ മറയാക്കുന്ന തെമ്മാടിക്ക് ലഭിക്കാവുന്ന ഏറ്റവും ചെറിയ വിമർശനമാണ് അയാളുടെ പാരമ്പര്യം കോൺഗ്രസ് ആണല്ലോ എന്നത്. സി.പി.ഐ.എമ്മിൽ നിന്ന് സി.പി.ഐ.എമ്മിനോളം വലുതായെന്ന് കരുതിയ നേതാക്കൾ പോലും പാർടി പിളർത്തി പോയിട്ടുണ്ട്. അവരിൽ ഭൂരിഭാഗം പേരും ജീവിത സായാഹ്ന കാലത്ത് പാർടി കൊടി ആശിച്ച് പാർടിയുടെ ചുവട്ടിൽ തന്നെ എത്തപ്പെട്ടിട്ടുമുണ്ട്.

ഇന്ന് മലപ്പുറത്ത് അൻവറിന്റെ പൊതുസമ്മേളനം നടന്നു. പ്രതീക്ഷിച്ചത് പോലെ തന്നെ തെറ്റില്ലാത്ത പങ്കാളിത്തവുമുണ്ടായി. കിലോമീറ്ററുകൾ ദൂരെ നിന്ന് കോൺഗ്രസുകാരും ലീഗുകാരും ജമാ അത്തെ ഇസ്ലാമിക്കാരുമൊക്കെ വണ്ടി പിടിച്ച് പരിപാടിയിൽ പങ്കെടുത്തു. പല ചാനലുകളിലും അവർ നിഷ്കളങ്കമായി അവരുടെ വലതു പക്ഷ രാഷ്ട്രീയ അനുഭാവം തുറന്ന് പറഞ്ഞു. ഉറപ്പായും ചില ഇടതുപക്ഷ അനുഭാവികളും പങ്കെടുത്തു കാണണം.

കഴിഞ്ഞ അഞ്ച് മാസങ്ങൾ മാത്രമെടുത്താൽ അൻവർ പറഞ്ഞ 100 ആരോപണങ്ങളിൽ എഴുപത്തി അഞ്ചെണ്ണം വി.ഡി സതീശനും കോൺഗ്രസിനുമെതിരെയാണ്. എന്നാൽ പിണറായി വിജയനും കമ്യൂണിസ്റ്റ് പാർടിക്കും പോലീസിനും നേരെ പറഞ്ഞ അഞ്ച് ആരോപണങ്ങളാണ് അൻവറിന്റെ പരിപാടിയിലെ 99% ആളുകളെയും അവിടെ എത്തിച്ചത്.

പി.സി ജോർജ്ജ് വലത് രാഷ്ട്രീയത്തിന്റെയും കേരള കോൺഗ്രസിന്റെ സമുദായ രാഷ്ട്രീയത്തിന്റെയും മർമ്മമറിഞ്ഞ നേതാവായിരുന്നു. അങ്ങനെയൊരാൾ പോലും ഇന്ന് ഗതി കിട്ടാത്ത പ്രേതം പോലെ ബിജെപിയിൽ ചെന്നടിഞ്ഞു. അൻവറിന് ചിലപ്പോൾ ഈ ഓളത്തിൽ പരമാവധി ഒരു നിയമ സഭാ തെരഞ്ഞെടുപ്പ് കൂടി ജയിച്ച് ഒരു വൺ ടൈം പി. സി ജോർജ്ജാകാൻ പറ്റുമായിരിക്കും, എന്നാൽ മലപ്പുറത്തെ സി.പി.ഐ.എമ്മിന്റെ അര ശതമാനം അണികളെ പോലും കൂടെ കൂട്ടാൻ അയാൾക്ക് സാധിക്കില്ല എന്നത് കട്ടായം. ഇന്ന് അണി നിരന്ന കോൺഗ്രസ് - ലീഗ് അണികളുടെ നേതാവായി ആ പാർടിയിലേക്ക് പോയാൽ ഒരു വലതുപക്ഷ നേതാവായി ശിഷ്ടകാലം തുടരാൻ സാധിക്കുമായിരിക്കും.

Courtesy FB

കണ്ണിൽ ചോരയില്ലാത്ത കോർപ്പറേറ്റ് തൊഴിൽ ചൂഷണത്തിന്റെ രക്തസാക്ഷിയാണ് അന്ന. സ്കൂളിലും കോളേജിലുമെല്ലാം ഒന്നാം സ്ഥാനക്കാരിയായ...
24/09/2024

കണ്ണിൽ ചോരയില്ലാത്ത കോർപ്പറേറ്റ് തൊഴിൽ ചൂഷണത്തിന്റെ രക്തസാക്ഷിയാണ് അന്ന. സ്കൂളിലും കോളേജിലുമെല്ലാം ഒന്നാം സ്ഥാനക്കാരിയായ ഒരു മിടുക്കി പെൺകുട്ടിയുടെ ജീവിതമാണ് വിടരും മുമ്പേ പൊലിഞ്ഞത്. അന്ന സെബാസ്റ്റ്യൻ പേരയിലിന്റെ വീട് സന്ദർശിച്ചു.
ഏണസ്റ്റ് ആൻഡ് യംഗ്(EY) എന്ന ബഹുരാഷ്ട്ര കമ്പനിയിൽ ചാർട്ടേഡ് അക്കൗണ്ടൻറ് ആയിരുന്ന അന്നയുടെ മരണം ഇതിനകം രാജ്യമാകെ ചർച്ചയായി കഴിഞ്ഞു. 15- 16 മണിക്കൂർ വരെ പ്രതിദിനം അന്നയ്ക്ക് ജോലി ചെയ്യേണ്ടി വന്നിരുന്നുവെന്നും അമിത ജോലിഭാരം മൂലമുള്ള ഹൃദയസ്തംഭനമാണ് മരണത്തിന് കാരണമായതെന്നും ചൂണ്ടിക്കാണിച്ച് അന്നയുടെ അമ്മ EY ചെയർമാന് അയച്ച കത്ത് കോർപ്പറേറ്റ് മേഖലയിലെ മനുഷ്യത്വരഹിതമായ ചൂഷണത്തിന്റെ വെളിപ്പെടുത്തലാണ്.
അന്നയുടെ മരണം ഒട്ടേറെ വസ്തുതകൾ വ്യക്തമാക്കുന്നുണ്ട്. കായികാധ്വാനം നടത്തുന്നവർ മാത്രമാണ് തൊഴിലാളി വർഗ്ഗത്തിൽ ഉൾപ്പെടുന്നവരെന്നും ബൗദ്ധികമായി അധ്വാനിക്കുന്നവർ അതിന്റെ ഭാഗമല്ലെന്നുമുള്ള ചിലരുടെ ചിന്തയെ തുറന്നു കാണിക്കുന്നതാണ് അന്ന ഉൾപ്പെടെ വൈജ്ഞാനിക - വിവര വിനിമയ തൊഴിൽ മേഖലകളിൽ പണിയെടുക്കുന്നവർ നേരിടുന്ന വിവരണാതീതമായ ചൂഷണം. അക്ഷരാർത്ഥത്തിൽ അവരുടെ അധ്വാനത്തെ ഊറ്റുകയാണ് കോർപ്പറേറ്റ് മുതലാളിത്തം. അങ്ങനെ പിഴിഞ്ഞൂറ്റിയാണ് അവർ കൊള്ളലാഭം ഉണ്ടാക്കുന്നത്. എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം, എട്ടു മണിക്കൂർ വിനോദം എന്ന ലോകമാകെയുള്ള തൊഴിലാളി വർഗ്ഗത്തിന്റെ മുദ്രാവാക്യവും അതിനായി നടന്ന സമരങ്ങളും അതിന്റെ ഫലമായി ഉണ്ടായ നിയമങ്ങൾ നൽകുന്ന പരിരക്ഷയുമെല്ലാം തൊഴിലാളികൾ കൈവരിച്ചതിനെ നിഷ്ഫലമാക്കുകയാണിപ്പോൾ. തൊഴിൽ നിയമങ്ങൾ നൽകുന്ന പരിരക്ഷയിൽ മോദി ഗവൺമെൻറ് വെള്ളം ചേർക്കുകയും കോർപ്പറേറ്റ് ചൂഷണത്തിന് തൊഴിലാളികളെ എറിഞ്ഞു കൊടുക്കുകയും ചെയ്യുന്ന ഇന്നത്തെ പരിതസ്ഥിതിയിൽ ഈ മരണം ഉയർത്തുന്ന പ്രശ്നങ്ങൾ വളരെ ഗൗരവമുള്ളതാണ്. ജോലിഭാരം താങ്ങാൻ വീട്ടുകാർ പഠിപ്പിക്കുകയാണ് വേണ്ടതെന്ന കേന്ദ്ര ധന മന്ത്രി നിർമ്മല സീതാരാമന്റെ പ്രസ്താവന ഹൃദയശൂന്യമാണ്. ഇതേ മന്ത്രിയാണ്, സവാള വില കൂടിയപ്പോൾ ഞാൻ സവാള കഴിക്കില്ല അതിനാൽ അതിന്റെ വില കൂടിയ കാര്യം തനിക്കറിയില്ല എന്ന് പറഞ്ഞത്. കോർപ്പറേറ്റ് കമ്പനിയിലെ ജോലിയിൽ നിന്ന് ധനമന്ത്രി പദത്തിലേറിയ നിർമലാ സീതാരാമൻ കോർപ്പറേറ്റ് ചൂഷണത്തെ ന്യായീകരിക്കുന്നതിൽ ഒട്ടും അത്ഭുതമില്ല. കേന്ദ്ര സർക്കാരും അതിലെ ധനമന്ത്രിയും പ്രതിനിധീകരിക്കുന്നത് മനുഷ്യത്വരഹിതമായ കോർപ്പറേറ്റ് മുതലാളിത്തത്തിന്റെ വർഗ്ഗ താൽപര്യങ്ങളെയാണ്. അന്നയുടെ അച്ഛൻ പറഞ്ഞതുപോലെ, ഇനിയൊരു കുട്ടിക്കും ഈ സ്ഥിതി ഉണ്ടാവരുത്. അതിനായി തൊഴിൽ ചൂഷണത്തിനും അതിനെ സാധൂകരിക്കുന്ന നയങ്ങൾക്കുമെതിരായ പോരാട്ടം ശക്തിപ്പെടുത്തുക മാത്രമേ പോംവഴിയുള്ളൂ.

സ. എം ബി രാജേഷ്

സിപിഐ എം പൊളിറ്റ്‌ബ്യൂറോ പുറപ്പെടുവിക്കുന്ന അനുശോചനസന്ദേശം __________________________________ദേശീയരാഷ്‌ട്രീയം നിർണായകഘട്...
12/09/2024

സിപിഐ എം പൊളിറ്റ്‌ബ്യൂറോ പുറപ്പെടുവിക്കുന്ന അനുശോചനസന്ദേശം
__________________________________
ദേശീയരാഷ്‌ട്രീയം നിർണായകഘട്ടത്തിൽ എത്തിനിൽക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ സീതാറാം യെച്ചൂരിയുടെ അകാല വിയോഗം സിപിഐ എമ്മിന്‌ കനത്ത ആഘാതവും ഇടതുപക്ഷ, ജനാധിപത്യ, മതനിരപേക്ഷ ശക്തികൾക്ക്‌ വേദനാജനകമായ നഷ്ടവുമാണ്. സിപിഐ എമ്മിന്റെ ഏറ്റവും ഉന്നതനേതാവായിരുന്ന അദ്ദേഹം ഇടതുപക്ഷത്തിന്റെ പ്രഗത്ഭനായ നായകനും പ്രമുഖ മാർക്‌സിസ്‌റ്റ്‌ സൈദ്ധാന്തികനുമായിരുന്നു. 1974ൽ വിദ്യാർഥിപ്രസ്ഥാനത്തിന്റെ ഭാഗമായ അദ്ദേഹം 1975ൽ സിപിഐ എം അംഗമായി. 2015ൽ നടന്ന 21-ാം കോൺഗ്രസ്‌ മുതൽ പാർടി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു.

മൂന്ന്‌ പതിറ്റാണ്ടിലേറെയായി പാർടി കേന്ദ്രത്തിൽ നേതൃനിരയുടെ ഭാഗമായി പ്രവർത്തിച്ചുവന്ന അദ്ദേഹം കാലാകാലങ്ങളിൽ പാർടിയുടെ രാഷ്‌ട്രീയ നിലപാട്‌ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക്‌ വഹിച്ചു. പ്രത്യയശാസ്‌ത്രമേഖലയിൽ സീതാറാം യെച്ചൂരി സവിശേഷ പങ്ക്‌ വഹിച്ചു. സോഷ്യലിസത്തിനേറ്റ തിരിച്ചടികളുടെ പശ്‌ചാത്തലത്തിൽ 14-ാം കോൺഗ്രസിൽ പാർടിയുടെ പ്രത്യയശാസ്‌ത്ര നിലപാടുകൾ ഉറപ്പിക്കാൻ ‘ചില പ്രത്യയശാസ്‌ത്ര പ്രശ്‌നങ്ങളെക്കുറിച്ച്‌’ എന്ന പേരിൽ പ്രമേയം അംഗീകരിച്ചു. പാർടി കോൺഗ്രസിൽ ഈ പ്രമേയം അവതരിപ്പിച്ചത്‌ സീതാറാം യെച്ചൂരിയാണ്‌. 2012ൽ നടന്ന 20-ാം പാർടി കോൺഗ്രസിൽ പ്രത്യയശാസ്‌ത്ര നിലപാടുകൾ നവീകരിച്ചപ്പോൾ ആ പ്രമേയത്തിന്റെ മുഖ്യ അവതാരകനും അദ്ദേഹമായിരുന്നു.
അടുത്ത കാലത്തായി സീതാറാം യെച്ചൂരി തന്റെ സമയത്തിന്റെയും ഊർജത്തിന്റെയും ഏറിയ പങ്കും ചെലവിട്ടത്‌ മതനിരപേക്ഷ പ്രതിപക്ഷ പാർടികളുടെ വിശാലമായ ഐക്യം രൂപപ്പെടുത്താനാണ്‌, ഇതാണ്‌ ഇന്ത്യ കൂട്ടായ്‌മയായി മാറിയത്‌. സിപിഐ എം പിന്തുണച്ച ഐക്യമുന്നണി, യുപിഎ സർക്കാരുകളുടെ കാലത്ത്‌ കൂടിയാലോചനകളിൽ പാർടിയെ പ്രതിനിധാനം ചെയ്‌തവരിൽ പ്രധാനിയാണ്‌ സീതാറാം യെച്ചൂരി. രാഷ്‌ട്രീയ വ്യത്യാസത്തിന്‌ അതീതമായും, സമൂഹത്തിന്റെ നാനാതുറകളിലും അദ്ദേഹത്തിന്‌ വിപുലമായ സുഹൃദ്‌വലയമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ രാഷ്‌ട്രീയ സത്യസന്ധതയും പ്രതിബദ്ധതയും അങ്ങേയറ്റം ആദരം നേടി.

പ്രിയ സഹപ്രവർത്തകന്റെ വിയോഗത്തിൽ, ചെങ്കൊടി താഴ്‌ത്തി അനുശോചനം പ്രകടിപ്പിക്കുന്നു. ചൂഷണരഹിതമായ സമൂഹം കെട്ടിപ്പടുക്കാനുള്ള പോരാട്ടം കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ പാർടി പ്രവർത്തകരോട്‌ ആഹ്വാനം ചെയ്യുന്നു. അദ്ദേഹത്തിന്‌ ആദരാഞ്‌ജലി അർപ്പിക്കാൻ ഏറ്റവും മികച്ച വഴി ഇതാണ്‌. സീതാറാം യെച്ചൂരിയുടെ ഭാര്യ സീമ, മകൾ അഖില, മകൻ ഡാനിഷ്‌, സഹോദരൻ ശങ്കർ എന്നിവരെയും ഇതര കുടുംബാംഗങ്ങളെയും അഗാധമായ അനുതാപവും അനുശോചനവും അറിയിക്കുന്നു.

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും  സ്വാതന്ത്ര്യസമര സേനാനിയും  പ്രക്ഷോഭകനും പുരോഗമന പ്രസ്ഥാനത്തിന...
19/08/2024

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും സ്വാതന്ത്ര്യസമര സേനാനിയും പ്രക്ഷോഭകനും പുരോഗമന പ്രസ്ഥാനത്തിന്റെ അമരക്കാരനുമായിരുന്ന സഖാവ് പി കൃഷ്ണപിള്ള നമ്മെ വിട്ടുപിരിഞ്ഞിട്ട് 76 വർഷം പൂർത്തിയാകുന്നു. 42 വയസ്സുവരെമാത്രം ജീവിച്ച സഖാവ് പി കൃഷ്ണപിള്ളയുടെ പേര് കേരള ചരിത്രത്തിൽ സുവർണലിപികളാൽ ആലേഖനം ചെയ്യപ്പെട്ടതാണ്. ഏകദേശം 20 വർഷമാണ് പി കൃഷ്ണപിള്ള പൊതുരംഗത്ത് പ്രവർത്തിച്ചത്. എന്നാൽ അസാധാരണമായ സംഘടനാ വൈഭവത്തിന്റെ ഉടമയായിരുന്ന അദ്ദേഹം ജനങ്ങളുമായി അത്രയധികം ഇഴുകിച്ചേർന്നു പ്രവർത്തിച്ചതിനാൽ ‘സഖാവ്' എന്നത് അദ്ദേഹത്തിന്റെ പേരായിത്തന്നെ മാറി.

1906ൽ വൈക്കത്താണ് സഖാവ് ജനിച്ചത്. പല ജോലികൾ ചെയ്തതിനുശേഷം 1927ൽ ബനാറസിൽ എത്തി. അവിടെനിന്ന് ഹിന്ദി പഠിച്ചശേഷം ഹിന്ദി പ്രചാരകനായി ജോലിയിൽ പ്രവേശിച്ചു. തുടർന്നാണ് പൊതുപ്രവർത്തനത്തിന്റെ മാർഗത്തിലൂടെ സഖാവ് സഞ്ചരിക്കാൻ തുടങ്ങിയത്. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലൂടെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയിലേക്ക്‌, തുടർന്ന് കമ്യൂണിസ്റ്റ് പാർടിയിലേക്ക് എന്ന ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളുടെ രീതിയിലൂടെയാണ് കൃഷ്ണപിള്ളയും പാർടിയിൽ എത്തിച്ചേരുന്നത്. 1937ൽ കേരളത്തിൽ രൂപീകരിച്ച കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യത്തെ ഗ്രൂപ്പിൽ അംഗമായിരുന്ന അദ്ദേഹം പിണറായി പാറപ്രത്തുവച്ച് കമ്യൂണിസ്റ്റ് പാർടി രൂപം കൊണ്ടപ്പോൾ അതിന്റെ സെക്രട്ടറിയായി. നാലുപേരടങ്ങുന്ന ആദ്യ സെല്ലിൽനിന്ന് കേരളത്തിലെ ഏറ്റവും വലിയ പാർടിയായി കമ്യൂണിസ്റ്റ് പാർടിയെ വളർത്തുന്നതിന്‌ അടിത്തറയിട്ടത് സഖാവ് പി കൃഷ്ണപിള്ളയാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവെന്ന് ഏതെങ്കിലുമൊരു വ്യക്തിയെ വിശേഷിപ്പിക്കാമെങ്കിൽ അതിനർഹൻ കൃഷ്ണപിള്ളയാണെന്ന് ഇഎംഎസ് പറഞ്ഞത് അതുകൊണ്ടാണ്.

ത്യാഗോജ്വലമായ നിരവധി പോരാട്ടങ്ങളുടെ അധ്യായമായിരുന്നു ആ ജീവിതം. ഉപ്പ് സത്യഗ്രഹത്തിനിടെ കോഴിക്കോട് കടപ്പുറത്ത് ത്രിവർണ പതാക വിട്ടുകൊടുക്കാതെ നിന്ന് ബോധംകെടുംവരെ മർദനമേറ്റുവാങ്ങിയത്‌ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ആവേശകരമായ ചിത്രമാണ്‌. ഗുരുവായൂർ സത്യഗ്രഹത്തിന്റെ ഘട്ടത്തിലും സഖാവ് ഭീകരമർദനം ഏറ്റുവാങ്ങി.

1934ൽ കോൺഗ്രസിൽ രൂപംകൊണ്ട കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചു. വർഗ രാഷ്ട്രീയത്തിന്റെ വഴികളിലൂടെ കേരളത്തെ നയിക്കുന്ന പ്രവർത്തനവും അദ്ദേഹം ഏറ്റെടുത്തു. ആലപ്പുഴയിലും കോഴിക്കോട്ടും കണ്ണൂരും തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം നേതൃപരമായ പങ്കു വഹിച്ചു. മലബാറിലെ കർഷക സമരങ്ങൾക്ക് സഖാവ് ഊർജം പകർന്നു. 1940 സെപ്തംബർ 15ന്‌ ഒളിവിലിരുന്ന് മലബാറിലെ മർദന പ്രതിഷേധത്തിന് നേതൃത്വം നൽകി. പിന്നീട് പൊലീസ് അറസ്റ്റുചെയ്ത് ശുചീന്ദ്രം ജയിലിൽ അടച്ചു. 1942 മാർച്ചിലാണ് മോചിപ്പിച്ചത്‌. 1946 വരെ പാർടി കെട്ടിപ്പടുക്കുന്നതിന് കേരളമാകമാനം സഞ്ചരിച്ചു. പരിചയപ്പെടുന്ന ഏവരെയും തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന അസാധാരണമായ ശേഷി കൃഷ്ണപിള്ളയ്ക്ക്‌ ഉണ്ടായിരുന്നു. 1932 ജനുവരിയിൽ കോഴിക്കോട് സബ്ജയിലിൽ വച്ചാണ് ഇഎംഎസും കൃഷ്ണപിള്ളയും ആദ്യം കാണുന്നത്. ഇടതുപക്ഷ ദേശീയവാദിയായ തന്നെ കമ്യൂണിസ്റ്റായി വളർത്തിയത് സഖാവാണെന്ന് ഇഎംഎസ് തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. പിൽക്കാലത്ത് കമ്യൂണിസ്റ്റ് പാർടി നേതാക്കളായി മാറിയ പലരെയും വളർത്തിയെടുക്കുന്നതിൽ കൃഷ്ണപിള്ളയുടെ പങ്ക്‌ സവിശേഷമായിരുന്നു.

1930കളുടെ അവസാനം ഉത്തരവാദ ഭരണത്തിനുവേണ്ടി ആലപ്പുഴയിലെ തൊഴിലാളികൾ നടത്തിയ പണിമുടക്ക് സമരത്തെ നേരിടാനെത്തിയ സർ സി പിയുടെ പൊലീസും പട്ടാളവും ആലപ്പുഴ പട്ടണത്തിൽ ഭീകരാവസ്ഥ സൃഷ്ടിച്ചു. അവിടെ ഒരു നാരങ്ങ കച്ചവടക്കാരന്റെ വേഷത്തിലെത്തിയാണ്‌ സഖാവ് കൃഷ്ണപിള്ള പണിമുടക്കിന് നേതൃത്വം നൽകിയത്‌. പുന്നപ്ര–വയലാർ സമരശേഷം നേതാക്കളെ കൂട്ടത്തോടെ സർ സിപിയുടെ പൊലീസ് തുറുങ്കിലടയ്ക്കുകയും പാർടിയെ നിരോധിക്കുകയും ചെയ്തു. ആ ഘട്ടത്തിൽ തിരുവിതാംകൂറിലെ ജനങ്ങൾക്ക് ശരിയായ നേതൃത്വം നൽകാനാണ് സഖാവ് ആലപ്പുഴയിൽ ഒളിവിൽ പ്രവർത്തിച്ചത്. അതിനിടയിലാണ് അദ്ദേഹത്തിന് പാമ്പ് കടിയേൽക്കുന്നതും മരണം സംഭവിക്കുന്നതും. മരിക്കുന്നത്തിന് മുൻപ് അദ്ദേഹം കുറിച്ച ‘സഖാക്കളേ മുന്നോട്ട്’ എന്ന വാക്കുകൾ കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ ഊർജമായി ഇന്നും നിലനിൽക്കുന്നു.

പി കൃഷ്ണപിള്ളയെപ്പോലുള്ള ത്യാഗധനരായ നേതാക്കളുടെ പ്രവർത്തനഫലമായി നമുക്ക് ലഭിച്ച സ്വാതന്ത്ര്യംപോലും വെല്ലുവിളിക്കപ്പെടുന്ന ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. സംഘപരിവാർ നയിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള മോദി സർക്കാർ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലൂടെ രൂപപ്പെട്ട ഇന്ത്യ എന്ന ആശയത്തെത്തന്നെ ഇല്ലാതാക്കുകയാണ്. സാമ്രാജ്യത്വശക്തികൾ ഉപയോഗിച്ച ഭിന്നിപ്പിക്കൽ തന്ത്രമാണ്‌ സംഘപരിവാർ നടപ്പാക്കുന്നത്‌. കോർപറേറ്റ്‌ നയങ്ങൾക്കെതിരായി ജനകീയ ചെറുത്തുനിൽപ്പുയരുന്ന ഘട്ടത്തിലാണ് അവർക്കുവേണ്ടിക്കൂടി വർഗീയ ധ്രുവീകരണ അജൻഡ സംഘപരിവാർ നടപ്പാക്കുന്നത്. സംഘപരിവാറിന്റെ ഈ നയങ്ങളെ ഇന്ത്യൻ ജനത ശക്തമായി പ്രതിരോധിക്കുന്ന കാലം കൂടിയാണിത്.

ആധുനിക കേരളത്തിനായി പൊരുതിയ കമ്യൂണിസ്റ്റ് പാർടിയുടെ ഇടപെടലാണ് ലോകം മുഴുവൻ ശ്രദ്ധിക്കുന്ന നാടായി കേരളത്തെ മാറ്റിയത്. അതിന് കമ്യൂണിസ്റ്റ് പാർടിയെ പ്രാപ്തമാക്കുന്നതിന് കൃഷ്ണപിള്ളയുടെ സംഘടനാ പാടവത്തിനു വലിയ പങ്കുണ്ട്. നവകേരളം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനവുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്ന ഘട്ടംകൂടിയാണ്‌ ഇത്. കോർപറേറ്റ്–ഹിന്ദുത്വ-അമിതാധികാര പ്രവണതയ്‌ക്കെതിരായി ജനകീയ ബദൽ ഉയർത്തിയാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്. ആ സർക്കാരിനെ ദുർബലപ്പെടുത്തുന്നതിന്‌ കേന്ദ്ര സർക്കാർ സാമ്പത്തിക ഉപരോധമടക്കം ഏർപെടുത്തുകയാണ്‌. സംസ്ഥാനത്തെ ഞെക്കിക്കൊല്ലുന്ന നിലപാട് കേന്ദ്ര സർക്കാർ സ്വീകരിക്കുമ്പോഴും അക്കാര്യത്തിൽ പ്രതികരിക്കാതെ അവരെ സഹായിക്കുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്. സംസ്ഥാനത്തിന്റെ അധികാരങ്ങൾ ഒന്നൊന്നായി കേന്ദ്രം കവർന്നെടുക്കുന്ന ഈ ഘട്ടത്തിൽപ്പോലും നാടിന്റെ താൽപ്പര്യത്തിനായി യോജിച്ചുനിൽക്കാൻ യുഡിഎഫ്‌ തയ്യാറാകുന്നില്ല.

പ്രകൃതിദുരന്തത്തിന്റെ ആഘാതത്തിലൂടെ കേരളം കടന്നുപോകുന്ന സാഹചര്യത്തിലാണ് നാം ഇത്തവണ സഖാവ് കൃഷ്‌ണപിള്ളയുടെ സ്മരണ പുതുക്കുന്നത്. വയനാട്ടിലെ അപ്രതീക്ഷിത ഉരുൾപൊട്ടൽ നേരിടാനും അതിന് ഇരയായവരെ പുനരധിവസിപ്പിക്കുവാനുമായി നാടാകെ കൈകോർക്കുകയാണ്. ദുരന്തമുഖത്ത് പകച്ചുനിൽക്കാതെ സംസ്ഥാന സർക്കാർ രക്ഷാപ്രവർത്തനങ്ങളും–ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നു. എന്നാൽ ഈ ദുരന്ത കാലത്തും കേരളത്തോടുള്ള അവഗണനയും വിദ്വേഷവും കേന്ദ്ര സർക്കാർ തുടരുകയാണ്. രാജ്യത്തെ ശാസ്ത്രജ്ഞരോടും വിദഗ്ധരോടും കാലാവസ്ഥാ മുന്നറിയിപ്പ് സംബന്ധിച്ച് കേരള സര്‍ക്കാരിനെ വിമര്‍ശിച്ച് ലേഖനം എഴുതാന്‍ പരിസ്ഥിതി മന്ത്രാലയവും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും നിര്‍ദേശം നല്‍കിയെന്ന വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. സമാനതകളില്ലാത്ത ഒരു ദുരന്തത്തിൽ നിന്ന് മനുഷ്യരെ കൈ പിടിച്ചുകയറ്റാനും കണ്ണീരൊപ്പാനും എല്ലാവരും ചേർന്ന് ശ്രമിക്കുകയാണിവിടെ. പക്ഷേ ഇത്രയും വലിയ ദുരന്തമുഖത്തും കേന്ദ്ര സര്‍ക്കാര്‍ അവരുടെ രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നത്. നേരത്തെ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് മുന്നറിയിപ്പ് നല്‍കിയെന്ന അമിത് ഷായുടെ കള്ളം പൊളിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഒരു നാടാകെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കേരളത്തിനെതിരെ നടത്തിയ ഗൂഢാലോചനയും പുറത്ത് വന്നത്.

വയനാട്ടിലെ അതിദാരുണ ദുരന്തത്തിന് ഇരയായവർക്ക്‌ ആശ്വാസംപകരാൻ കക്ഷിരാഷ്‌ട്രീയ ഭേദമന്യേ എല്ലാവരും സഹായമെത്തിക്കേണ്ട സമയമാണിത്. വയനാടിനെ പുനർനിർമിക്കാൻ എല്ലാവരും രംഗത്തിറങ്ങണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ എല്ലാവരും കഴിയുന്ന സഹായം എത്തിക്കണം. സിപിഐ എം സംസ്ഥാന കമ്മിറ്റി ആദ്യഘട്ടമെന്ന നിലയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ 25 ലക്ഷം രൂപ സംഭാവന നൽകി. കൂടാതെ എല്ലാ പാർടി ഘടകങ്ങളോടും സംഭാവന നൽകാൻ നിർദേശിച്ചിട്ടുമുണ്ട്. എൽഡിഎഫ്‌ എംഎൽഎമാരും എംപിമാരും ഒരുമാസത്തെ ശമ്പളം സംഭാവനായി നൽകി. സഹജീവികളെ കരുതാനുള്ള പ്രയത്നത്തിന് കരുത്തുപകരുംവിധം എല്ലാവരും രംഗത്തിറങ്ങണം. അതിജീവനപോരാട്ടങ്ങൾക്ക് എന്നും ഊർജസ്രോതസ്സായ സഖാവ് പി കൃഷ്‌ണപിള്ളയുടെ സ്‌മരണ എല്ലാ വെല്ലുവിളികളെയും നേരിടാൻ നമുക്ക് കരുത്താകും.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

Address


Website

Alerts

Be the first to know and let us send you an email when DYFI Eraviperoor Block posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share