04/08/2025
*കൃഷി കൂടുതൽ സ്മാർട്ട് ആകണം : കൃഷിമന്ത്രി പി പ്രസാദ്*
കൃഷിയിൽ ആധുനികതയെയും സാങ്കേതികവിദ്യകളേയും യന്ത്രങ്ങളെയും ഉപയോഗപ്പെടുത്തി കൃഷി കൂടുതൽ സ്മാർട്ട് ആക്കണമെന്നും ആർട്ടിഫിഷ്യൽ ഇന്റലിജെൻസും ഇന്റർനെറ്റ് ഓഫ് തിങ്‌സും സാങ്കേതിക രംഗത്തേക്ക് കടന്നുവരികയാണെന്നും കൃഷിയിൽ ഇതിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. കഞ്ഞിക്കുഴിയിൽ അനുവദിച്ച കൃഷി ഭവൻ സബ് സെന്റർ ഉദ്ഘാടനം കർമ്മ സേന ഓഫീസിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഡ്രോൺ സാങ്കേതികവിദ്യയിലൂടെ വിത്തുകൾ വിതക്കാനും 40 ശതമാനത്തിലധികം വിത്തുകൾ ലാഭിക്കുവാനും മികച്ച വിളവെടുപ്പ് നേടാനും കഴിഞ്ഞു. കൃഷിയും കൃഷിയിടങ്ങളും സ്മാർട്ട് ആകേണ്ടതുണ്ട്. കൃഷി ഉദ്യോഗസ്ഥരുടെ സേവനം സ്മാർട്ട് ആവുമ്പോൾ കൃഷിഭവനും സ്മാർട്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പകുതിയിൽ കൂടുതൽ രോഗങ്ങളുടെ കാരണം ഭക്ഷണമാണ്. ഭക്ഷണത്തിൽ അതിയായ ശ്രദ്ധ കേന്ദ്രീകരിക്കണം. വിഷരഹിതമായ ഭക്ഷണം ഏറ്റവും പ്രധാനപ്പെട്ട അജണ്ടയായി മാറണമെന്നും പറഞ്ഞു. ഓരോ വീടിന്റെയും മുദ്രാവാക്യം വിഷരഹിതമായ ഭക്ഷണമായിരിക്കണമെന്നും മന്ത്രി പറഞ്ഞു. സാധ്യമാകുന്ന എല്ലായിടത്തും കൃഷി ചെയ്യുന്നതിനും കർഷകരെ ചേർത്തുനിർത്തുന്നതിനും കഞ്ഞിക്കുഴി മാതൃകയാണ് . കഞ്ഞിക്കുഴിയുടെ സമഗ്രമായ ആരോഗ്യകരമായ മുന്നേറ്റത്തിന് വേണ്ടി ആക്ഷൻ പ്ലാൻ തയ്യാറാക്കണമെന്നും മന്ത്രി പറഞ്ഞു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് അഡ്വ എം സന്തോഷ് കുമാർ സ്വാഗതവും കൃഷി ഡെപ്യൂട്ടി ഡയറക്ടർ മായ ഗോപാലകൃഷ്ണൻ പദ്ധതി വിശദീകരണവും നടത്തി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ കമലമ്മ, ജ്യോതി മോൾ എസ്, ചേർത്തല കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഷൈജ കെ എസ്,കർഷകൻ ജി. ഉദയപ്പൻ കൃഷി ഓഫീസർ റോസ്മി ജോർജ്, രവി പാലത്തിങ്കൽ,ആസൂത്രണ സമിതിയംഗങ്ങളായ എം.ഡി. സുധാകരൻ, ആർ.രവിപാലൻ, കെ.എൻ. കാർത്തികേയൻ,എം.ഡി. അനിൽകുമാർ ,ഗോപാലകൃഷ്ണപിള്ള , കെ.സി.വേണുഗോപാൽ,െ കെ. കൈലാസൻ പഞ്ചായത്തംഗങ്ങളായ െ ഫെയ്സി വി. ഏറനാട്,മിനി പവിത്രൻ , റ്റി.പി. കനകൻ.ബി. ഇന്ദിര, എ. പുഷ്പവല്ലി, രജനി രവിപാലൻ, കെ.എസ്.സുരേഷ്, ജോളി അജിതൻ, സി.ഡി.എസ് ചെയർ പേഴ്സൻ സുനിതാ സുനിൽ തുടങ്ങിയവർ സംസാരിച്ചു.