22/04/2024
ഉമ്മർ കോയ മാഷ്...സ്നേഹത്തിന്റെ, ആത്മാർത്ഥതയുടെ പര്യായം.
എപ്പോഴും നേരിൻ്റെ പക്ഷത്തു മാത്രം നിലനിന്നിരുന്ന ആളാണ് ഉമ്മർകോയ മാഷ്. ചേന്ദമംഗല്ലൂർ ഗ്രാമത്തിലെ എല്ലാ നന്മകളിലും അദ്ദേഹമുണ്ടായിരുന്നു.
ബാല്യകാലത്ത് ഏറ്റവും സുന്ദരമായ മുദ്രാവാക്യം ഞങ്ങൾ കേട്ടത് ആ മനുഷ്യനിൽ നിന്നാണ് -കമ്മ്യൂണിസ്റ് മാർക്സിസ്റ്റ് പാർട്ടി സിന്ദാബാദ്- എന്നായിരുന്നുവത്. പ്രത്യേക താളത്തിൽ അദ്ദേഹമുയർത്തിയിരുന്ന ആ മുദ്രാവാക്യം ഇന്നും കാതുകളിൽ മുഴങ്ങുന്നുണ്ട്.
അന്നദ്ദേഹം കടുത്ത ഇടതുപക്ഷ സഹയാത്രികനായിരുന്നു. പരന്ന വായന, ഉള്ളു തുറന്ന സൗഹൃദം, ആരോടും പക വെക്കാത്ത പ്രകൃതം...ഇതൊക്കെയായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകകൾ.
ഉമ്മർകോയ മാഷെപ്പോലുള്ള നിഷ്കളങ്കരായ, സ്വാർത്ഥത ലവലേശമില്ലാത്ത ജന്മങ്ങൾ വളരെ അപൂർവമായിരിക്കും.
പഠന കാലത്ത് എനിക്കും ബിച്ചു, മുജീബുല്ല കാസിം എന്നിവർക്ക് ഏറെ ഉപദേശങ്ങൾ നൽകിയിരുന്നു മാഷ്. ഒരിക്കലും അദ്ദേഹത്തിന്റെ നിലപാടുകൾ ശരിയെന്ന് പറയാനായിരുന്നില്ല ഞങ്ങളെ വിളിച്ചതും ഉപദേശിച്ചതും, പകരം ഞങ്ങളുടെ ചില രീതികളെപ്പറ്റിയും വേണ്ട തിരുത്തലുകളെക്കുറിച്ചുമൊക്കെയായിരുന്നു പറഞ്ഞുതന്നിരുന്നത്. അതൊക്കെ കിറുകിറു കൃത്യമായിരുന്നു എന്നത് ജീവിതാനുഭവം.
പിതാവിന്റെ അടുത്ത സുഹൃത്തായിരുന്നതിനാൽ വല്ലാത്ത മാനസിക അടുപ്പം ഞങ്ങൾ തമ്മിലുണ്ടായിരുന്നു. എഴുതി തുടങ്ങിയ കാലത്ത് ഓരോ ലേഖനങ്ങളെക്കുറിച്ചും കൃത്യമായ നിരൂപണം സ്വകാര്യമായി എനിക്ക് പറഞ്ഞു തന്നു.
അദ്ദേഹത്തിന്റെ ആത്മധൈര്യം ഞാൻ നേരിട്ടു കാണുന്നത് വർഷങ്ങൾക്കിപ്പുറമാണ്. എന്റെ പിതാവ് അസുഖ ബാധിതനാവുന്നതിന് മുമ്പേ തന്നെ ഉമ്മർ കോയ മാസ്റ്റർക്ക് രോഗം പിടിപെട്ടിരുന്നു. എങ്കിലും മിക്ക ദിവസവും ബാപ്പക്ക് ധൈര്യം കൊടുക്കാൻ വളരെ ശാന്തനായി അദ്ദേഹം വീട്ടിലെത്തുമായിരുന്നു.
മാസത്തിൽ രണ്ടുതവണയെങ്കിലും ഗൾഫിൽ നിന്ന് വന്നു പിതാവുമായി ലോഗ്യം പറഞ്ഞിരിക്കണമെന്ന് കാര്യകാരണങ്ങൾ നിരത്തി എന്നെ ഓർമിപ്പിച്ചതും അദ്ദേഹം തന്നെ.
നല്ലൊരു സംഘാടകനായിരുന്ന മാഷ് കലാ സാംസ്കാരിക രംഗങ്ങളിലും നിറഞ്ഞു നിന്നു. 70 കളിൽ യുവജന ഗ്രന്ഥാലയം സ്ഥാപിച്ചെടുക്കാൻ ഏറെ യത്നിച്ചതും അക്കാലത്തു ഓരോ വീടുകളിലും നടന്ന പുസ്തകങ്ങൾ ശേഖരിക്കാനായി ഒരു ടീമിനെ വളർത്തിയതും ബാല്യകാല സ്മരണകൾ ഇന്നലെകളിലെപ്പോലെയുണ്ട്.
താങ്കളുടെ വേർപാട് കടുത്ത വേദനയാണ് ഹൃദയത്തിലേക്ക് പടർത്തുന്നത് ...ഒരുപാട് ഓർമ്മകൾ, ഒന്നും എഴുതാനാവുന്നില്ല. പ്രാർത്ഥന മാത്രം